ശ്രീകുമാർ ഉണ്ണിത്താൻ✍

മലയാള ചലച്ചിത്ര,സീരിയൽ നടൻ,നിർമ്മാതാവ്കെ എന്നീ നിലകളിൽ പ്രശസ്തനായ ദിനേശ് പണിക്കർ ഫൊക്കാന ഒർലാണ്ടോ കൺവൻഷനിൽ അതിഥിയായി എത്തിച്ചേരുന്നു . നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും വളരെ അധികം വിശിഷ്ടവ്യക്തികൾ എത്തിക്കൊണ്ടിരിക്കുന്നു.

ടെലിവിഷൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതനായ ദിനേശ് പണിക്കർ ഇപ്പോൾ അറിയപ്പെടുന്ന സീരിയൽ നടൻ കൂടിയാണ് .അമേരിക്കൻ മലയാളികളുടെ ജീവിതത്തിരക്കിനിടയിൽ ടെലിവിഷൻ പ്രോഗ്രാമുകളെ പോലെ തന്നെ സീരിയലുകളും ഒരാശ്വാസമാണ് .നിരവധി സീരിയലുകളിലൂടെ പ്രശസ്തനായ ദിനേശ് പണിക്കരുടെ കൺവെൻഷനിലെ സാന്നിധ്യം അമേരിക്കൻ മലയാളികൾക്ക് അദ്ദേഹവുമായി സംവദിക്കുവാനും അവസരം ലഭിക്കുന്നതും സന്തോഷകരമായ അനുഭവം ആയിരിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് പറഞ്ഞു .
തൃശ്ശൂർ ജില്ലയിൽ ജനിച്ച ദിനേശ്ര പണിക്കർ സതന്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം മെഡിക്കൽ റെപ്പായി ജോലിയിൽ പ്രവേശിച്ചു. ജോലിസംബന്ധമായി ഉദയ സ്റ്റുഡിയോയുടെ അടുത്ത് താമസിയ്ക്കുമ്പോൾ ദിനേശ് പണിയ്ക്കർ സിനിമാ പ്രവർത്തകരുമായി സൗഹൃദത്തിലായി. അങ്ങിനെ 1980 ൽ സഞ്ചാരി എന്ന സിനിമയിൽ പ്രേംനസീറിന്റെ ഡൂപ്പായിട്ടാണ് ആദ്യ സിനിമാഭിനയം. പിന്നീട് ധന്യ എന്ന സിനിമയിൽ ഒരു ഗാനരംഗത്തിലും അദ്ദേഹം അഭിനയിച്ചു.

അപ്പോഴേയ്ക്കും തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റിയ ദിനേശ് പണിക്കർ. ബിസിനസ്സിലേയ്ക്ക് തിരിഞ്ഞു. കേരളത്തിൽ ആദ്യത്തേത് എന്നു പറയാവുന്ന ഒരു വീ‍ഡിയോ ലൈബ്രറി അദ്ദേഹം തിരുവനന്തപുരത്ത് തുടങ്ങി. അന്ന് മലയാളത്തിൽ വീഡിയോ കോപ്പി റൈറ്റ് ഇല്ല. ദുബായിയിൽ നിന്ന് കാസറ്റുകൾ ഇറങ്ങുകയാണ് പതിവ്. ദിനേശ് പണിക്കരാണ് മലയാള സിനിമയിൽ ആദ്യമായി വീഡിയോ കോപ്പിറൈറ്റ് വാങ്ങുന്നത്. മോഹൻ ലാൽ നായകനായ ജനുവരി ഒരു ഓർമ്മ എന്ന സിനിമയുടെയായിരുന്നു കോപ്പിറൈറ്റ്. . രജപുത്രൻ, പ്രണയവർണ്ണങ്ങൾ.. എന്നിവയുൾപ്പെടെ പത്തോളം ചിത്രങ്ങൾ അദ്ധേഹം നിർമ്മിച്ചു. രോഹിത് ഫിലിംസിന്റെ ബാനറിലായിരുന്നു സിനിമകൾ നിർമ്മിച്ചിരുന്നത്. നിർമ്മിച്ച ചിത്രങ്ങളിൽ ചിലത് സാമ്പത്തികമായി പരാജയപ്പെട്ടത് ദിനേശ് പണിക്കർക്ക് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിയതിനാൽ സിനിമാ നിർമ്മാണത്തിൽ നിന്നും അദ്ദേഹം പിന്മാറി.

സിനിമയിൽ നിന്നുണ്ടായ സാമ്പത്തിക തകർച്ചയിൽ വിഷമിച്ച ദിനേശ് പണിക്കരെ പിന്നീട് സഹായിച്ചത് ടെലിവിഷൻ പരമ്പരകളാണ്. 2003 ൽ കെ കെ രാജീവ് സംവിധാനം ചെയ്ത സ്വപ്നം എന്ന സീരിയലിലാണ് അദ്ദേഹം ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് പതിനഞ്ചോളം സീരിയലുകളിൽ അഭിനയിച്ചു. 2007 ൽ റോക്ക് എൻ റോൾ എന്ന സിനിമയിലൂടെ ദിനേശ് പണിക്കർ സിനിമാഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നു. തുടർന്ന് അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.ദിനേശ് പണിക്കരുടെ ഭാര്യ രോഹിണി സ്ക്കൂൾ അദ്ധ്യാപികയാണ്. രണ്ടു മക്കൾ രോഹിത്, രൂപേഷ്.മലയാള സിനിമയുടെ വളർച്ചയുടെ കാലഘട്ടത്തിൽ സിനിമയുടെ സഹയാത്രികനാവുകയും പിന്നീട് ടെലിവിഷനുകളിലേക്കും ചേക്കേറിയ ദിനേശ് പണിക്കരുടെ സാന്നിധ്യം ഫൊക്കാന നാഷണൽ കൺവൻഷന്‌ മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല .

By ivayana