രചന : ഒ.കെ.ശൈലജ ടീച്ചർ✍

സന്താന സൗഭാഗ്യത്തിനായ് വഴിപാടുകളും . വ്രതങ്ങളും , ദാനധർമ്മാദികളും നടത്തി കാലം കഴിക്കുകയായിരുന്നു മൂത്തേടത്ത് ഇല്ലത്തെ ശങ്കരൻ നമ്പൂതിരിയും പാർവ്വതി അന്തർജ്ജനവും.
കൃഷ്ണ ഭക്തയായ അന്തർജ്ജനത്തിന് സ്വപ്നത്തിൽ ഉണ്ണിക്കണ്ണൻ ദർശനമേകി. അതിരറ്റ ആനന്ദത്താൽ ആ സ്ത്രീ ഹൃദയം തുടിച്ചു.
“എന്റെ കണ്ണാ ഒരു ഉണ്ണിയെ പാലൂട്ടിത്താരാട്ടാനുള്ള ഭാഗ്യം ഈയ്യുള്ളവൾക്ക് നല്കണേ. ഞാനെന്നും ആ തൃപ്പാദങ്ങളെ സേവിച്ചു കഴിയാം. സമസ്താപരാധങ്ങളും പൊറുത്ത് മാപ്പ് തരണേ”
അന്തർജ്ജനത്തിന്റെ ഹൃദയവിലാപം കണ്ണനറിഞ്ഞു. അവരുടെ ഉദരത്തെ പൂവണിയിപ്പിച്ചു.


സന്തോഷ വാർത്ത കേട്ട ഉടനെ നമ്പൂതിരിയുടെ ഉള്ളവും ആനന്ദത്തിലാറാടി. ഇക്കാലമത്രയും ഉള്ളിലുണ്ടായിരുന്ന സങ്കടവും കുറ്റബോധവും ആ ഹൃദയത്തെ വല്ലാതെ മഥിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ക്ഷേത്രത്തിലെത്തി ഭഗവാനെ സാഷ്ടാംഗം തൊഴുത് പ്രാർത്ഥിച്ചു. കണ്ണന് ഇഷ്ടപൂജകൾ വഴിപാടായി അർപ്പിച്ചു.
പ്രദേശത്തെ കുഞ്ഞുങ്ങൾക്ക് വിഭവ സമൃദ്ധമായ അന്നദാനവും . വസ്ത്രദാനവും നടത്തി. തന്റെ അവിവേകത്തിനുള്ള പ്രായശ്ചിത്തമെന്നോണം പാവപ്പെട്ട കുടുംബങ്ങളിൽ അരി വിതരണവും നടത്തി.


അപ്പോഴാണ് അങ്ങു ദൂരെയായി ആൽത്തറയുടെ ചുവട്ടിലായി ഒരമ്മയും മകനും ഇരിക്കുന്നത് അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പെട്ടത്. അദ്ദേഹം പെട്ടെന്ന് തന്നെ ഇല്ലത്തെ കാര്യസ്ഥനെ വിളിച്ചു.
“എടാ രാമാ….നീ പോയി അവരോട് ഇങ്ങോട്ടു വരാൻ പറയൂ”
“ശരി തമ്പുരാനെ”
പറഞ്ഞു തീരും മുൻപേ രാമൻ വേഗം നടന്നു. ആൽത്തറയുടെ അടുത്ത് എത്തി.
“ആരാണ് നിങ്ങൾ ?
” ഇവിടെ ഇരിക്കുന്നതെന്താണ് ?
വരൂ ക്ഷേത്രത്തിൽ അന്നദാനം നടക്കുകയാണ്. മോനേയും കൂട്ടി വന്നോളൂ”
“വേണ്ട. ഞാൻ അങ്ങോട്ടു വരുന്നില്ല. ദേവനെ തൊഴുത് പ്രാർത്ഥിക്കാൻ വന്നതാണ്. ആൾക്കാരെ കണ്ടത് കൊണ്ട് ഇവിടെ ഇരുന്നതാണ്”
“ങേ!! എവിടെയോ കേട്ടുമറന്ന സ്വരം”
രാമൻ ആ സ്ത്രീയെ നന്നായിട്ടൊന്നു നോക്കി. അതെ !! അതവൾ തന്നെ സാവിത്രി !! ഇല്ലത്തെ കൊച്ചു തമ്പുരാട്ടി. വാർതിങ്കൾ പോലെ പ്രഭയുള്ള ആ മുഖത്തെ തേജസ്സ് മാഞ്ഞു പോയിരിക്കുന്നു.


” തമ്പ്രാട്ടീ ഞാൻ എന്താണ് കാണുന്നത് !!”
പറഞ്ഞു തീരുന്നതിനു മുൻപേ ആ സ്ത്രീ തന്റെ മകന്റെ കൈ പിടിച്ചു വേഗം എഴുന്നേറ്റു നടക്കാൻ ഭാവിച്ചു
“കുഞ്ഞേ പോകല്ലേ …… അടിയൻ പറഞ്ഞത് അരുതാത്തതാണെങ്കിൽ പൊറുക്കണേ ….”
” ഇല്ല രാമേട്ടാ … ഞാനറിഞ്ഞില്ല. ഇന്നിവിടെ മൂത്തേടത്തെ വകയായി അന്നദാനം നടക്കുന്ന വിവരം.”
“കുഞ്ഞ് പോകല്ലേ”
“വേണ്ട രാമേട്ടാ ….എന്നോട് ദയ കാണിക്കാതെ …. ദൈവം പോലും എന്നെ കൈ വെടിഞ്ഞതല്ലേ”
“കുഞ്ഞേ എന്റെ കുടിലിൽ മാലിനി ഉണ്ട് . അവിടെ കയറിക്കോളൂ”
” മാലിനി !!” ആ പേരു കേട്ടപ്പോൾ അവളുടെ മുഖത്ത് പ്രത്യാശയുടെ നിഴലാട്ടം കണ്ടു. അവളുടെ പാദങ്ങൾ ധൃതഗതിയിൽ ചലിച്ചു.


രാമൻ വേഗത്തിൽ അമ്പലത്തിലെത്തി. തന്റെ കണ്ണ് നിറഞ്ഞത് തമ്പുരാൻ കാണാതിരിക്കാനായി മേൽമുണ്ട് തലയിൽക്കൂടി ഇട്ടിട്ട് ഊട്ടുപുരയുടെ ഭാഗത്തേക്ക് പോയി. ആ പിതൃ ഹൃദയം വല്ലാതെ വിങ്ങിപ്പൊട്ടി. കണ്ണീർ ധാരധാരയായി ഒഴുകി.
ചിന്തകൾ അയാളെ ആ നശിച്ച രാത്രിയിലേക്ക് കൊണ്ടുപോയി. ദീപാരാധന കഴിഞ്ഞപ്പോൾ അതിശക്തമായ കാറ്റും മഴയും കൂരാക്കൂരിരുട്ടും. ചൂട്ട് കരുതിയതുമില്ല. വേഗത്തിൽ നടന്നു തന്റെ കുടിലിലേക്ക് കയറിയപ്പോൾ കണ്ട കാഴ്ച ഒരിക്കലും കാണാൻ പാടില്ലാത്തതായിരുന്നു.
തന്റെ മകൻ ദിവാകരന്റെ മടിയിൽ തല വെച്ചു കിടന്നുകൊണ്ട് പാട്ടു പാടുന്ന സാവിത്രി !!


അതും തമ്പുരാൻ കനിഞ്ഞു നൽകിയ ചെറ്റക്കുടിലിൽ. ഇതെങ്ങാനും തമ്പുരാനറിഞ്ഞാൽ ഞങ്ങളെ കുടിലടക്കം കത്തിക്കും! പിന്നീടൊന്നും ആലോചിച്ചില്ല. ഇറയത്ത് നിന്നും ചൂരലെടുത്ത് മോന്റെ നേരെ ഓങ്ങിക്കൊണ്ടു പാഞ്ഞടുത്തു.
“എടാ …നന്ദിയില്ലാത്തവനേ …. നീയെന്താണീ ചെയ്തത് ? കൈയ്യിൽ ചൂരൽ വടിയുമായി ഉറഞ്ഞു തുള്ളുന്ന അഛന്റെ രൗദ്രഭാവം കണ്ടവർ പേടിച്ച രണ്ടു തന്റെ കാൽക്കൽ വീണു മാപ്പ് ചോദിച്ചു പൊട്ടിക്കരഞ്ഞു.
“അഛാ പൊറുക്കണേ …. ഞങ്ങൾ തമ്മിലടുത്തു പോയി. ദൈവത്തെയോർത്ത് ഞങ്ങളോട് ക്ഷമിക്കാൻ ദയ ഉണ്ടാകണം.”
പെട്ടെന്ന് വാതിൽ തുറന്ന് സാവിത്രി ഇരുട്ടിലൂടെ ഓടി ഇല്ലത്തേക്ക്.
“ഉം. നീ എഴുന്നേൽക്കൂ നിന്റെ അമ്മയും, അനിയത്തിയും ഇവിടെ ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ ആ തമ്പുരാട്ടിക്കുട്ടിയെ വീട്ടിലേക്ക് വിളിച്ചത് ശരിയാണോ? മേലിൽ ഇതാവർത്തിക്കരുത്. കേട്ടല്ലോ”
“അഛാ… ഞങ്ങൾ തമ്മിൽ പിരിയാൻ കഴിയാത്ത വിധം അടുത്തു പോയി.”
“എന്ത്!! എന്ത് ഭ്രാന്താണീ പറയുന്നത് ?”


” തമ്പുരാട്ടിക്കുട്ടിയോടാണോ നിന്റെ കളി ? മിണ്ടിപ്പോകരുത്. ഇതെങ്ങാനും തമ്പുരാനറിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് നീ ചിന്തിച്ചിട്ടുണ്ടോ ?. മര്യാദക്ക് നടന്നോ . ഇല്ലെങ്കിൽ എല്ലാരേയും പച്ചക്ക് കത്തിക്കും ഇല്ലത്തുള്ളവർ.”
” ഇല്ലഛാ . ഞങ്ങൾ വേറെ എവിടെയെങ്കിലും പോയി ജീവിച്ചോളാം. അഛനെങ്കിലും എതിര് പറയാതിരുന്നാൽ മതി.”
” ഫാ …കഴുവേറി അന്നം തന്നവർക്കെതിരെ നിൽക്കുന്നോ? നിന്റെ തല തിരിഞ്ഞു പോയോ? പോയ്ക്കാ എന്റെ മുൻപിൽ നിന്ന്. കടക്ക് വെളിയിൽ . ഇനി നിന്നെ ഈ വീട്ടിലും നാട്ടിലും കണ്ടു പോകരുത്.”


മകനെ ഇരുട്ടിലേക്ക് തള്ളിവിട്ടിട്ട് കുടിലിന്റെ വാതിൽ പുറത്തു നിന്ന് പൂട്ടിയിട്ട് ഇല്ലത്തേക്ക് ഓടുകയായിരുന്നല്ലോ –
പിറ്റേ ദിവസം മാലിനിയും. ഭവാനിയും അവരുടെ ചെറിയമ്മയുടെ വീട്ടിൽ നിന്നും മടങ്ങിയെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു.
“ദിവാകരനെവിടെ ?”
ഇല്ലത്ത് വന്ന് ഭവാനി ചോദിച്ചപ്പോഴാണ് തന്റെ മനസ്സ് സമനില വീണ്ടെടുത്തത്. ഒന്നുമറിയാത്തവനെപ്പോലെ നിസ്സംഗനായി മറുപടി പറഞ്ഞു.” ആ എനിക്കറിയില്ല. അവന്റെ കൂട്ടുകാരോടൊപ്പം പോയിക്കാണും.”
“രാമാ….രാമാ…”
” ഓ : തമ്പുരാനാണല്ലോ : എന്താണ് തമ്പ്രാ…..”
“എന്റെ പെങ്ങൾ സാവിത്രി നിന്റെ മകനോടൊപ്പം ക്ഷേത്രത്തിൽ ദീപാരാധന തൊഴാറുണ്ടോ?”
“ഇല്ല. അങ്ങുന്നേ അടിയൻ കണ്ടിട്ടില്ല.”


” എന്നാൽ കണ്ടവരുണ്ട്. നിന്റെ മകനെ ഇവിടെ കൊണ്ടുവരാൻ ആളെ വിട്ടിട്ടുണ്ട്.”
” ഇല്ല. തമ്പ്രാ… അവൻ കുടിലില്ല. എങ്ങാണ്ടോ പോയി.”
വാതിൽപ്പടിയുടെ മറവിൽ ഒളിച്ചിരുന്ന സാവിത്രിയെ തമ്പ്രാൻ പിടിച്ചു വലിച്ചു ഉമ്മറത്തേക്കു കൊണ്ടുവന്നു.
” ഞാൻ കേട്ടതൊക്കെ സത്യമാണോടി”
ഏട്ടന്റെ തീ പാറുന്ന നോട്ടത്തോടെയുള്ള ആക്രോശിക്കലിനു മുന്നിൽ തെല്ലും ഭയമില്ലാതെ ധൈര്യം സംഭരിച്ചു കൊണ്ടു പറഞ്ഞ അവളുടെ മറുപടി കേട്ട് ഇല്ലച്ചു മരുകൾ പോലും ഒന്നും നടുങ്ങി !!


” ഇറങ്ങെടീ തറവാടിന്നപമാനം വരുത്തി വെച്ച നീ ഇനി ഒരു നിമിഷം ഇവിടെ നിൽക്കാൻ പാടില്ല. അഛനുമമ്മയും വിഷ്ണു പാദം പൂകുമ്പോൾ കുഞ്ഞായിരുന്നു നീ . ആ നിന്നെ സ്നേഹിച്ചു ലാളിച്ചു വളർത്തിയതിന്റെ ശിക്ഷയാണോടീ . ഇല്ല ഇനി എനിക്കിങ്ങനെയൊരു കൂടപ്പിറപ്പില്ല. കടക്കൂ പുറത്ത് . സാവിത്രിയുടെ മുടിയിൽ പിടിച്ചു മുറ്റത്തേക്ക് തള്ളി.
“രാമാ… ഇവളെ പടിപ്പുര കടത്തിവിട്ട് പടിപ്പുര യടച്ചു വാ….നിന്റെ മകനെയെങ്ങാനും ഈ നാട്ടിലോ, വീട്ടിലോ കണ്ടാൽ അതിന്റെ ഭവിഷ്യത്ത് കഠിനമായിരിക്കും. ഓർത്തോളൂ”
അന്ന് നിറകണ്ണുകളോടെ പടിപ്പുരയിറങ്ങിപ്പോയ സാവിത്രിക്കെന്ത് സംഭവിച്ചു? തന്റെ മകനെവിടെയാണ്? എന്നൊക്കെ എപ്പോഴും ചിന്തിക്കാറുണ്ടെങ്കിലും ആരുമറിയാതെ അന്വേഷിക്കാറുണ്ടെങ്കിലും ഒരു വിവരവും കിട്ടിയിരുന്നില്ല.


ഇപ്പോഴിതാ സ്വന്തം കുഞ്ഞുമായി സാവിത്രി തന്റെ മുൻപിൽ !! അത് തന്റെ മകന്റെ കുഞ്ഞല്ലേ? അങ്ങനെയായിരുന്നല്ലോ സാവിത്രിയുടെ അന്നത്തെ വാക്കുകൾ ഈശ്വരാ… അങ്ങനെയാണെങ്കിൽ തന്റെ മകനെവിടെ? ഇനി ഈ വിവരം ഇല്ലത്തറിഞ്ഞാൽ !!
സാവിത്രി കുഞ്ഞുമായി എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക? ശരീരം തളരുന്നത് പോലെ എന്റെ കൃഷ്ണാ കാത്തോളണേ”
പ്രാർത്ഥിച്ചുകൊണ്ടു ആ കാലുകൾ അതിവേഗം തന്റെ കുടിലിലേക്ക് ചലിച്ചു. സാവിത്രിയും മകനും അവിടെയുണ്ടായിരിക്കണേയെന്ന പ്രാർത്ഥനയോടെ ഉറച്ച ഒരു തീരുമാനമെടുത്തു കൊണ്ട് കുടിലിന്റെ മുറ്റത്ത് എത്തിയപ്പോൾ അകത്ത് നിന്നും സാവിത്രിയുടെ ശബ്ദം കേട്ടു. അകത്ത് കയറി തന്റെ പൊന്നോമന മകനെ ചേർത്ത് പിടിച്ചു ഉമ്മ വെച്ചു


” എന്നും വരട്ടെ ! നമുക്കൊന്നിച്ചു നേരിടാം ഈ അഛനുണ്ട് നിങ്ങൾക്ക്”
” സാവിത്രിയുടെ മുഖത്തെ വിഷാദച്ചിരി കണ്ടപ്പോൾ ശങ്കയോടെ ചോദിച്ചു. മോളേ ദിവാകരൻ .”
“ദൈവസന്നിധിയിൽ”
“ങേ!! എന്താണീ കേട്ടത്. അപ്പോൾ?”
“അതെ. എന്റെ ഏട്ടന്റെ ആജ്ഞാനുവർത്തികൾ അദ്ദേഹത്തെ പിൻതുടർന്നിരുന്നു. നികൃഷ്ടരായ അവരുടെ കരങ്ങളിൽ നിന്നും രക്ഷപ്പെടാനാവാതെ ജീവനു വേണ്ടി യാചിക്കുന്ന ദിവാകരേട്ടനെ രക്ഷിക്കുവാനാകാതെ ഇരുട്ടിലൂടെ എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു ആ രാത്രി.” നീ ഓടിപ്പോയ്ക്കോ ഇല്ലത്തേക്ക് എന്ന് ജീവന്മരണ പോരാട്ടത്തിലും വിളിച്ചു പറയുന്നുണ്ടായിരുന്നു. നേരം വെളുത്തപ്പോൾ ചേതനയറ്റ ശരീരം പോലും അവസാനമായൊന്നു കാണാനുള്ള അവസരം തരാതെ ആ കാപാലികർ ദിവാകരേട്ടനെ മണ്ണ് പുതപ്പിച്ചിരുന്നു. പിന്നെ ഒന്നും ഓർത്തില്ല.ദിവാകരേട്ടന്റെ കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന ചിന്തയോടെ വണ്ടി കയറി. എന്റെ കൂട്ടുകാരിയോടൊപ്പമായിരുന്നു ഇതുവരേയും . ഞാൻ അങ്ങോട്ടു തന്നെ പോകുകയാണ്. മോന്റെ അഛന്റെ വീട് കാണാനുള്ള അവന്റെ ആഗ്രഹം കൊണ്ടു മാത്രം വന്നതാണ്.”


“നന്നായി മോളേ ഇനി എങ്ങോട്ടും പോകരുതേ ..നിങ്ങൾ ഇനി ഈ കുടിലിൽ ജീവിക്കും. അതിന്റെ പ്രത്യാഘാതങ്ങൾ നമുക്ക് നേരിടാം.” ഉറച്ച ശബ്ദത്തോടെ യത് പറയുമ്പോൾ ആ വാക്കുകളിൽ പിതൃവാത്സല്യം തുളുമ്പിയിരുന്നു.

ഒ.കെ.ശൈലജ ടീച്ചർ

By ivayana