രചന : സെഹ്റാൻ✍
മഴ ആർത്തിരമ്പി പെയ്യുന്ന ചില രാത്രികളിൽ ഇപ്പോഴും ഞാനാ ശബ്ദം കേൾക്കാറുണ്ട്. കഥപറയുന്ന ഒരു മുത്തശ്ശിയുടെ ശബ്ദം. വള്ളിയമ്മാമ്മ…!?
പഴയൊരു പോസ്റ്റിൽ ഞാൻ വള്ളിയമ്മാമ്മയെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
(ഞങ്ങൾ തൃശൂർക്കാർക്ക് അമ്മൂമ്മ എന്നാൽ അമ്മാമ്മയാണ്.)
പണ്ടൊരു വീട്ടിൽ വാടകക്കാരായി കഴിയുന്ന കാലം. ആറോ, ഏഴോ ആണ് അന്നത്തെ എന്റെ പ്രായം. രണ്ടാനച്ഛനും, അമ്മയും കിടക്കുന്ന മുറിയ്ക്കും, അടുക്കളയ്ക്കും ഇടയിലുള്ള ചെറിയൊരു ഇടനാഴിയിൽ, ചാണകം മെഴുകിയ തറയിൽ വിരിച്ച പായിൽ മൺഭിത്തിയോട് വർത്തമാനങ്ങൾ പറഞ്ഞാണ് എന്റെ കിടപ്പ്. മഴക്കാലമാകുമ്പോൾ തൊട്ടടുത്ത വീട്ടിലെ വള്ളിയമ്മാമ്മ ഞങ്ങളുടെ വീട്ടിൽ രാത്രി കിടക്കാൻ വരും. ഓടുവീടാണ് അവരുടേത്. മഴക്കാലത്ത് നന്നായി ചോരും. ഓലപ്പുരയാണെങ്കിലും ഞങ്ങളുടെ വീട് ഒരുതുള്ളി ചോരില്ല.
കിടക്കാൻ നേരമാകുമ്പോൾ ഒരു പായും മടക്കിപ്പിടിച്ച്, പല്ലില്ലാമോണകൾ കാട്ടിച്ചിരിച്ച് വള്ളിയമ്മാമ്മ വരും. ഇടനാഴിയിൽ പായവിരിച്ച് ഞങ്ങളൊരുമിച്ചാണ് കിടപ്പ്. മണ്ണെണ്ണവിളക്കണഞ്ഞ് ഇരുട്ട് കൊഴുക്കുമ്പോൾ മഴയുടെ ഇരമ്പലോടൊപ്പം വള്ളിയമ്മാമ്മ കഥകൾ പറഞ്ഞു തുടങ്ങും. അമ്മാമ്മയുടെ ദേഹത്തെ ചൂടുപറ്റിക്കിടന്ന് ഞാൻ കാതുകൾ കൂർപ്പിക്കും.അമ്മാമ്മയുടെ മൊഴികളിലൂടെ മിത്തുകളുടെ ഒരു ലോകം ഇരുളിൽ ഇതൾവിടർത്തും. നമ്മൾ കേട്ടുപഴകിയ പുരാണേതിഹാസങ്ങളിലെ
കഥകളാണ് അമ്മാമ്മ പറയുന്നത് എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. അമ്മാമ്മയുടെ കഥകളിൽ പുരാണകഥാപാത്രങ്ങൾ എപ്പോഴും വഴിമാറി സഞ്ചരിച്ചു.
വിചിത്രവഴികളിലൂടെ ലക്കും, ലഗാനുമില്ലാതെ പറന്നു. നിർവചിക്കാനാവാത്ത മനോവ്യാപാരങ്ങളവർ ഭാണ്ഡത്തിലാക്കി തലയിൽ ചുമന്നു. കേൾക്കുന്നവർ സ്തബ്ധരായിപ്പോകുന്ന വിചിത്രകൽപ്പനകളുടെ ലോകം!
ചില ദിവസങ്ങളിൽ കഥപറഞ്ഞുകൊണ്ടിരിക്കേ അമ്മാമ്മ ഉറക്കത്തിലേക്ക് നിശബ്ദയാകും. പാതിപറഞ്ഞുനിർത്തിയ കഥയിലപ്പോൾ കൃഷ്ണനോ, യുധിഷ്ഠിരനോ, ദുര്യോധനനോ, ഭീമനോ, രാമനോ, ഹനുമാനോ, ലക്ഷ്മണനോ ഒക്കെ വീട്ടിലേക്കുള്ള വഴിമറന്നുപോയ കുട്ടികളെപ്പോലെ വിളറിപിടിച്ച് വിലപിച്ച് ഓടിനടക്കും. അന്നേരം കഥകൾക്ക് എന്റേതായൊരു അന്ത്യം സൃഷ്ടിച്ച് അവരുടെ വിലാപങ്ങൾക്ക് അറുതി വരുത്താൻ ശ്രമിച്ച് ഞാൻ പരാജയപ്പെടും.
പിന്നെ നിസ്സഹായതയോടെ അവരോടൊപ്പം കനത്ത ഇരുളിൽ ചുറ്റിത്തിരിയും. എത്രയോ രാത്രികളങ്ങനെ…
ആ വാടകവീടൊഴിയുമ്പോൾ വല്ലാത്തൊരു ശൂന്യതയായിരുന്നു മനസ്സിൽ. മറ്റൊരു വാടകവീടിന്റെ കുടുസ്സുമുറിയിൽ ഞാൻ ഒതുങ്ങിക്കൂടി.
മഴപെയ്യുന്ന രാത്രികളിൽ അമ്മാമ്മയുടെ കഥാപാത്രങ്ങൾ ചിറകുകൾ വിടർത്തി മുറിയിലെ ഏകാന്തതയുടെഇരുളിൽ പറന്നു. ഭിത്തിയിലും, മേൽക്കൂരയിലും ചെന്നിടിച്ച് ദേഹത്തേക്ക് വീണ് അവയെന്റെ ഉറക്കം ഞെട്ടിച്ചുകൊണ്ടിരുന്നു. വർഷങ്ങൾ… വർഷങ്ങൾ…
ഒരിക്കൽ വിട്ടുപോന്ന ആയിടത്തിൽ വെച്ച് വള്ളിയമ്മാമ്മയുടെ ചെറുമകനെ ഈയിടെ ഞാൻ കണ്ടു. മരിച്ചു പോയ അമ്മാമ്മ ഞങ്ങളുടെ സംഭാഷണവിഷയമായി. അവരുടെ കഥകളും. അവനെന്നെ പരിഹാസപൂർവ്വം നോക്കി.
“നിനക്ക് ഭ്രാന്തുണ്ടോ? മരിക്കും വരെ അമ്മാമ്മ ഞങ്ങളോടൊന്നും ഒരു കഥയും പറഞ്ഞിട്ടില്ല. ഇത്തരം കഥകളൊക്കെ അമ്മാമ്മയ്ക്ക് എങ്ങനെ അറിയാൻ?”
ഇപ്പോൾ ഞാനാ സാധ്യതയെക്കുറിച്ചും ചിന്തിക്കുകയാണ്. കനത്ത ഇരുളിൽ തകർത്തു പെയ്യുന്ന മഴയോടൊപ്പം കഥപറഞ്ഞിരുന്ന ഒരു മുത്തശ്ശി!
സാധാരണ ഗതിയിൽ അവർ പറയുന്നത് വ്യക്തമാകണമെങ്കിൽ രണ്ടുമൂന്നു തവണ ആവർത്തിക്കേണ്ടി വരുമായിരുന്നു. അങ്ങനെയുള്ള അമ്മാമ്മ സ്ഫുടമായ, വാത്സല്യം തുളുമ്പുന്ന ശബ്ദത്തിൽ എന്നോട് കഥകൾ പറഞ്ഞിരുന്നു. അതും തീർത്തും വിചിത്രങ്ങളായ കഥകൾ!!
ഇരുളിൽ ഒരിക്കലും ഞാനവരുടെ മുഖം കണ്ടിരുന്നില്ല. അങ്ങനെയാണെങ്കിൽ ഓലമേൽക്കൂരയിൽ മഴപെയ്യുന്ന താളത്തോടൊപ്പം എന്നോട് കഥകൾ പറഞ്ഞിരുന്നത് യഥാർത്ഥത്തിൽ ആരായിരുന്നു…!?
കുരുക്ഷേത്ര ഭൂമിയിൽ യുദ്ധം മുറുകുകയായിരുന്നു. മുറിവേറ്റവരുടെ വിലാപങ്ങൾ! ചുടുരക്തത്തിന്റെ ഗന്ധം…
“നിർത്ത്!” ഒരലർച്ച. ഭീമസേനനായിരുന്നു അത്.
“വരൂ” അയാൾ നടന്നു. യുദ്ധം നിർത്തി ഏവരും ഒരമ്പരപ്പോടെ അയാളെ അനുഗമിച്ചു. ഇപ്പോൾ കൗരവരോ, പാണ്ഡവരോ, വിവിധ ചേരികളോ ഇല്ല. ഒരാൾക്കൂട്ടം! അവർ മുന്നോട്ടു നടന്നു.
ഫലമൂലാദികൾ നിറഞ്ഞ ഒരു പ്രദേശത്തായിരുന്നു അവരെത്തിയത്.
വേണ്ടുവോളമവർ ഭക്ഷിച്ചു. നിറച്ചുവെച്ച പാത്രങ്ങൾ നിറയെ മദ്യമുണ്ടായിരുന്നു.
അവർ വയർ നിറയെ കുടിച്ചു.
വിശപ്പ് തീർന്നു. ലഹരി നിറഞ്ഞു. അവർ ശത്രുത മറന്നു. ഭാരം കുറഞ്ഞ മനുഷ്യരായ് കൗരവരും, പാണ്ഡവരും പരസ്പരം ആശ്ളേഷിച്ചു. അവർ ചിറകുകളുരുമ്മി പറക്കാൻ തുടങ്ങി.
കുരുക്ഷേത്ര ഭൂമിയുടെ ദിക്കിലേക്ക് തിരിഞ്ഞുനോക്കാൻ പോലും അവർ മടിച്ചു. പിന്നോട്ടുള്ള നടത്തം ശത്രുതയെ പുന:സ്ഥാപിച്ചെങ്കിലോ എന്നവർ ഭയപ്പെട്ടു. അങ്ങനെയവർ പറന്നു. ദൂരേക്ക്. ദൂരേക്ക്…
ധൃതരാഷ്ട്രർ ചോദിച്ചു;
“സഞ്ജയാ, കുരുക്ഷേത്ര ഭൂമിയിൽ ഇപ്പോൾ എന്ത് കാണുന്നു…?”
സഞ്ജയൻ നെടുവീർപ്പിട്ടു.
“കുരുക്ഷേത്രഭൂമിയിൽ മനുഷ്യരായിട്ട് ആരുമില്ല രാജാവേ. ഒടിഞ്ഞ ആയുധങ്ങളും, തകർന്ന തേരുകളും, അനാഥരായ കുതിരകളും, ആനകളും മാത്രം…”
രാത്രിയാണ്.
മഴയുടെ ഇരമ്പം.
കണ്ണടച്ചാൽ കനത്ത ഇരുട്ട്.
വള്ളിയമ്മാമ്മ കഥപറയുന്ന ശബ്ദം…
വള്ളിയമ്മാമ്മ അല്ലായിരുന്നെങ്കിൽ മറ്റാരായിരുന്നു ഇത്രയും കാലം ഈ കഥകളെല്ലാം എന്നോട് പറഞ്ഞുകൊണ്ടിരുന്നത്…!?