രചന : മോഹൻദാസ് എവർഷൈൻ.✍
ആശാൻ വായനശാലയിൽ എത്തുമ്പോൾ അവിടെ ആരുമില്ലാതെ വഴിയമ്പലം പോലെ തുറന്ന് കിടക്കുകയായിരുന്നു.
മേശപ്പുറത്ത് ആരും തുറന്നുനോക്കാത്ത പത്രങ്ങൾ മടക്ക് നിവർത്താതെ കിടപ്പുണ്ട്,
ആശാൻ കയ്യിലിരുന്ന കാലൻക്കുട മൂലയിൽ ചാരിവെച്ചു.
എന്ത് പറയാനാ, പണ്ടൊക്കെ ഇവിടെ വന്നാൽ ഒരു പത്രം വായിക്കുവാൻ കയ്യിൽ കിട്ടാൻ എത്ര നേരം കാത്തുനില്കണമായിരുന്നു. ആരോടെന്നില്ലാതെ ആശാൻ ആത്മഗതം ചെയ്തു.
അന്തരീക്ഷം ആകെ മൂടികെട്ടി ഇരുളടഞ്ഞ് കിടന്നു, വെയിലൊന്ന് കണ്ടിട്ട് ദിവസങ്ങളായി.
ആശാൻ പത്രങ്ങളുടെ തലക്കെട്ടുകളിലൂടെ കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നിൽ ഒരു കാൽപെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കി.
‘എത്തിയോ?. സതീശാ സത്യത്തിൽ നിന്നെ കാണാഞ്ഞപ്പോൾ ഞാൻ ഒന്ന് സംശയിച്ചു. ഇന്നിനി മഴയായിട്ട് പ്രോഗ്രാം മാറ്റിയോന്ന്?’.
‘ഇല്ലാശാനെ വീട്ടീന്നിറങ്ങി കുറച്ച് ദൂരം നടന്നപ്പോഴാണ് ചെറുക്കന്റെ ഗൃഹനില എടുക്കാൻ മറന്നതോർത്തത്, പിന്നെ അതെടുക്കാൻ തിരിച്ചു പോയി, അതാ ഞാൻ അല്പം വൈകിയത് ‘.
മുൻപൊക്കെ ഇവിടെ വന്നാൽ എന്തെങ്കിലും മിണ്ടാനും,പറയാനും,ആരെങ്കിലുമൊക്കെ ഉണ്ടാകുമായിരുന്നു, ഇതിപ്പോൾ ആളൊഴിഞ്ഞ മരണവീട് പോലെ ആയില്ലേ?
ആശാൻ വായനശാലയെ നോക്കി അല്പം വിഷമത്തോടെ പറഞ്ഞു.
ഇവിടെ വന്നിരിക്കാൻ ആർക്കാ ആശാനെ ഇപ്പം സമയം?, എല്ലാവർക്കും തിരക്കോട് തിരക്കല്ലേ.
ആശാൻ വാ നമുക്ക് അവിടം വരെ പോയിട്ട് വരാം,അവര് നമ്മളെ കാത്തിരിക്കയാവും.
ആശാൻ ചുണ്ടിലിരുന്നെരിഞ്ഞ് തീരാറായ ബീഡിക്കുറ്റി വലിച്ചെറിഞ്ഞ്,കുടയുമെടുത്ത് പിന്നാലെ നടക്കുമ്പോൾ സതീശൻ പറഞ്ഞു.
“ഇപ്പൊ വന്ന് വന്ന് ആശാനെ പോലുള്ള മൂന്നാൻമാരും അന്യം നിന്ന് പോകയല്ലേ?.
എല്ലാം ഇപ്പോൾ ഓൺലൈനിൽ കൂടിയല്ലേ?.പിള്ളാർക്കും അതാ ഇഷ്ടം’.
അതുകേട്ടപ്പോൾ ആശാൻ തന്റെ വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി ഒരു ചിരിചിരിച്ചു.
‘അത് ശരിയാ സതീശാ നീ പറേണത്, നമ്മുടെയൊക്കെ കാലംകഴിഞ്ഞു. ഇന്നിപ്പോൾ ജാതിയില്ലാ, മതമില്ലാ എന്നൊക്കെ തട്ടിവിടുന്നത് കേട്ടാൽ തോന്നും ഇവിടെയെല്ലാവരും അങ്ങ് പുരോഗമനവാദികൾ ആയെന്ന്, അപ്പോഴാ ഓരോ ജാതിക്കും, പ്രത്യേകം, പ്രത്യേകം മാര്യേജ് ബ്യുറോകൾ, കാലം മാത്രമെ മാറിയുള്ളൂ സതീശാ ,നമ്മളൊന്നും ഇതുവരെ മാറിയില്ല’.
ആശാൻ വാചാലനായി.
‘സ്ത്രീധനം വേണ്ടാന്ന് പറയുന്നോരും നമ്മളോട് രഹസ്യമായി ചോദിക്കും ‘എന്ത് കിട്ടുമെന്ന്? ‘:അതാ കാലം’.
ആശാൻ പറയുന്നതിൽ കാര്യമുണ്ടെന്ന് സതീശനും തോന്നി.
‘അത് ശരിയാ,ആരും മാറിയിട്ടൊന്നുമില്ലാശാനെ,
ആശാൻ പെട്ടെന്ന് വാ മോനും, മോളും കൂടി വന്ന് വഴിയിൽ നമ്മളെ കാത്ത്
നില്കുന്നുണ്ടാകും, ഇതെങ്കിലും നടന്നാ മതിയായിരുന്നു’.
‘അതൊക്കെ നടക്കും, നീ അവിടെ വന്ന് കച്ചവടഭാഷ എടുക്കാതിരുന്നാൽ നിന്റെ മോന് പെണ്ണ് കിട്ടും, അല്ലെങ്കിൽ എനിക്കും കൂടി തല്ല് കിട്ടും ‘.
അതും പറഞ്ഞ് ആശാൻ ചിരിച്ചപ്പോൾ സതീശനും അറിയാതെ കൂടെ ചിരിച്ചുപോയി.
മഴ പിന്നെയും ചാറി തുടങ്ങിയപ്പോൾ ആശാൻ കുട നിവർത്തി, അതിനുള്ളിലേക്ക് കയറി സതീശനും ചേർന്ന് നടന്നു.