രചന : രവീന്ദ്രനാഥ് സി ആർ ✍

അനാഥ ജന്മമെന്ന ഭാണ്ഡവും പേറി,
അലയുവാനായി വിധിക്കപ്പെട്ടവർ!
അക്ഷരം പഠിയ്ക്കാൻ പോകേണ്ട നാൾകളിൽ,
അന്നത്തിനായി തെണ്ടുന്നു തെരുവിൽ!

കാണാം ജീവിതപ്പാതയിലിത്തരം,
കുരുന്നു ബാല്യങ്ങളെ തെണ്ടികളായി!
കരുണയ്ക്കായിവർ കൈ നീട്ടിടുമ്പോൾ,
കാണാതെ പോകുന്നു മാനവക്കൂട്ടം!

അച്ഛനുമമ്മയുമാരെന്നറിയില്ല,
അങ്ങാടിത്തിണ്ണയിൽ അന്തിയുറക്കം..
അരച്ചാൺ വയറിന്റെ കത്തലകറ്റാൻ,
അലിവില്ല്യാ മനുഷ്യരോടിരന്നിടുന്നു!

കരയുവാനാകാതെ വിധിയെ പഴിയ്ക്കും,
കളവാണ് ഭേദമെന്നവർക്ക് തോന്നും..
കട്ടു തിന്നും, പിന്നെ കവർച്ച നടത്തിയും,
കള്ളത്തലമുറ ഭൂവിൽ രൂപപ്പെടുന്നു!!

ആരുത്തരവാദി എന്നോർക്കണം നമ്മൾ,
ആയതിന്നൊരു പരിഹാരമേകണം!
അവരും മനുഷ്യ ജന്മങ്ങൾ എന്നോർക്കണം!
ആവതു പോലെന്നും സഹായമേകണം!

കാണണം, കാണുവാനാകണം, പിന്നെ,
കണ്ണീരൊപ്പണം, സ്നേഹം വിതയ്ക്കണം!
കനിയണം, കനിവിനാൽ കുതിരണം,
കുഞ്ഞു മുഖങ്ങളിൽ പുഞ്ചിരി പരക്കണം!

അന്നേരം ആ പിഞ്ചു മനസ്സുകൾ തെളിയണം,
ആ തെളിച്ചം അവരുടെ ജീവിതത്തിലാകണം!
അപ്പോൾ ദൈവം മനസ്സിൽ പറയും,
അയാളിപ്പോൾ ഒരു മനുഷ്യനായെന്ന് !!

രവീന്ദ്രനാഥ് സി ആർ

By ivayana