രചന : സാജുപുല്ലൻ ✍
കാത്തിരുന്ന് കത്ത് കിട്ടി.
വല്ലപ്പോഴുമേ പോസ്റ്റുമാൻ ഈ വഴി വരൂ .പോസ്റ്റോഫീസ് ഈ കുഗ്രാമത്തിൽ നിന്നും വളരെ ദൂരമായതിനാൽ ഒന്നോ രണ്ടോ മാസത്തെ കത്തുകൾ ഒന്നിച്ചു കൂടുമ്പോഴേ വരവുള്ളൂ. എങ്കിലും എന്നും കാത്തിരിക്കുമായിരുന്നു…
നട്ടിട്ട് അഞ്ചുവർഷമെടുത്ത് ഒരു ചെടിയിൽ പൂവിരിഞ്ഞതുപോലെ, കത്ത് കയ്യിലിരുന്നു. എപ്പോഴായാലും പോകാൻ പാകത്തിൽ ഉടുപുടവകൾ തിരുകിയ ബാഗ് തയ്യാറാക്കി വച്ചിരുന്നു .അതായിരുന്നു പിരിയുമ്പോൾ നിധിൻ്റെ വാക്ക് .
“സ്റ്റെല്ല തയ്യാറായിരുന്നേക്കണം. കത്തു കിട്ടുമ്പോ ,
അപ്പോത്തന്നെ പോന്നേക്കണം”
അഞ്ചുവർഷം മുമ്പുള്ള ഒരു കൊവേന്തപെരുന്നാള്. ഓർഫനേജിലെ കുട്ടികൾക്കൊപ്പം പള്ളീലെത്തിയത് .ക്വയറിലേക്ക് സിസ്റ്ററമ്മ തന്നെയും ചേർത്തത്. പ്രാക്ടീസിനിടെ ‘ക്വയറി’ലുണ്ടായ ചെറുപ്പക്കാരൻ അത്ഭുതപ്പെട്ടു നോക്കിനിന്നത് .അഭിനന്ദനങ്ങൾ കൊണ്ട് പൊറുതി മുട്ടിച്ചത് .പിന്നെ ഒറ്റയ്ക്ക് കിട്ടാൻ വട്ടംചുറ്റി .ആ പാട്ട് അയാൾക്കായി ഒരിക്കൽ കൂടി പാടണമെന്നായി .പെരുന്നാൾ മുറ്റത്തെ തോരണങ്ങൾ കൊണ്ടലങ്കരിച്ച ഗ്രോട്ടോയ്ക്കരികിലായിരുന്നു.
പഴയൊരു സിനിമാ ഗാനത്തിൻ്റെ ഈണത്തിനൊപ്പിച്ച് കൊട്ടും ഊത്തുമായി ബാൻ്റുമേളം കടന്നു പോയി. പെരുന്നാൾ പ്രദക്ഷിണം കൽകുരിശു ചുറ്റി പടിഞ്ഞാറേ അങ്ങാടിയിലേക്ക് നീങ്ങി. പ്രദക്ഷിണത്തിനു പോകാത്ത ചിലർ പള്ളിമുറ്റത്തും പെട്ടിക്കടകൾക്കു മുന്നിലും നിന്നിരുന്നു.
ഗ്രോട്ടോയ്ക്ക് മുമ്പിലെ സ്റ്റീൽ തളികകളിൽ
കുത്തി നിർത്തിയിരിക്കുന്ന
മെഴുകുതിരികൾ കത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
പ്രദക്ഷിണം കേറുമ്പോഴേയ്ക്ക് കത്തിച്ചു തീർക്കണം.സിസ്റ്ററമ്മ ഏൽപ്പിച്ചതാ.
“ഞാൻ ആദ്യമായാണ് ഒരു മാലാഖയുടെ സ്വരം
കേൾക്കുന്നത് “
ചെറുപ്പക്കാരൻ പറഞ്ഞു.
“കേൾക്കുക മാത്രമല്ല, കാണുന്നതും … “
” സ്റ്റെല്ലമാരിസ് ….
വണ്ടർഫുൾ നെയിം “
അയാൾ പറഞ്ഞു .
“സിസ്റ്ററമ്മ ഇട്ടതാ “
അവൾ പറഞ്ഞു.
” സിസ്റ്ററമ്മ മാത്രമേയുള്ളൂ , വേറെയാരുമില്ല എനിക്ക് “
അയാൾ പറഞ്ഞു.
“എനിക്കത്രയ്ക്ക്
ഇഷ്ടമായ്…
പാട്ട് .
നിഷ്കളങ്കമായ് പാടുമ്പോൾ …
പ്രാർത്ഥനാ ഗാനമെങ്കിലും സ്വരത്തിൽ അർത്ഥനയില്ലാതെ
പ്രചോദനംകൊണ്ടു മാത്രം സ്വയംമറന്ന് മുഴുകി … “
അങ്ങിനെയങ്ങിനെ
അതുവരെ പരിചയമില്ലാത്ത ഒരു ശീലിൽ സംഭാഷണം എത്തി . ആൾക്കൂട്ടത്തിനിടയിൽ രണ്ടുപേർ ചേർന്ന് തങ്ങളുടേത് മാത്രമായ ഒരു ലോകത്തിൽ നിൽക്കുമ്പോലെ നിന്നു. ഓർഫനേജിലെ കുട്ടിയെന്ന ഒരു നോട്ടവുമില്ലാതെ കൂടെ നടന്നു . കരുണാലയത്തിലെ കുട്ടിക്കൊപ്പം അത്രയും സോഷ്യലായി ഒരാൾ…
സിസ്റ്ററമ്മ പെരുന്നാളിൻ്റെ തിരക്കുകളിൽ പെട്ടു .തനിച്ചായിരുന്നു മടക്കം.
ഉച്ചയായിരുന്നു .
മേടച്ചൂടിൻ്റെ പുകച്ചിലുണ്ടായിരുന്നു .പൊടിമണ്ണ് പറന്ന് വഴിയ്ക്കിരുപുറമുള്ള
വേലികളിൽ പടർന്ന പേരറിയാചെടികളെ
ചുവന്ന ഉടുപ്പണിയിച്ചിരുന്നു. വെയിൽ തിളക്കത്തിൽ മഴത്തുമ്പികൾ കൂട്ടംകൂടി പറക്കുന്നുണ്ടായിരുന്നു. താൻ ഒറ്റയ്ക്കാണെന്നു കണ്ടിട്ടാവും തുമ്പിക്കൂട്ടം കൂട്ടുചേരാൻ വന്നു. തിടുക്കപ്പെട്ട് നടക്കുകയായിരുന്നു .
വർത്തമാനം പറഞ്ഞിട്ടും മതിയാവുന്നില്ലെന്നും പറഞ്ഞ് പിന്നാലെ വന്നു .
നിധിൻ ടോം എന്നാണ് പേര്. എം.ബി.എ ഫൈനൽ ഇയർ ആണ് .ബാംഗ്ലൂരാണ്. എല്ലാത്തിനു മുപരിയാണ് സംഗീതം . കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ നിധി .ഒറ്റശ്വാസത്തിലാണ് പറഞ്ഞത് .
“കേട്ടിട്ടില്ലേ –
പാട്ടിനെപറ്റിയുള്ള
ഖലീൽ ജിബ്രാൻ കവിത .”
അങ്ങനെയൊരു കവിത അവൾ വായിച്ചിരുന്നില്ല . നിധിൻ ആ കവിത ചൊല്ലി .
‘സ്വർണ കിരീടവും
വൈരത്തിൻ്റെ കണ്ഠാഭരണങ്ങളുമുണ്ടെനിക്ക്… നിഗൂഢമായ സങ്കേതങ്ങൾ സന്ദർശിക്കാനുള്ള കഴിവുമുണ്ട് ….
അപ്പോൾ പക്ഷി പറഞ്ഞു ,
പക്ഷേ നിനക്ക് പറക്കാൻ ആവില്ലല്ലോ…
പട്ടിൻ്റെ കുപ്പായവും
മിന്നും മാണിക്യക്കല്ലു മുണ്ടെനിക്ക്….
കാമദേവനേക്കാൾ സൗന്ദര്യവും…
പക്ഷി പറഞ്ഞു ,
പക്ഷേ നിനക്ക് പാടാനാവില്ലല്ലോ….’
അവൾ കേട്ടിരുന്നില്ല . പക്ഷിയെ പറ്റി അവൾക്ക് ആകെ അറിയാമായിരുന്നത് സിസ്റ്ററമ്മ പറഞ്ഞു കൊടുത്തതാണ്. അതൊരു കഥയായിരുന്നു. കാക്കയുടെ കൂട്ടിൽ മുട്ടയിട്ട് എങ്ങോ പറന്നുപോയ പക്ഷിയുടെ. യഥാർത്ഥത്തിലത് കുയിലിൻ്റെ കുഞ്ഞിനെ പറ്റിയായിരുന്നു .അതു ഓർക്കുമ്പോഴൊക്കെ എന്തിനോ വിഷാദപ്പെട്ടു പോകുമായിരുന്നു…
പിന്നെ പിന്നെ വളർന്നപ്പോൾ ,
കൂടെയുള്ള കുട്ടികൾ ,പുറമെക്കാർ ,
അടക്കം പറഞ്ഞു .
അവൾ അറിഞ്ഞു ആ കഥയിലെ കാര്യം .
എങ്കിലും എന്നെങ്കിലുമൊരുനാൾ
അമ്മ പക്ഷി …
അവൾ ഓർത്തു ,
ഈ മതിൽക്കെട്ടിനു പുറമേയുള്ള ലോകം തനിക്ക് മനസ്സിലാവാത്ത മറ്റെന്തോ ആണ്. നിറയെ പക്ഷികളുള്ള… പാട്ടുകളുള്ള…
ഉറക്കം വരാതെ കിടക്കുന്ന പാതിരാവുകളുടെ ഏകാന്തതയിൽ, മഴക്കാല രാത്രികളിൽ ,അത്രയൊന്നും പരിചിതമല്ലാത്ത ചില പക്ഷികളുടെ ശബ്ദങ്ങൾ കേൾക്കുമ്പോൾ അവൾ ഓർക്കും, നനയുമ്പോൾ
ചൂടി നിൽക്കാൻ ഒരു ഇല കീറിൻ്റെ ചുവടു തേടുന്ന ഏതോ പക്ഷിക്കുഞ്ഞ്…
പക്ഷേ അതൊന്നും അവൾ പറഞ്ഞില്ല .
അപ്പോൾ നിധിൻ ആദ്യം പറഞ്ഞു നിർത്തിയതിൻ്റെ തുടർച്ചയെന്നോണം പറഞ്ഞു:
” അങ്കിളിൻ്റെ വീട്ടിൽ വന്നതാണ് . വെക്കേഷന് .
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല… ഇപ്പോൾ കണ്ടിട്ടും …
ആ കാണുന്നതാണ് അങ്കിളിൻ്റെ വീട് -“എന്നു പറഞ്ഞതും ഓർക്കാപ്പുറത്തൊരു മഴ പെയ്തു.
സ്റ്റെല്ലയുടെ കയ്യിൽ
കുടയുണ്ടായിരുന്നില്ല. ചെറുപ്പക്കാരൻ മാന്ത്രിക വേഗത്തിൽ പോക്കറ്റിൽ നിന്നും കുടയെടുത്തു. നിവർത്തി അവളെ ചൂടിച്ചു .മനസ്സിൻ്റെ ഒരു പകുതി തടഞ്ഞിട്ടും
മറുപകുതിയിൽ അവൾക്ക് ഒഴിഞ്ഞുമാറാനായില്ല .എന്തോ അരുതുകൾ വിലക്കുമ്പോഴും ചേർന്നു നിൽക്കാൻ തോന്നുന്ന എന്തിനോ
വഴങ്ങിപ്പോകുകയായിരുന്നു .
അപ്പോൾ ആ പാട്ട് ചെറുപ്പക്കാരൻ മെല്ലെനെ മൂളി. കെട്ടിന് പാടാറുള്ള പാട്ടായിരുന്നു അത്. പാടുമ്പോൾ അയാളുടെ മുഖത്ത് മോഹം നിറഞ്ഞു …
അവളിലേക്കും പകർന്നു .
അയാൾ കുടക്കീഴിൽ അവളെ ചേർത്തു പിടിച്ചിരിക്കുകയായിരുന്നു. അത്രയ്ക്ക് സ്വന്തം പോലെ. ആരെങ്കിലും വരുമോ കാണുമോ എന്ന ഒരു വേവലാതിയുമില്ലാതെ. മഴയുടെ തുള്ളിപ്പാച്ചിലിൽ ഒരു ഇലച്ചുവട്ടിൽ ഇടം കിട്ടിയ പക്ഷിക്കുഞ്ഞ്
കേട്ടറിവുള്ള ചിറകുകൾക്കുള്ളിലെ ചൂട് തേടും പോലെ ,
അവൾ കുടയ്ക്ക് അടിയിൽ
പറ്റിച്ചേർന്നു നടന്നു .
മഴ നീരിനു തണുപ്പായിരുന്നു. പക്ഷേ അവൾ ചൂടിൽ …
അങ്കിളിൻ്റെ വീടോളം വരെ അയാൾ പാട്ട്
മൂളിക്കൊണ്ടിരുന്നു . അവിടെ വച്ച് കുട തന്നു വിടുമ്പോൾ പറഞ്ഞു:
“നമ്മൾ ആദ്യമായ് ചൂടിയ കുടയാണ് .ഇന്നു ഞാൻ
തിരിച്ചു പോകും. തയ്യാറായിരുന്നേക്കണം . ഞാൻ കത്തയക്കും .അഡ്രസ്സ് അതിലുണ്ടാവും . വരുമ്പോൾ ഈ കുട കയ്യിൽ വെച്ചേക്കണം. ആദ്യം ചൂടിയതിൻ്റെ ഓർമ്മയ്ക്കായി ….”
ഉത്തമ ഗീതത്തിലെ മണവാട്ടി യുടെ മൂന്നാം ഗീതമാണ് അന്നേരം അവൾ ഓർത്തു പോയത്… അർത്ഥമറിഞ്ഞ് അവൾ മനസ്സിൽ മൂളി-
‘അവൻ സംസാരിച്ചപ്പോൾ എൻ്റെ ഹൃദയം പരവശമായി …; ‘
അവൾ അത്രയും സ്നേഹത്തോടെ കത്തിന് ഒരു ഉമ്മ കൊടുത്തു .അന്നോളമുള്ള കാത്തിരിപ്പിൻ്റെ എല്ലാ ചൂടും ചേർന്ന് . എന്താണ് ചെയ്യുന്നതെന്ന ഒരു ബോധവുമില്ലാതെ…
യാത്രയ്ക്കായി കരുതിയിരുന്ന വസ്ത്രമണിഞ്ഞു. കുട കയ്യിലെടുത്ത് വേഗംന്ന് ഓർഫനേജിൻ്റെ മുറ്റത്തേക്കിറങ്ങി. അപ്പോഴാണവൾ ഓർത്തത്. ഇതുവരേയ്ക്കും കത്ത് തുറന്നു നോക്കിയില്ലല്ലോ .
അവൾ കത്ത് പൊട്ടിച്ചു. ഉള്ളടക്കം പുറത്തെടുത്തു .അതു അവൾ പ്രതീക്ഷിച്ചിരുന്ന
പോലുള്ള ഒരു കത്തായിരുന്നില്ല .നിധിൻ ടോമും മറ്റൊരു പെൺകുട്ടിയും തമ്മിലുള്ള വിവാഹക്ഷണപത്രമായിരുന്നു.
ഓർക്കാപുറത്തൊരു പെരുമഴ പെയ്തു .അവൾ കുടയുമായി മഴയിലേക്കിറങ്ങി. കുട നിവർത്തിയിരുന്നില്ല .
മഴ നീരിനു തണുപ്പായിരുന്നു. പക്ഷേ അവൾ ചുട്ടു വിയർത്തു.
ഒരു വലിയ കണ്ണ് തുറന്നുവച്ച പോലെയായിരുന്നു ആകാശം… എന്തോ കരടുപോയ് വീങ്ങിയ പോലുണ്ടായിരുന്നു . ഇടമുറിയാത്ത കണ്ണീരൊഴുക്കു പോലുള്ള പെയ്ത്തായിരുന്നു. ഒരിക്കലും തോരാൻ ഇടയില്ലെന്നു തോന്നിക്കുന്ന ഒഴുക്കിൻ്റെ ഇരമ്പങ്ങൾ കൺപോളകൾക്കുള്ളിൽ ആർത്തുകൊണ്ടിരുന്നു.
ഇരുട്ട് മൂടി വഴി മറഞ്ഞു പോയിരുന്നു…
അവൾ നടന്നു..