രചന : വിദ്യാ രാജീവ് ✍
വിശപ്പടങ്ങുന്നില്ലമ്മേ
പശിയകറ്റാനെന്തെങ്കിലും
തരണേ മുഴങ്ങുന്നുമ്മറംതോറും
ഭിക്ഷാംദേഹിയായലയുന്ന
പൈതലിൻ ദീനരോദനം
കേൾപ്പതില്ലാരും പാവം.
പൈതലിൻ വിശപ്പിൻ വിളി
കരുതലാകേണ്ടവരാട്ടിയോടി-
ക്കുന്നവനെ കള്ളനെന്നാക്രോശിച്ച്
വിശപ്പു തളർത്തുന്നു പൈതലെ,
ബോധം മറഞ്ഞവൻ വീഴുന്നുർവ്വിയിൽ
ആട്ടിയോടിച്ചവരോടിയടുക്കുന്നു,
അയ്യോ പാവം,ആരുമേ
കൂട്ടാക്കിയില്ലവനുടെ രോദനം,
ഇനിയെന്തു ചെയ്യുവത്,നല്ലവർ
ചൊല്ലുന്നു കഷ്ടമേകഷ്ടം!
കൂട്ടത്തിൽ കുറുമ്പന്മാർ ചിലർ
പകർത്തി രസിക്കുന്നു കാഴ്ചകൾ…
പറയുവതെന്തയ്യോ,മനസാക്ഷിയില്ലാ
മാനവൻ കൃതങ്ങൾ?
പറയുന്നെന്റെ മനസ്സും,
പശിയുടെ മൂല്യമറിയാതെയന്ന്
പാവം മധുവിനെ കള്ളെനെന്നു
ചൊല്ലി കൊന്നില്ലയോ നീയും?
അറിയുക മർത്ത്യാ
വിധിയൊരു വിളിപ്പുറത്തുണ്ട്,
ഇന്നവനെങ്കിൽ നാളെ നീയുമാവാം,
വിശക്കുന്ന വയറിന്നന്നം നൽകൂ
വിധിയുടെ വഴിയിൽ നന്മനിറയ്ക്കൂ…