രചന : ശിവൻ മണ്ണയം✍
എന്താ സലീനാ…. ഒരു കഥ എഴുതി തരണമെന്നോ..? എന്തിനാ..? മകൾക്കോ… സ്കൂൾ മാഗസിനിൽ കൊടുക്കാനോ..?അതിനെന്താ … തരാമല്ലോ.. സലീനക്കല്ലാതെ പിന്നെ ആർക്കാ ഞാൻ തരിക ….. എന്റെ സലീനാ എന്ന് വിളിച്ചത് ഇഷ്ടമായില്ല എന്നുണ്ടോ..? ഇല്ലല്ലേ.. സന്തോഷം..!രോമാഞ്ചം! എന്റെ സലൂ.. ആരെങ്കിലും ഒരു കഥ എഴുതിത്തരൂ എന്ന് പറയുമ്പോളാണല്ലോ ഒരു കഥാകൃത്ത് അംഗീകരിക്കപ്പെടുന്നത്. സലു എനിക്ക് തന്ന അംഗീകാരം നൊബൈൽ പ്രൈസിനെക്കാളും വിലപ്പെട്ടതാണ്… കഥ നാളെത്തന്നെ കിട്ടണമെന്നോ… അതിനെന്താ .എനിക്ക് ഈ കഥയെഴുത്തൊക്കെ വളരെ ഈസിയല്ലേ.വേണമെങ്കിൽ നൂറ് കഥ എഴുതിതന്നേക്കാം.. വേണ്ടാ ഒന്ന് മതിയെന്നോ ….. ശരി ശരി…. നാളെ തന്നെ തരാം കേട്ടോ… മോൾക്ക് എന്റെയൊരു ചക്കരയുമ്മാ കേട്ടോ സലൂ…..
ശ്ശോ! എന്റെ അവസാന സെസ്റ്റെൻസ് സലീന കേട്ടില്ല എന്ന് തോന്നുന്നു. പൊയ്ക്കളഞ്ഞു! ഒരു ചക്കരയുമ്മ മിസായി. സാരമില്ല. ഈച്ച പൊതിയാതെ സൂക്ഷിച്ച് വച്ചേക്കാം. നാളെ കഥ കൊടുക്കുമ്പോൾ വീണ്ടും നൽകാമല്ലോ.
എന്റെ സലീനേ എന്ന് വിളിച്ചത് അവൾക്ക് ഇഷ്ടമായിക്കാണും. ഞാനങ്ങനെയാ.. സുന്ദരികളായ പെൺമണികളെ ‘എന്റെ’ എന്ന പദം ചേർത്ത് അങ്ങ് സ്വന്തമാക്കി കളയും. സുന്ദരിമാർക്കൊക്കെ അതിഷ്ടമാ.സ്വന്തമാക്കപ്പെടാൻ ഏത് പെണ്ണാകൊതിക്കാത്തത് അല്ലേ….? അതാണ് പുരോഗമനം. പക്ഷേ സലീനയുടെ ഭർത്താവോ സഹോദരൻമാരോ അറിഞ്ഞാൽ എൻ്റെ മൃത്യു തത്ക്ഷണം ഉണ്ടാകും.അറിയാം. യാഥാസ്തികരല്ലേ അവറ്റകൾ ! എന്നാലും റിസ്കെടുക്കാതിരിക്കാൻ എഴുത്തുകാർക്ക് പറ്റുമോ? കൃഷ്ണജന്മങ്ങളായിപ്പോയില്ലേ?
ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി. അല്ലെങ്കിലും ഓഫീസിൽ പണിയൊന്നും ചെയ്യാറില്ല. എഴുത്തുകാരനല്ലേ. എഴുത്തുകാരനെ കൊണ്ട് പണി ചെയ്യിക്കാൻ ഏത് മേലുദ്യോഗസ്ഥനാ ധൈര്യം വരിക.? തൂലിക പടവാളാക്കിയവനല്ലേ എഴുത്തുകാരൻ? ആർക്കാ എതിർത്ത് നിൽക്കാനാവുക? കമ്പിക്കഥയെഴുതി തകർത്തു കളയില്ലേ ഏതൊരു ശത്രുവിനെയും സാമ്രാജ്യത്തിനെയും .ല്ലേ?
സലുവിന് വേണ്ടി കഥയെഴുതാനാണ് ഞാനിന്ന് നേരത്തെ ഇറങ്ങിയത്. അതി മനോഹരമായി എഴുതണം. അവളുടെ ചപ്പിയ മുഖത്ത് ഒരു അത്ഭുതപൂപ്പുഞ്ചിരി വിടർത്തണം. സുന്ദരിമാർക്ക് വേണ്ടി എഴുതുമ്പോഴാണല്ലോ കഥ കഥയായി മാറുന്നത്.കഥ കിടുക്കണം… രാവിലെ മിസായ ചക്കരയുമ്മ നാളെയെങ്കിലും വൻതോതിൽ സ്വീകരിക്കപ്പെടണം..!
നാലരക്കുള്ള ബസിൽ എന്തൊരു തിരക്കാണ്.വാഗൺ ട്രാജഡി ചരിത്രത്തിൽ ഒന്നേയുള്ളൂ. പക്ഷേ മണ്ടൻകുന്നുകാർ അത് സ്ഥിരം അനുഭവിക്കുന്നു. ആരും മരിക്കുന്നില്ല എന്നേയുള്ളു. ഇന്ന് എന്റെ തോളത്തും തലയിലും മൂന്ന് പിള്ളാരും മടിയിൽ ഒരു സ്ഥൂലപൃതുനിതംബിനിയും സുഖമായിരുന്ന് യാത്ര ചെയ്തു ! ഓവർ ലോഡ് കയറിയതുമൂലം എൻ്റെ നാല് ടയറിൻ്റെയും കാറ്റു പോയി, ബസിലാകെ വല്ലാത്ത സ്മെല്ല് പടർന്നു.ബസ് ഗട്ടറിൽ ചാടുമ്പോൾ ഭീമൻ്റെ ഗദാതാഢനമേറ്റ ദുര്യോദനനെപ്പോലെ ഞാൻ അമറിക്കരഞ്ഞു. മടിയിലിരുന്ന വിസ്തൃതശരീരിണി എൻ്റെ മനസിലുണ്ടായിരുന്ന, ഞാനുടനെ എഴുതാനിരുന്ന നൂറുകണക്കിന് പ്രണയകവിതകളെ നിർദ്ദയം ഒന്നൊന്നായി കൊന്നു കൊണ്ടിരുന്നത് ഞാൻ കണ്ണീരോടെ കണ്ടിരുന്നു. മണ്ടൻ കുന്ന് സ്റ്റോപ്പ് എത്തിയപ്പോൾ സ്ത്രീ ഒരു ഭാരം എന്ന കവിത മാത്രം മൃത്യുവിനെ ജയിച്ച് ബാക്കി നിന്നു.
മണ്ടൻ കുന്നിലിറങ്ങാനുള്ളവർ പെട്ടെന്ന് ഇറങ്ങിക്കോ.. കണ്ടക്ടറാണ്.
ഉടനെ ഞാൻ ,മരത്തിൽ കുരങ്ങൻമാരെന്ന വണ്ണം ശരീരത്തിൽ അള്ളിപ്പിടിച്ചിരുന്ന സർവ എണ്ണത്തിനെയും കുടഞ്ഞെറിഞ്ഞ് ,ഞെക്കിഞെരുങ്ങി പുറത്തു ചാടി. പുറത്ത് വന്ന് നിലം തൊട്ടപ്പോൾ, മിക്സിയിൽ കിടന്ന് നരകിച്ച് ചാവുന്ന ചുവന്ന മുളകിനെയും മല്ലി മണികളെയും ഞാൻ വെറുതെ ഓർമിച്ചു.
ശശി അണ്ണന്റെ കടയിൽ നിന്ന് B2 pകോപിയറിന്റെA 4 ഷീറ്റ് 500 എണ്ണം വാങ്ങി.ഒരു കഥയെഴുതാനാണ്.. !പ്രതിഭയുള്ള എഴുത്തുകാർക്ക് ഒരു കഥയെഴുതാൻ രണ്ട് ഷീറ്റ് പേപ്പർ മതി. എനിക്ക് പ്രതിഭയില്ലല്ലോ…!
ഞാൻ ആലോചിച്ചു:സ്കൂൾ മാഗസിനു വേണ്ടിയാ എഴുതേണ്ടത്. അപ്പോ പ്രേമകഥ പറ്റില്ല.അതായിരുന്നു എളുപ്പമുള്ളത്.
ആദ്യ സെന്റൻസും ആദ്യ പാരഗ്രാഫും ഒന്നാകുന്ന ബുദ്ധിജീവി ഉഡായിപ്പും സ്കൂൾ പിള്ളാരുടെ അടുത്ത് ചിലവാകില്ല.അവർ കാലുമടക്കി ചവിട്ടും. സെൻറൻസുകൾ ലളിതമാക്കണം. എനിക്കതിന് കഴിയും.
മണ്ടൻകുന്ന് ജംഗ്ഷനിൽ നിന്ന് വീട്ടിലേക്കുള്ള ഹരിതസമൃദ്ധ നയനമോഹനമനോഹരയാത്ര,
പച്ചക്കടലിനു നടുവിലൂടെയുള്ള ചെമ്മൻ പാതയിലൂടെ എഴുതേണ്ട കഥയുടെ അസ്ഥികൂടവുമായി നടന്നു. വഴിയിൽ കണ്ട, ആയിരം കൈയുള്ള കാർത്ത വീരാർജ്ജുനനെ പോലുള്ള പറങ്കിമാവിലിരുന്ന് മനസ്സിലെ കഥക്ക് മജ്ജയും മാംസവും നൽകി. ഇനി ഈ കഥാ കുസുമത്തെ പേപ്പറിലേക്ക് പകർത്തിയാൽ മതി. കഥാകാരാ നിങ്ങൾ ഇവിടെ ജനിക്കേണ്ടവനല്ല എന്ന് നാളെ സലീനയുടെ നാവ് പറയും. പറയാൻ നിർബന്ധിക്കപ്പെടും. അപ്പോൾ പുതിയ ഒരു പ്രണയം വിടരും. 10634 ആമത്തെ പ്രണയം! അത് ആയിരമായിരം വർണങ്ങൾ നിറഞ്ഞമായിക വലയങ്ങളായി തലക്ക് മുകളിൽ ഓളം വെട്ടും! എനിക്ക് ഓളമാകും …വട്ടാകും.. തീർച്ചാ!
കക്കൂസിൽ പോയിരുന്ന് മാജിക് മൊമന്റ്സിന്റെ രണ്ട് പെഗ്ഗ് രഹസ്യമായി വീശി. അപ്പോൾ മായിക നിമിഷങ്ങളുടെ തുടക്കമായി.കഥയെഴുതാനുള്ള ഒരു ധൈര്യമായി! മണിയറയിലേക്ക് പോകുന്ന പുരുഷൻമാരും കഥയെഴുതാൻ പോകുന്ന കഥാകൃത്തൻമാരും ധൈര്യത്തിന് വേണ്ടി രണ്ടെണ്ണം അടിക്കണം.അത് നല്ലതാ!
നല്ലൊരു നീണ്ട ധ്യാനം കഴിഞ്ഞതിന് ശേഷമാണ് എഴുതാൻ തുടങ്ങിയത്. എഴുത്തിന് ഏകാഗ്രത വേണമല്ലോ. മനസിൽ, എഴുതാനുള്ള അഭിവാജ്ഞ, കരുത്തുറ്റ ബോംബ് സ്ഫോടനങ്ങൾ തീർത്തു.സാഹിത്യം മനസിൽ അഗ്നി സ്ഫുലിംഗങ്ങൾ സൃഷ്ടിച്ച് കത്തിപ്പടരുകയാണ്. എത്രയും വേഗം എഴുതി തീർത്തില്ലെങ്കിൽ മൊത്തം ചാമ്പലാകും. അത് സംഭവിച്ച് കൂടാ… അതിവേഗം എഴുതാൻ ആരംഭിച്ചു. എല്ലാം നശിക്കും മുമ്പ് തീർക്കണം ഈ നാശം …!
പെട്ടെന്ന് ഒരു അട്ടഹാസം സർവതിനെയും തകർത്തു.. ഭാര്യയാണ്.. ഈ പിശാശ് ഭാവനയുടെ മായക്കൊട്ടാരം തപ്പിട് തവിട് പൊടിയാക്കിക്കളഞ്ഞല്ലോ ഈശ്വരാ..! എഴുത്തുകാരൻ്റെ റൂമിൽ ഭാര്യക്കെന്ത് കാര്യം? ഞാൻ അലറി:എന്താടീ.. റേഷൻ കടയിൽ പോകണമെന്നോ..? സാധ്യമല്ലടീ .. ഞാനിപ്പോൾ കഥയെഴുതുകയാണ്. ഡോൻഡ് ഡിസ്റ്റർബ്മീ….
അയ്യോ. … എന്താണ് തലയിൽ പതിച്ചത്…? ചിരവയോ? അതോതവിയോ?… തല മുഴച്ചല്ലോ …. തല്ലല്ലേ…. തല്ലല്ലേ…. പോകാം… പോകാം… സഞ്ചിയും റേഷൻ കാർഡുമെടുക്ക്… ഹുംവേഗം..! അയ്യോ.. അമ്മേ തലക്കെന്തൊരു വേദന!.. ഇതെന്താ.. മണ്ണെണ്ണ വാങ്ങാനുള്ള കന്നാസോ… മണ്ണണ്ണയുമായി ഞാനിപ്പോവരാം… വന്നിട്ട് മണ്ണെണ്ണയൊഴിച്ച് ഈ പേപ്പറുകൾ കത്തിക്കണമെന്നോ…? !! കത്തിക്കാം .. കത്തിക്കാം ..
ഞാൻ കക്കോടിയും കെട്ടി ഇറങ്ങി നടന്നു.
ഹും … ഇങ്ങനെയുള്ള ഭാര്യമാരുള്ളതുകൊണ്ടാണ് കേരളത്തിൽ പുരോഗമനം വലിയ രീതിയിൽ കടന്നു വരാത്തത്! നാശങ്ങൾ!