രചന : ശ്രീകുമാർ എം പി✍

ചന്തത്തിലാടുക കണ്ണാ നിന്റെ
ചെന്തളിർപാദങ്ങളാലെ !
ചാരുപുരികക്കൊടികൾ ചേലിൽ
ചാപങ്ങൾ പോലെ ചലിയ്ക്കെ
പുല്ലാങ്കുഴലിന്റെ നാദ മെങ്ങും
പൊന്നല തുള്ളിയൊഴുകി
ഓമനപ്പൂമുഖം വേർത്തു മെന്നാ
ലോമൽച്ചൊടികൾ ചിരിച്ചും
ചാഞ്ചല്യമറ്റു വിളങ്ങി ചെമ്മെ
വിശ്വമറിയും മിഴികൾ
ചാഞ്ചാടി പീലികൾ തമ്മിൽ നല്ല
കാവടിയാടുന്ന പോലെ
നൻമണം ചിന്നും തുളസി ഹാരം
മാറിൽ ശ്രീവത്സത്തിലാടി
മെല്ലെ കുറുനിര താള മോടെ
യമ്പിളിനെറ്റിയിൽ തുള്ളി
ചന്ദനഗോപി കുതിർന്നു വൊപ്പം
സിന്ദൂരകാന്തി പടർന്നു
കാളിന്ദിയാറ്റിൽ കലങ്ങി കൊടും
കാകോളം കാളീയനാലെ
കടമ്പിൻ കൊമ്പത്തു നിന്നും കണ്ണൻ
കാളീയപത്തിമേൽ ചാടി
ആളിപ്പടർന്നയാ നൃത്ത ജ്വാല
കാളീയദർപ്പമടക്കി
കൈയ്യിൽ കടിഞ്ഞാൺ പിടിച്ചു വേഗം
പായുന്ന തേരു തെളിച്ചു
ഓടക്കുഴലു മുകരും തന്റെ
ഓമൽച്ചൊടികളിൽ നിന്നും
ഓങ്കാരനാദം മുഴങ്ങി പ്രൗഢം
പാഞ്ചജന്യം മുകർന്നപ്പോൾ
പാർത്ഥന്റെയാശങ്ക മാറ്റാൻ ലോക
തത്ത്വത്തിൻ ഗീത പകർന്നു
ലോകത്തിനേകിയാ വെട്ട മെന്നു
മെന്തിനും മീതെയായ് നില്പൂ
രാധയ്ക്കു രാഗം പകർന്നു പ്രേമ
മിത്രമേൽ പൂക്കുമൊ പാരിൽ !
രാവിന്റെ തോഴരൊടുങ്ങി ബല
രാമകൃഷ്ണൻമാർ വസിയ്ക്കെ
പാവം സുധാമാവിനേകി ദേവൻ
പാരിൻ വസന്തമോക്ഷങ്ങൾ
ചന്തത്തിലാടുക വീണ്ടും കൃഷ്ണ
ചെന്തളിർപാദങ്ങളാലെ
കാളീയൻ വന്നിതാ വീണ്ടും വിഷം
കാളിന്ദി തന്നിൽ നിറഞ്ഞു
കാളീയദർപ്പമകറ്റാൻ കണ്ണ
കായാമ്പൂവർണ്ണാ നീയാട്
കൈയ്യിൽ കടിഞ്ഞാൺ പിടിച്ചീ പുതു
ലോകരഥത്തെ തെളിയ്ക്കൂ
ഓമൽച്ചൊടികളിൽ നിന്നും പാഞ്ച-
ജന്യം മുഴങ്ങട്ടെ വീണ്ടും
പാർത്ഥന്റെയാശങ്ക തീർക്കാൻ മഹാ-
ഭാരതം കാക്കുന്നു ശൗരെ

ശ്രീകുമാർ എം പി

By ivayana