പറയുവാനേറെയുണ്ടാ കളിമുറ്റത്തു
പഴമച്ചൊല്ലുന്നാ മണല്‍ത്തരികള്‍ക്കിന്നു
പുതുമ മാറാതെ ഓര്‍മ്മയെപ്പുല്കും
ഹൃദയകോവിലിലെന്നുമെന്നച്ഛന്റെരൂപം.

തുളുമ്പിച്ചിരിക്കുന്ന അമ്പിളിമാമ്മനെ
കുഞ്ഞിക്കൈകളാല്‍വാരിയെടുക്കുവാന്‍
കൊഞ്ചിക്കരയുന്ന കുഞ്ഞിന്‍റെ മുന്നില്‍
ആനയായ്, കുതിരയായ് മാറുമെന്നച്ഛന്‍.

നോവുകളാലുള്ളം വെന്തുരുകും നേരം
പുഞ്ചിരിതൂകി നില്‍ക്കുമെന്നച്ഛനെ
ഉപമിക്കാന്‍ വാക്കുകളില്ലല്ലോ!
എന്റെയീ ജീവിതപുസ്തക താളിലും.

വാടാത്ത സ്നേഹഹാരങ്ങളണിഞ്ഞു
കാണിക്കവാങ്ങാതെ അനുഗ്രഹംച്ചൊരിയുന്ന
മാനസകോവിലിലെ നിത്യപ്രതിഷ്ഠയായി
കാരുണ്യദൈവമാണെന്നുമെന്നച്ഛന്‍ .

കാലത്തിന്‍ പടവുകളേറെ താണ്ടിയാലും
താതന്റെവാത്സല്യ സ്നേഹപ്പുതപ്പിന്റെ
ചൂടേറ്റുവളരുന്ന മക്കള്‍തന്‍ മാനസം
വാടാതെ, കൊഴിയാതെ, തളരാതെ നില്പ്പൂ.

By ivayana