രചന : മാധവി ടീച്ചർ, ചാത്തനാത്ത്..✍

പ്രിയതമൻ തന്നുടെ മാറത്തെചൂടേറ്റു
നിദ്രയിലാണ്ടിടാൻ മോഹമേറേ
ചാരത്തണയവേ ദൂരെമാറ്റാൻതക്ക
തെറ്റുകുറ്റങ്ങളവളെന്തു ചെയ്തു –
ശ്രീയാണ് സ്ത്രീയെന്നചൊല്ലിന്നു സ്ഥാനമി-
ല്ലാതെയായ് സ്ത്രീധനം വേണമെന്നായ് !
കല്യാണസദ്യപൊടിപൊടിക്കാഞ്ഞതും
ആഭിജാത്യത്തിന്നു കോട്ടമായി!
പൊന്നിൻ്റെതൂക്കവും പട്ടിൻ്റെ കാന്തിയും
പോരാതെ വന്നതും കുറ്റമായി
ഭർത്തൃമാതാവതു ചൊല്ലിക്കലഹിച്ചു
പുത്തരിയിൽക്കല്ലവൾ കടിച്ചു!
തൊട്ടുകൂടാത്തൊരു കുട്ടിക്കു തൊട്ടതും,
പിന്നെത്തൊടാത്തതും കുറ്റമായി
സ്ത്രീധനമെന്നുള്ള വാക്കുമാ ചിന്തയിൽ
അഗ്നിസ്ഫുലിംഗങ്ങൾ ചിന്തുകയായ് !
ദു:സ്വപ്നമില്ലാത്ത നിദ്രയെന്നുള്ളതും
സ്വപ്നമായ് ഹൃത്തൊരു തീച്ചൂളയായ്!
ആരോടും സങ്കടംചൊല്ലുവാനില്ലാത്തൊ –
രാധിയായ് വ്യാധിയായ് മാനസത്തിൽ!
പാവമാം മാതാപിതാക്കൾക്കു സങ്കടം
നൽകാനും പെണ്ണവളശക്തയായി .
സ്ത്രീയായ്പ്പിറന്നതും വല്ലാത്ത കുറ്റമോ
എന്നവളോർത്തു
വിവശയായി
എന്തിനിച്ചെയ്യണം, എങ്ങോട്ടു പോകണം എന്നു ചിന്തിക്കേ തളർന്നു പോയി!
മുട്ടിത്തിരിഞ്ഞിട്ടൊരുത്തരം കിട്ടാതെ
സങ്കടക്കാട്ടിലലയുകയായ്!
ചിന്തക്കു ചിന്തേരുമിട്ടപ്പോൾ കിട്ടിയൊ –
രുത്തരം നിങ്ങളോടിന്നു ചൊല്ലാം.
ഗത്യന്തരമില്ലാതെത്തിയതല്ല നാം
സങ്കടക്കാട്ടിലൊളിച്ചിരിക്കാൻ
സ്ത്രീ തന്നെ സ്ത്രീധനമെന്നു ചൊല്ലീടുവാൻ
നമ്മളുണരുവാൻ കാലമായി !
സ്ത്രീയാണ് ശ്രീയെന്നുറപ്പിച്ചു ചൊല്ലുവാൻ
ശ്രീയാകും സ്ത്രീകളുണർന്നീടണം –
🙏🌷

മാധവി ടീച്ചർ

By ivayana