രചന : അശോകൻ പുത്തൂർ ✍
അത്താഴത്തിനുള്ള വെള്ളം
ഇറക്കി വയ്ക്കുക
ഇന്നും ചുട്ടുതിന്നാം
പങ്കിട്ട പ്രണയകാലം
ഒരുമ്പെട്ട്
ഇറങ്ങിപ്പോന്നോൾക്ക്
കാലത്തിന്റെ സമ്മാനമാകാം ഇത്.
പ്രിയപ്പെട്ടവളെ……..
നിന്റെ സങ്കടങ്ങൾ കുഴിച്ചിട്ട
സ്മശാനമാണ് ഇന്നെന്റെ ശരീരം..
നെഞ്ചിൽ നീ ഇരുന്നേടം
ഇന്നൊരു ചെമ്പരത്തിക്കാട്
ഓർമ്മകൾ ചാറിച്ചോന്നൊരു
മുറിവുകളുടെ സ്മാരകം
മുറിഞ്ഞ
വാക്കും മനസും
ഈ നെഞ്ചിൻ കൂടിനു മുകളിൽ
വറുത്തെടുക്കുക
ഇത് അവസാന അത്താഴമാകാതിരിക്കട്ടെ.
ഒട്ടിക്കാനാകാത്തവിധം കീറിപ്പോയ
സങ്കടങ്ങളുടെ
രണ്ട് മഴകളാണ് നമ്മൾ
ഉണ്ണാനും ഉടുക്കാനുമില്ലാത്ത
പ്രണയത്തിന്റെ പട്ടടയിൽ
എരിച്ച് തീർക്കരുത്
നിന്റെ ജീവിതം.
പുലവീടും മുന്നെ പടിയിറങ്ങണം
ലോകം പലതും പറഞ്ഞേക്കാം
നീയാണ് വെന്തതും എരിഞ്ഞതും………
എന്റെ കുഴിമാടത്തിൽ
ഞാൻ ഇന്നേ എഴുതി വയ്ക്കുന്നു
പ്രണയംതിന്നു ചത്തവന്റെ
ജീവിത സുവിശേഷങ്ങളിൽ
നിന്നോടുള്ള സ്നേഹവും മാപ്പും.