രചന : മായ അനൂപ് ✍

കള കളം പാടുന്ന കുഞ്ഞലക്കൈകളും
പൊട്ടിച്ചിരിക്കും പൊന്നോളങ്ങളും
ലാസ്യ മനോഹരിയായിട്ടൊഴുകുമാ
നദിയായി ഞാനൊന്ന് പിറന്നുവെങ്കിൽ

ആരിലുമൊന്നിലും തങ്ങി നിന്നീടാതെ
ആരിലും ആശ്രയം കണ്ടിടാതെ
വെള്ളിചിലങ്ക തൻ മണികൾ കിലുക്കി
കുണുങ്ങിയൊഴുകുമാ നദിയായെങ്കിൽ

മൂകം വിതുമ്പാതെ കരയാതെ തേങ്ങാതെ
നിശ്ചലം മൗനമായ് നിന്നിടാതെ
പൊട്ടിച്ചിരിച്ചങ്ങൊഴുകി അകലുമാ
നദിയായി ഞാനൊന്ന് പിറന്നുവെങ്കിൽ

ഒരു നാളും ഉന്നതി കണ്ടു കൊതിക്കാത്ത
താഴ്മയെ വാരിപ്പുണർന്നിടുന്ന
അലസമായ് മന്ദഗമനമാർന്നീടുമാ
നദിയായി ഞാനൊന്ന് മാറിയെങ്കിൽ

ഏതെല്ലാം നാട്ടിലൂടൊഴുകിയെന്നാകിലും
എത്ര വർഗ്ഗ വർണ്ണ വൈവിദ്ധ്യമെന്നാലും
സ്നേഹത്തിനൊരുനാളും അതിരു കൽപ്പിക്കാത്ത
നദിയായി തന്നെ ഞാൻ പിറന്നുവെങ്കിൽ

കല്ലൊന്നെറിഞ്ഞാലും പൂക്കളെറിഞ്ഞാലും
എത്ര ആശുദ്ധമായ് മാറ്റിയാലും
ഏതിനെയും തുല്യ ഭാവേന കാണുന്ന
നദിയായി ഞാനൊന്ന് പിറന്നുവെങ്കിൽ

ഒരു നാടും ഒരു വീടും സ്വന്തമായില്ലേലും
പല പല നാടുകൾ കണ്ടിടുന്ന
പല പല ദേശക്കാർ മക്കളായുള്ളൊരു
നദിയായി തന്നെ ഞാൻ പിറന്നുവെങ്കിൽ

ഒഴുകി അങ്ങകലും വഴികളിൽ എല്ലാർക്കും
ദാഹജലത്തെ പകർന്നു നൽകി
കുളിർമ്മയുംസ്നേഹവും പകർന്നു നൽകീടുന്ന
നദിയായി ഞാനൊന്ന് പിറന്നുവെങ്കിൽ.

മായ അനൂപ്

By ivayana