രചന : സാജിർ കരിയാടൻ ✍
8 ബിയിലെ
മാളു പി. കെ
പോക്കുവരവുള്ള കാട്ടിൽ
മാസക്കറ പുരണ്ട ചോരത്തുണി വലിച്ചെറിയാറുള്ളത്
സുഹറ കാണും ..
തനിച്ചെറുപ്പത്തിലേ വലിയപെണ്ണായ കാര്യം
ആരോടും പറയരുതെന്ന്
സുഹറയ്ക്ക് താക്കീത് കൊടുക്കും…
ഉപേക്ഷിക്കപ്പെട്ട അശുദ്ധിയെ
മറ്റാരും കണ്ടിട്ടുണ്ടാവില്ലെന്ന വിശ്വാസം മാളുവിൽ ഉടലെടുക്കും.
ഊടുവഴിയിൽ കൊഴിഞ്ഞുചീഞ്ഞ
ഇലഞ്ഞിപ്പൂമണം
അവളോടൊപ്പം സ്കൂളിൽ പോകും..
ഓട്ടമത്സരത്തിൽ
നൂറുമീറ്ററോടുമ്പോൾ വയറുവേദന വന്ന്
ചോരപൊടിഞ്ഞതുകണ്ട്
പി.ടി. മാഷ്
മുലയിലേക്ക് കണ്ണേറ് പായിക്കും..
‘ഒരുമ്പെട്ടോളേ’,’തേവിടിച്ചീ’ന്ന്
മൂക്കറ്റം കുടിച്ച് അന്തിക്ക് വീട്ടീക്കേറി വരുന്ന അപ്പന്റെ ആട്ടലിനെക്കാളും അറയ്ക്കും
പി.ടി മാഷിന്റെ നോട്ടം
ഇടയ്ക്കിടെ
സ്കൂൾ മൂത്രപ്പുരയിലേക്ക് ഓടുമ്പോൾ ഓടിളക്കിയൊരു പാമ്പ് തലയിട്ടു നോക്കും.
അമ്മേ..ന്ന് വിളിച്ചവൾ
പാമ്പിനെ കണ്ട ഭയം രഹസ്യപ്പെടുത്തി
ക്ലാസിലേക്കോടും..
മുഖം തുടച്ച്,
ജീവിതം കരിമ്പനടിച്ച പാവാട പൊക്കിപ്പിടിച്ചു തലകുനിച്ചു
ബെഞ്ചിൽ പോയിരുന്ന്
കോമ്പസെടുത്ത് ഡസ്ക്കിൽ കുത്തി ഒറ്റപ്പെട്ടവളുടെ മുറിപ്പാടുള്ള ഭൂപടം വരയ്ക്കും….
നോമ്പുകാരിയെപ്പോലെ
വിശപ്പിനെ
അവൾ ആശ്ലേഷിക്കും ..
അമ്മ ചത്തതിൽ പിന്നെ
ഒറ്റമുറി മുഴുക്കെ
കരിനാഗങ്ങളുടെ കാടാവും ..
അവളുടെ
ഞെട്ടിക്കരയലിൽ
കർക്കടകപ്പനി വന്ന്
നെറ്റി മരുഭൂമിയാകും..
അതികഠിന വയറുവേദനയിൽ നൊന്തുപുളയുന്ന
അവളുടെ രാത്രിയാകാശം
വിഷം ചീറ്റുന്നൊരു പാമ്പാകും…
പകൽ , ആരോ ഉപേക്ഷിക്കപ്പെട്ട അശുദ്ധിയുടെ ഉറുമ്പരിക്കുന്ന ചോരത്തുണിയാവും
കറുത്ത് കരിവാളിച്ച അവളുടെ മിഴിയിലുരുണ്ടലയടിക്കുന്ന കടലിരമ്പലിൽ
ഉടൽ നീലിച്ച്
വായിൽ നിന്നും നുരപതഞ്ഞ് കുമിയും..
വസന്തം ഉപേക്ഷിച്ച
ഉദ്യാനത്തിൽ നിന്നും ഒറ്റപ്പെട്ട് പോവുന്ന പൂമ്പാറ്റയെ പോലെ അവളിൽ നിന്നുമവൾ എങ്ങോട്ടോ ചിതറിപ്പോകുന്നു….
(വാക്കനൽ)