രചന : ഷാഫി റാവുത്തർ✍

ചോന്നൊരക്ഷരപ്പൂവു പൊഴിക്കുന്ന
വാകപോലെ നീ തണലൊരുക്കീടുക
ചെങ്കനൽ ചങ്കിലാളിപ്പടരുന്ന
വിപ്ലവത്തിന്റെ താളമായ് മാറുക…
രുധിരചിന്തകൾക്കപ്പുറം നിത്യവും
സമതപുൽകുന്ന നാളിനെക്കാക്കുക
വിരസജീവിതക്കാഴ്ചകൾ താണ്ടി നീ
വിജയസീമയ്ക്കു തിലകമായ്ത്തീരുക
ഉയിരിലേറ്റിയ വാക്കുകൾ കോർത്തു നീ
ഉലകുണർത്തിത്തെളിച്ചം പടർത്തുക
ഉഷസിനുന്മാദ ഹർഷം നിറയ്ക്കുക
വിഷവിപത്തിന്റെയന്ത്യം കുറിയ്ക്കുക
വിമലസ്വപ്നങ്ങൾ പങ്കുവെച്ചീടുക
വിധിവിലങ്ങിട്ട മനസ്സിനെത്തഴുകുക
ഹൃദയസൗഭഗസിന്ധുവായ് നിത്യവും
ഉദയ രശ്മിപോലമൃതം ചുരത്തുക…

By ivayana