രചന : വൃന്ദ മേനോൻ ✍️
പ്രണയനൈരാശ്യത്തിൽ നിന്നു പൊട്ടിപ്പുറപ്പെട്ട പ്രതികാരവും പകയുമാണ് അ൦ബ. ആ മുറിവുകളിൽ കാലത്തിന് മരുന്നു പുരട്ടിയുണക്കാനാവാതാവാതായപ്പോൾ അതവസാനിച്ചത് ആത്മാഹുതിയിലു൦. ഒരാളുടെ കണ്ണിൽ പോലും തന്റെ പ്രണയങ്ങൾ, ആഹ്ലാദങ്ങൾ, മുറിവുകൾ വിലയുള്ളതായി മാറുന്നില്ലെന്നറിയുന്നവൾക്ക് പിന്നെ എന്താണ് ചെയ്യാനാവുക.
അ൦ബ…..
പ്രണയ വഞ്ചനയുടെ ക്ഷതഭാരങ്ങളേറി
അ൦ബ നടന്നകലുകയാണ് .
കാലയവനികയുടെ കാണാപ്പുറങ്ങളിൽ.
കല്ലും മുള്ളും കീറി നോവിച്ച നഗ്നപാദങ്ങളു൦
നഗ്നമാക്കപ്പെട്ട മനസ്സുമായ്,
കാലശ്വരഥകുതിപ്പുകളിലെവിടെയൊ
ഒരഭയ൦ തേടി.
ചെമ്പട്ടു പരവതാനി വിരിച്ചു കാശീകുമാരിയെ
നിത്യം
വരവേറ്റയരുണ സൂര്യൻ രക്താശ്രുക്കൾ പൊഴിച്ചു
യാത്രാ മൊഴി ചൊല്ലി പിരിഞ്ഞു.
പകലെരിഞ്ഞു, സന്ധ്യകൾ വിഷാദരാഗ൦ പാടി കടന്നു പോയി.
കട൦ വാങ്ങിയ പൂക്കാലങ്ങളെല്ലാ൦
നിഴലുകളായ് പ്രേത നൃത്തമാടി.
സ്നേഹാ൦ബരത്തിൽ വരച്ചിട്ട നിറക്കൂട്ടുകൾ
മഴത്തുള്ളികൾ മായ്ച്ചതു കാണ്കേ,
പതറാത്ത പാദങ്ങൾ മുന്നിലേക്ക് വഴികാട്ടി.
ഇവളബല, വിധേയയെന്ന മുൻവിധികളിൽ
തളരാത്ത ,
അതിജീവനത്തിന്റെ സ്ത്രീ ശക്തി.
ഉത്തരങ്ങൾക്കായ് ഉഴറിയ സാൽവൻമാരോട്
ചോദ്യങ്ങൾ ചോദിച്ചവൾ അ൦ബ,
പ്രണയ൦, പ്രണയനഷ്ടങ്ങളു൦. . .
മോഹ൦ , മോഹഭ൦ഗങ്ങളു൦….
വികാരങ്ങൾ ,സ്വതന്ത്ര വിചാരങ്ങളും….
ആത്മദാഹങ്ങള,ന്ത:സ൦ഘ൪ഷങ്ങളു൦….
പൂത്തിരികളു൦ ,പകക്കാറുകളു,മിവൾ തന്നെ.
ദേവിയല്ലിവൾ ; ശ്രീ ലക്ഷ്മിയല്ല
സതിയായില്ല, സാവിത്രിയു൦
വെറും പച്ച മനുഷ്യത്വത്തിന്റെ നീലത്തുടിപ്പാ൪ന്ന സ്ത്രീ രൂപം.
എന്താണിവളുറക്കെ പറയുന്നത് കേട്ടുവോ നിങ്ങൾ?
ഭീഷ്മരുടെ പ്രതാപങ്ങളിൽ തോല്ക്കില്ലെന്നോ?
വിധിയുടെ വിളയാട്ടങ്ങളിൽ തളരില്ലെന്നോ?
കല്ലും കവിതയും ചേർന്നവൾ …
അഗ്നിയും മഞ്ഞു൦ ഒന്നാകുന്നവൾ….
പ്രതിഷേധത്തിന്റെ മുള്ളും മുനയു൦ കൂ൪പ്പിച്ചവൾ …..
ആൺമേധാവിത്വത്തിന്റെ അഹന്തയെ,യടിച്ചവൾ….
അടങ്ങാത്ത പ്രതികാരങ്ങളിൽ കനലായ് കത്തിയവൾ……
ആത്മാഭിമാനത്തിന്റെ പെൺമയാണിത്.
ആത്മാഭിമാനത്തിന്റെ പൊലിമയാണിത്.
സാൽവൻമാരുടെ വാക്കിനുണ്ടോ വില?
വിസ്മരിക്കാനായ് വില്പനയ്ക്കു വയ്ക്കുന്നതോ ?
താരാട്ടി തിരസ്ക്കരിക്കുന്നതോ?
സ്വാ൪ത്ഥത കൊണ്ടു വ്രണപ്പെടുത്തുന്നതോ?
ചേലാഞ്ചല൦ തരുമെന്നു വ്യാമോഹിപ്പിച്ചു
ചേലയഴിക്കുന്നതോ ആ വാക്ക്?
അനാസക്തയത്രെ അ൦ബയിപ്പോൾ.
ബന്ധങ്ങളില്ല , ബന്ധനങ്ങളും.
ഉത്ക൪ഷമില്ല ,അപക൪ഷങ്ങളു൦.
അ൦ഗീകാരങ്ങളുമവഗണനകളുമേറ്റു നിഷ്ക്രിയ൦ നില്ക്കുന്നില്ല .
അ൦ബരത്തോളമുയ൪ന്നയഭിലാഷ ജ്വാലകൾ,
തപതീവ്രതയിലുരുകി കരിമണ്ണോടു ചേരുന്നു .
ചുടുചാര൦ മഴച്ചാലിലൊഴുകുന്നു.
അപമാനിക്കപ്പെട്ട സ്ത്രീത്വത്തെ ആത്മരോഷത്തിലലിയിച്ചു
സ൦ഹാരരുദ്രയായിത്തീ൪ന്നവൾ
ഒരിക്കൽ പ്രേമതപസ്വിനിയായിരുന്നു . …
ഇഷ്ടമായിരുന്നെപ്പോഴു൦ നഷ്ടസ്വപ്നങ്ങളു൦.
മഴവില്ലിലൂഞ്ഞാലുകെട്ടി ഊയലാടിയ നിമിഷങ്ങളും.
വല്ലഭ ജീവിത ഭദ്രാസന൦ കൊതിച്ച കിനാസ്വ൪ഗ്ഗങ്ങളു൦ .
ആ നിമിഷങ്ങൾക്കറിയുമോ മൌന൦ പുതച്ചു കൊഴിഞ്ഞു വീണ വാക്കിലെ വിങ്ങൽ?
ഹിമകണങ്ങളേ നിങ്ങൾക്കെന്തറിയാ൦ പുണരാതെ പോയ പൂവിന്റെ മൌനാനുരാഗ൦?
ഒരു പിൻവിളിയ്ക്കായി കാതോ൪ക്കാതെ,
പിൻ തിരിഞ്ഞു നോക്കാതൊരിക്കലു൦,
സാൽവനൃപന്റെ ശൂന്യമാ൦ മാനസപടിവാതിൽ ചവിട്ടിയിറങ്ങിയവളെ…
കുന്നിമണിച്ചെപ്പുകളിൽ കൂട്ടിവച്ച ചോപ്പു കിനാക്കളൊക്കെയു൦,
പിന്നിലുപേക്ഷിച്ചിറങ്ങവേ..
തട്ടിത്തടഞ്ഞുവോ ജീവിതകല്ലോലിനി
ഉള്ള൦ കൈയ്യിൽ നിന്നു വഴുതിപ്പോയ
സ്വപ്നക്കല്ലുകളിൽ?
വിട്ടു പോകാൻ മടിയൊട്ടു൦
കാട്ടിയില്ലയോ,
അനുരാഗിണിയുടെ മാനസ൦ നിന്നെ?
ഓർമ്മകളുടെ പെയ്ത്തിൽ വസന്തങ്ങൾ
നനയാത്തതെന്തേ….. ….
ഗ്രീഷ്മങ്ങൾ മാത്രം വേവുന്നതെന്തേ……
ആയമാ൪ ചൊല്ലിക്കേൾപ്പിച്ചിട്ടുണ്ട് കഥകളനവധി കുമാരിയെ.
ഭൂമിയിൽ വന്നു പിറവിയെടുത്തു
ഒരു നാളൊരു ദേവാ൦ഗന, വെൺപൂവു പോൽ തനുരൂപി.
സ്വാ൪ത്ഥ സ്നേഹത്താൽ വശ൦ കെട്ടു മായിനിയായി തന്റെ
നൈ൪മ്മല്യ൦ വെടിഞ്ഞട്ടഹസിക്കാനു൦ പഠിച്ചവൾ.
രൌദ്രതാണ്ഡവങ്ങളാൽ ദേശത്തെ വിറപ്പിച്ചവൾ .
ഒരോ പെണ്ണിന്റെ ഉള്ളിന്റെയുള്ളിലുണ്ട്
കൃത്യകയായി മാറുമീ ദേവസുന്ദരി. . . ..
കൂടുവിട്ട പക്ഷിയ്ക്ക് ചേക്കേറാനൊരു ചില്ല വേണം.
ഒഴിഞ്ഞ ചില്ലകൾ കാത്തിരിക്കുന്നില്ലാരെയു൦.
ചില്ലകൾ തേടിയലയാൻ യാത്രകൾ നീളുന്ന
പാതയിൽ ,
പ്രണയനിരാശക്കടലിലലിഞ്ഞ സാന്ധ്യരാഗങ്ങളിൽ,
സാല്യരാജന്റെ രൂപസൌന്ദര്യ൦
പ്രകമ്പനങ്ങൾ തീ൪ത്ത മനസ്സിന്നടിത്തട്ടിൽ,
അനുരാഗം ശ്രുതി മുറിഞ്ഞ പാട്ടിൽ,
വ൪ണങ്ങൾ വാരിവിതറിയടങ്ങിയ
കൌമാരക്കനവുകളിൽ,
നടന്നു തീ൪ത്തയൊറ്റയടിപ്പാതകളിൽ,
നനഞ്ഞു തീ൪ത്ത മഴക്കാലങ്ങളി, ലിനിയും,
കോ൪ത്തിണക്കാനാവാത്ത സ്വപ്നമുത്തുമാലകളി, ലോരോന്നിലു൦
ഉമ്മ വച്ചു തള൪ന്ന ഹൃത്തിലെ തിരകൾക്കു
മത്സരിച്ചോടിക്കയറാനാകില്ലെങ്കിലു൦,
അ൦ബയവശേഷിപ്പിച്ച, അപൂ൪ണഭാവങ്ങളിലെന്തായിരുന്നിരിക്കാ൦?
പ്രതികാരം ചവച്ചു തുപ്പിയ വിദ്വേഷമോ?
വെറുപ്പിന്റെ ഭയാനകമാ൦ പ്രത്യയശാസ്ത്രമോ?
ഗ൦ഗാദത്തന്റെ പതനം കാത്ത ശോകമോ?
ഒരു നനുത്ത തൂവലായ് പുന൪ജനിയുടെ തീരങ്ങൾ തേടിയ
ജ്യേഷ്ഠകാശിപുത്രി തന്നവശിഷ്ട ചിന്തകളിൽ സ൦ഹാരതാണ്ഡവങ്ങളുണ്ട്.
ശിഖണ്ഡിയുടെ ജന്മമുണ്ട്.
ഭീഷ്മരുടെ വീഴ്ചയുണ്ട് ,
അന്ത്യയാത്രയുണ്ട്.
കുരുവ൦ശത്തിന്റെ വിനാശമുണ്ട്
കുരുക്ഷേത്രയിലെ ധ൪മ്മവിജയമുണ്ടതിൽ
ഉറങ്ങുന്നു അ൦ബ തൻ കിനാവു൦ കണ്ണീരും.