രചന : സുദേവ് ബാണത്തൂർ ✍

കളങ്കരഹിതാമതി
തീവ്രജിജ്ഞാസയും മതി
ഇതിൽപരം വേണ്ടതില്ല
ഗുരുശാസ്ത്രമനുഷ്ഠാനം
മായാ പ്രക്ഷേപണം ലോകം
അനിത്യജഡവസ്തുത
എന്നൊരുൾത്തണുപ്പുണ്ടെങ്കിൽ
സമാധി! ഇതു കണ്ടിടൂ
വ്യവഹാരത്തിലേർപ്പെട്ടും
ഏകാന്തത്തിലിരുന്നിട്ടും
കാലം കഴിച്ചുകൂട്ടുന്നു
ഉള്ളമാകെ കുളിർത്തവർ
പരിതസ്ഥിതിയേതിലും
കുളിരുമുള്ളമുണ്ടെങ്കിൽ
അനുഭവിപ്പൂമോക്ഷത്തെ
അനന്തതപോഫലം
കപടനിശ്ചലതയിൽ
ദേഹം മാത്രമിരിക്കിലും
ഭ്രാന്തചിത്തനൃത്തം പോലെ
രാഗദ്വേഷപരമ്പര
മറ്റൊരാൾ ഭ്രാന്തനേ പോലെ
വ്യവഹാരങ്ങൾ ചെയ്കിലും
ആണ്ടുമുങ്ങിയിരിക്കുന്നു
അന്തശ്ശീതളധാരയിൽ
കർതൃത്വഭാവമില്ലായ്മ
ഉത്തമസ്സമാധിസ്ഥിതി
മോക്ഷകൈവല്യ നിർവ്വാണം
അചലചേതനാസുഖം.

സുദേവ് ബാണത്തൂർ

By ivayana