രചന : രാജു കാഞ്ഞിരങ്ങാട് ✍
സന്ധ്യ ഒരു കറുത്ത ചോരക്കട്ടയായി!
ദിക്കുകൾ ചോരക്കട്ട പിഴിഞ്ഞ്
ഇരുട്ടിനെ എങ്ങും ഇറ്റിച്ചു !!
ഇരുട്ടിൽ നിലാവെളിച്ചം
വെള്ളത്തിലെ മീനിനെപ്പോലെ
കളിച്ചു കൊണ്ടിരുന്നു
വെള്ളം ഒഴുകുന്നില്ല
കാറ്റ് വീശുന്നില്ല ,എങ്ങും ഒച്ചയില്ല
അറ്റുപോയ ഒച്ചകൾ
ഒറ്റി കൂക്കാനെന്നോണം
മറഞ്ഞു നിന്നു
നിലാവ് നെയ്തെടുത്ത ശീലകൾ
മഞ്ഞിൽ ഉണങ്ങാനിട്ടു
തണുത്ത പാറയിൽ വിരിച്ചിട്ട ശീലകൾ
പെട്ടെന്ന് ഉണങ്ങിക്കിട്ടി
നിലാ നൂലുകൾക്ക്
മഴനൂലിനേക്കാൾ ഉറപ്പുണ്ട്
നിലാ ശീലകൾക്ക്
വെള്ളം പോലെ കുളിരുണ്ട്
നീലാശീലയിൽ തുന്നിവെച്ച കസവാണ് –
നക്ഷത്രങ്ങൾ
നക്ഷത്രങ്ങൾ പ്രണയചിഹ്നങ്ങളാണ്
നോക്കൂ ;
മണലിൽ
മഴയിൽ
മിഴിയിൽ
മൊഴിയിൽ
അവളുടെ ഉള്ളംകൈയിൽ
വംശ ചിഹ്നങ്ങളായതിനാൽ
നക്ഷത്രങ്ങളെ
നാം ഹൃദയത്തോട് ചേർത്തു –
വയ്ക്കുന്നു