ഡാർവിൻ പിറവം.✍
ഏറെ കഴിവുകളുള്ള, പരിചയ സമ്പന്നരായ, നാടകത്തിലും, ഗാനമേളയിലുമൊക്കെ വ്യക്തിഗത പ്രകടനം കാഴ്ച്ചവയ്ക്കുന്ന ജോയൽ, ഫോട്ടോഗ്രാഫി ഷൂട്ടിങ്ങ് എഡിറ്റിങ്ങിൽ ആധുനികതകൾ കീഴടക്കിയ ജിജോ, തുടങ്ങി മറ്റുപലരും ചേർന്ന്, ഒരു ഷോർട് ഫിലിമിനായി, കഥ എഴുതണമെന്ന് എന്നോട് പറഞ്ഞ് തുടങ്ങിയത്, ചെന്നുനിന്നത് ഒരു സീരിയലിലേക്ക്! അതുകൂടാതെ, എന്നെ പിടിച്ച് ഡയറക്ടറുമാക്കിയ, ഒരു കഥ!
കുറച്ച് കവിതകളും, നോവലുകളും എഴുതിയിട്ടുണ്ട്, പുസ്തകമായിട്ടുണ്ട്. അതിൽ ചിലത് ഷോർട് ഫിലിമായിട്ടുണ്ട് ആൽബമായിട്ടുണ്ട്, അതിനുവേണ്ടി കുറെ കാശും തകർത്തിട്ടുണ്ട്, എന്നതല്ലാതെ എഴുത്തിൽ എടുത്തുപറയാൻ, ഒന്നുമില്ലാത്തവൻ!
. വിവിധ ഓർഗനൈസേഷനുകളും പലതരത്തിലുള്ള അവാർഡുകൾ, ആദരവുകൾ ഒക്കെയും നൽകിയിട്ടുണ്ടെങ്കിലും, അതെല്ലാം സ്നേഹവീട് കേരളയെന്ന സംഘടനയിൽ നിലനിൽക്കുന്നതിനാൽ, ഉണ്ടായ പിടിപാടുകളിൽ നിന്നുമാണ്, എന്നെ തേടിയെത്തിയത് അതല്ലെങ്കിൽ, എന്നെ അറിയുന്ന അനേകർ, പല സംഘടനകളിൽ ഉള്ളതിനാലാണ് എനിക്ക് പരിഗണന കിട്ടിയത്. അതിൽ കവിഞ്ഞ് അവാർഡിലും, ആദരവിലും ഞാനൊരു മൂല്യവും കാണാറില്ല. എല്ലാവർക്കും കിട്ടുമ്പോൾ, നമുക്കും കിട്ടിയിട്ടുണ്ടെന്ന് പറയാം, അത്രമാത്രം!
. എന്നാൽ ഒരു എഴുത്തുകാരൻ്റെ, ഏറ്റവും വലിയ ആഗ്രഹമായ, സിനിമയിൽ ഗാനരചന, എന്നത് വലിയൊരു ലക്ഷ്യമായിരുന്നു. കുറച്ച് ഗാനങ്ങൾ എഴുതി നൽകിയെങ്കിലും അതെല്ലാം ചവറ്റുകൊട്ടയിൽ സ്ഥാനം പിടിച്ചു! പിടിപാടോ, കോടിക്കണക്കിന് രൂപയോ ഒന്നുമില്ല, എനിക്കൊരു സിനിമ ഇറക്കി, ആഗ്രഹ സാക്ഷാത്കാരം സ്വന്തമായി പൂർത്തീകരിക്കുവാൻ! അല്ലെങ്കിൽ, ആ വലിയ പദവി നേടുവാൻ ഇപ്പളും അതിനുവേണ്ടി, പല വാതിലുകളിൽ മുട്ടുന്നു!
. ഒരു എഴുത്തുകാരൻ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെടുന്നത് സ്വന്തം ജന്മനാട്ടിലായിരിക്കും എന്നത് പ്രശസ്തരായ എഴുത്തുകാർ പറഞ്ഞ് കേട്ടിട്ടുണ്ട്. അത് അവരുടെ അനുഭവമാണ് എന്നത് സത്യമെങ്കിലും, വെറുതെ എന്തെങ്കിലും കുത്തിക്കുറിക്കുന്ന എന്നെ, എന്തിന് ചവുട്ടിത്താഴ്ത്തുന്നു എന്നത് ഞാൻ പലപ്പോളും ചിന്തിച്ചിട്ടുണ്ട്? സാധാരണക്കാരനായ എന്നെ പ്രോത്സാഹിപ്പിക്കണ്ടതിന് പകരം, കൂടെയുള്ള സൗഹൃദങ്ങൾ, ജോലി ചെയ്യുന്നവർ ഒക്കെയും, മാറിനിന്ന് പരിഹസിക്കുന്നു. എന്നാൽ പരിഹസിക്കൽ ഒരു വാശിയായി മറ്റുള്ളവർ ഏറ്റെടുത്തപ്പോളാണ്, ശരിക്കും എഴുതണമെന്ന വാശി തോന്നിയത്. പരിഹാസത്തെ അവഗണിച്ച്, സ്നേഹവീട്ടിലെ ഗുരുക്കന്മാരുടെ സഹായത്താൽ എഴുത്തിൽ മുന്നോട്ട് തന്നെ നീങ്ങി.
പരിഹസിക്കുന്നവർക്ക് വീണ്ടും അവസരം കൊടുക്കാൻ ദൃഢ പ്രതിക്ഞയെടുത്തു. പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോളാണ്, എഴുത്തിലൊരു ആത്മവിശ്വാസം കൈവന്നത്.
. കവിതകൾ ആൽബമായിട്ടുണ്ട്, കഥകൾ ഷോർട് ഫിലിമുകൾ ആയിട്ടുണ്ട്. അതിനാൽ ഒരു കഥ എഴുതാൻ പറഞ്ഞപ്പോൾ, സൗഹൃദത്തിൻ്റെ നിർബന്ധത്തിന് വഴങ്ങി, കഥ എഴുതി നൽകിയപ്പോൾ, എന്നോട് ഡയറക്ടർ ആകണമെന്ന്!
. സത്യത്തിൽ ആദ്യമൊന്ന് ഞെട്ടി, നടക്കില്ലെന്ന് കട്ടായം പറഞ്ഞു. അപ്പോൾ നാട്ടിൽ സ്കൂൾ തലത്തിലും ശേഷം കുവൈറ്റ് അക്ഷര ഡ്രമാറ്റി ക്ലബ്ബിൻ്റെ ഭാഗമായതും, ഏതാണ്ട് ഏഴോളം പ്രൊഫഷണൽ നാടകങ്ങളിൽ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തതുമൊക്കെ ഓർമ്മകളിൽ നിന്ന് ചികഞ്ഞ്, സൗഹൃദം എൻ്റെ മുമ്പിൽ നിരത്തി. പലപ്പോളും, റിഹേഴ്സലുകളിൽ ഡയറക്ടർ ഇല്ലാത്തപ്പോൾ, ആ ഭാഗം ചെറുതായി കൈകാര്യം ചെയ്തതുമൊക്കെ ചോദ്യങ്ങളായ് ഉന്നയിച്ചു. ഞങ്ങളുടെ ആഗ്രഹം ചേട്ടൻ തന്നെ ഡയറക്ടർ, എന്ന നിർബന്ധബുദ്ധിയിൽ, ഞാൻ അവർക്കുമുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്.
ഒന്നും അഹങ്കരിക്കാൻ ഇല്ലാത്തവന്, നാട്ടുകാർ പരിഹസിച്ച് ചവുട്ടിക്കൂട്ടുന്നവന്, ലക്ഷ്യം സാക്ഷാത്കരിക്കാൻ മാർഗ്ഗം തടസ്സമല്ലെന്ന് പറഞ്ഞതും, മുട്ടുവിൻ തുറക്കപ്പെടുമെന്ന് പറഞ്ഞതും, ലോകത്തിലെ ഏകദൈവം, ഏക ശക്തി തന്നെയല്ലെ. ആ ഏകദൈവത്തിലുള്ള, ശക്തിയിലുള്ള വിശ്വാസമാണ്, ഈ പുതിയ രചന, ഡയറക്ടർ ചുവടുവയ്പ്പ്!
താല്പര്യമുള്ളവർ കാസ്റ്റിങ്ങ് കോൾ സമയത്ത് പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു. ഇതൊരു ഷോർട് ഫിലിം, ആയിരിക്കില്ല മറിച്ച് അനേകം എപ്പിസോഡുള്ള, ഒരു സീരിയൽ ആയിരിക്കും. എല്ലാവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ട്…
നിങ്ങളുടെ സ്വന്തം
ഡാർവിൻ പിറവം.