രചന : ഷാജി നായരമ്പലം ✍
കാലം കൂരിരുൾ വന്നുമൂടി, ചെറുതാ-
രങ്ങൾക്കുമേൽ ഗാഢമാം
മേലാപ്പിട്ടു മറച്ചുവച്ചു; പകലിൻ
ശത്രുക്കൾ വാഴുന്നിടം….
പൊക്കിക്കാട്ടിയ റാന്തൽവെട്ടമിനിയും
കെട്ടില്ലതിൽ കൈ മറ-
ച്ചൊട്ടും ശാന്തത കിട്ടിടാതെയലയു-
ന്നാരോ ഒരാൾ വീഥിയിൽ…
തൊട്ടും തീണ്ടിയുമുഗ്രമായ മതവി-
ദ്വേഷപ്പുരം തൂത്തിടാൻ
കെട്ടിത്തൂക്കിയൊരക്ഷരപ്രചുരിമാ
വെട്ടം ചൊരിഞ്ഞിട്ട യാൾ!
വിദ്വേഷങ്ങളഴിച്ചുവച്ചു മനുജൻ
സൗഹാർദ്ദമായ് വാഴുവാൻ
നിർദ്ദേശിച്ചരുൾ; ജാതി ഭേദമൊഴിയാൻ
നട്ടിട്ട വൻവിത്തുകൾ.
നന്നാകേണ്ടതു നമ്മളാണു്, മതമായ്-
തീരേണ്ടതും നമ്മളാ-
ണെണ്ണാൻ മറ്റു മതങ്ങളില്ല! മനുഷ്യൻ
നന്നാകുകിൽ നിർണ്ണയം.
ദൈവം മർത്യമതത്തിലൊന്നു്, മനുഷ്യ-
ത്വത്തിന്നുമേൽ നിൽക്കുവാ-
നാവില്ല,പ്പുറമൊന്നുമില്ല; മനുഷ്യാ-
ണാം മാറ്റു മർത്യന്നകം!
വിത്തം വിദ്യ, പ്രബുദ്ധതാപ്രസരണം
സിദ്ധൗഷധം നിങ്ങളെ-
ച്ചുറ്റും കെട്ടുകളൊക്കെമാറ്റി സഹജ-
സ്വതന്ത്ര്യമായ് നിർത്തിടും.
ഒറ്റക്കല്ല, ഉടച്ചിടാമൊരുമയായ്,
വൻശക്തിയായ്; മർത്യരിൽ
മർത്യൻ തീർത്ത നുകങ്ങളെ! യുഗയുഗാ-
ന്തങ്ങൾ ചുമന്നെങ്കിലും.
ഏറും കൂരിരുളൊട്ടെരീച്ചു, ജനസാ-
മാന്യത്തിനായ് ജീവിത-
ത്തേരും പോരുമൊരാൾ തെളിച്ചു; തെളിയാ-
നാവാത്തവർ ചുറ്റിലും….
പോരിൽത്തെറ്റിയ ലക്ഷ്യമായ് ധിഷണ തൊ-
ട്ടീടാതെ മൂഢോപമം
നേരേയഗ്ഗുരു തൊട്ടുതന്ന കുറിമാ-
നം മായ്ചു നിൽക്കുന്നിതാ….
നേരാണിറ്റു വെളിച്ചമറ്റ സമകാ-
ലത്തിൻ്റെ രൂപാന്തരം,
ഏറെപ്പിന്നിയ വൃത്തിഹീന മത മേ-
ലാപ്പിൻ്റെ മാറാപ്പുമായ്
കോലംകെട്ടവർ മുന്നിലുണ്ട്; ഗുരു കാ-
ലത്തിൻ്റെയിങ്ങേപ്പുറം
ചേരും ചാട്ട വലിച്ചെടുത്തു രഥവേ-
ഗം പൂണ്ടു നിന്നീടുമോ?
ആരൂഢങ്ങളുടഞ്ഞിടില്ല, മതവി-
ഭ്രാന്തിക്കുമേൽ നിശ്ചയം
നേരിന്നുജ്ജ്വല വെട്ടമേറ്റ തവ ദൃ-
ഷ്ടാന്തം നിതാന്തം വരും.
ആ രേതസ്സു പുരണ്ടെണീറ്റു നിതരാം
പാടട്ടെ ഞാൻ സദ്ഗുരോ
സാരാർത്ഥങ്ങളിലുൽഭവിച്ച കവിതാ
ഗീതം, ഭവത്ജീവിതം!