രചന : കനകം തുളസി✍

സുഖമുള്ള സ്വപ്നസവിധേ വസിച്ചിടുമ്പോൾ
സുഖശയനമോഹമേറ്റുന്ന
ചിത്തത്തിനായ്
സുഖദവരികളാൽ
മെനഞ്ഞു ഞാനെന്റെ
സുഖസാന്ദ്ര വിരിപ്പിന്നലങ്കാരച്ചാർത്തുകൾ.
സഖികളായ് സദാ അരികിലണഞ്ഞതോ
സ്നേഹസംഗീതത്തിൻ
സ്വരസുധാ വൈഖരികൾ.
സോമപ്രകാശ സാമീപ്യം സന്ധ്യയിലലിയുമ്പോൾ
സരളമായി സോപാനഗീതം
എന്നകതാരിൽ
സദാ സത്യപ്രകാശമായി.
അഭിലാഷങ്ങളെൻ
അന്തപ്പുരത്തിന്നാമാടപ്പെട്ടിയിൽ
അണിയിച്ചൊരുക്കി.
ആനന്ദനിർവൃതിയെ അഹ്ലാദമോടെ
അണിയത്തിരുത്തി.
അമരത്തായെൻ
സങ്കൽപ്പസൂര്യനും
അണയാതെ വസിപ്പൂ.
അനന്തമാമാകാശമെന്നപോലെ
അനന്തസങ്കൽപ്പ ജാലങ്ങളകമേ നിറച്ച്,
അരങ്ങുകളുത്സവ ലഹരികളാക്കിടുമ്പോൾ,
അറിയാതെൻ ജീവസ്പന്ദം
അരങ്ങൊഴിഞ്ഞലിയേണമീ
അരുമപ്പെണ്ണാം മണ്ണിന്മാറിലെയുണ്മയിൽ.
അതിനായടിയൻ
അവിരാമമകതാരിൽ
പ്രാർത്ഥനാ പുഷ്പാഞ്ജലികൾ
അർപ്പിച്ചു നിൽപ്പൂ ദൈവമേ.

കനകം തുളസി

By ivayana