രചന : ശ്രീകുമാർ എം പി✍
കുട്ടിയ്ക്കു കുട്ടിക്കളികളില്ല
കൂട്ടരോടൊത്തുള്ളയോട്ടമില്ല
ഓടിക്കളിയ്ക്കാനിടങ്ങളില്ല
കൂനുന്നൊ കുഞ്ഞിലെ ബാല്യകാലം !
പൂന്തേൻ കുടിച്ചു രസിച്ചിട്ടില്ല
പൂത്തുമ്പിയ്ക്കൊപ്പം നടന്നിട്ടില്ല
പൂക്കളെ കണ്ടു ചിരിച്ചിട്ടില്ല
പൂമണം നേരെയറിഞ്ഞിട്ടില്ല
പുലരിയിൽ മണ്ണിലിറങ്ങീട്ടില്ല
പുലരൊളി കണ്ടറിഞ്ഞിട്ടില്ല
പൂങ്കൊമ്പിൽ മെല്ലെ പിടിച്ചിട്ടില്ല
പൂങ്കാറ്റു വന്നു തഴുകീട്ടില്ല
മുറ്റത്തൂടോടിക്കളിച്ചിട്ടില്ല
മഞ്ഞണിപ്പുല്ലിൽ നടന്നിട്ടില്ല
മഞ്ഞത്തു കുപ്പയിൽ കാഞ്ഞിട്ടില്ല
മഴയത്തു തുള്ളിച്ചാടീട്ടില്ല
വെള്ളത്തിൽ തട്ടിക്കളിച്ചിട്ടില്ല
കളിവഞ്ചിയൊന്നിറക്കീട്ടില്ല
നാട്ടുകുളിർമയറിഞ്ഞിട്ടില്ല
നാടിന്റെ ലാളനമേറ്റിട്ടില്ല
മണ്ണിൻ മാർദ്ദവമറിഞ്ഞിട്ടില്ല
മാവേലിയാരവം കേട്ടിട്ടില്ല
മാടത്തയെയൊട്ടു കണ്ടിട്ടില്ല
മാരിവിൽ കണ്ടോണ്ടു നിന്നിട്ടില്ല
കൂട്ടിലടച്ച കിളിയെപ്പോലെ
ഫ്ലാറ്റിലെ ‘ നെറ്റിൽ ‘ പെട്ടപോലെ
ടിവി മൊബൈലും കമ്പ്യൂട്ടർകളിൽ
ബാല്യം കുരുങ്ങി മെലിഞ്ഞപോലെ !