രചന : സണ്ണി കല്ലൂർ✍

ബ്രിയെൻസ് റോത്ത്ഹോൺ റെയിൽവേ 1892 ൽ ആരംഭിച്ച ആവി എൻജിൻ ഉപയോഗിച്ച് മല മുകളിലേക്കുള്ള യാത്രയിൽ പങ്ക് ചേരുവാൻ ലോകത്തിൻറ നാനാഭാഗത്തുനിന്നും ടൂറിസ്റ്റുകൾ ഇവിടെയെത്തുന്നു.
ബ്രിയെൻസ് തടാകത്തിൻറ സമീപത്തുനിന്നുള്ള സ്റ്റേഷനിൽ നിന്നും
7.6 കിലോമീറ്റർ ദൂരെ 2351 മീറ്റർ ഉയരമുള്ള റോത്ത്ഹോൺ കൊടുമുടിയിലേക്ക് ഒരു മണിക്കുർ നീണ്ടു നിൽക്കുന്ന യാത്ര.


അരുവികളും വനവും, പശുക്കൾ മേയുന്ന പുൽത്തകിടികളും മനോഹരദൃശ്യങ്ങൾ ആസ്വദിച്ച് പതുക്കെ കുടുങ്ങി കുടുങ്ങിയുള്ള സഞ്ചാരം ലോകത്തിൽ വേറെയില്ല. പകുതി തുറന്ന കോച്ച് തുരങ്കത്തിലൂടെ കടന്നു പോകുമ്പോൾ കാതടപ്പിക്കുന്ന ശബ്ദവും മുകളിൽ നിന്നും ഇറ്റിറ്റ് വീഴുന്ന തണുത്ത വെള്ളതുള്ളികളും വലിയ അനുഭവമാണ്.
വീതി കുറഞ്ഞ റെയിലുകൾക്കിടയിൽ പല്ലുചക്രം പിടിച്ച് കയറുന്ന മൂന്നാമത് ഒരു റെയിൽ ഉണ്ട്.


കാലാവസ്ഥ അനുകൂലമാണെങ്കിൽ സ്വിസ്സ് ആൽപ്സ് പർവ്വതനിരകളിലെ ബെർണീസ് ഓബർലാൻറ് ചുറ്റുപാടുമുള്ള ചെറുതും വലുതുമായ 693 കൊടുമുടികൾ കാണാൻ കഴിയും.


വൈകീട്ട് നാലരയോടെ താഴെനിന്നും പുറപ്പെടുന്ന ട്രെയിനിൽ മുകളിലെത്തി ഹോട്ടലിൽ താമസിക്കാം നല്ലഭക്ഷണവും വൈനും കഴിച്ച്
രാത്രിമുഴുവൻ മലനുകളിൽ ചിലവഴിച്ച് രാവിലെ സൂര്യോദയം കഴിച്ച് പ്രാതലിന് ശേഷം തിരിച്ചു വരാം, മധുവിധു ആഘോഷിക്കുന്ന ഇൻഡ്യാക്കാരേയും അവിടെ കണ്ടു.
കൽക്കരി അല്ലെങ്കിൽ ഫ്യൂവൽ ഓയിൽ ഉപയോഗിച്ച് വെള്ളം ചൂടാക്കി നനഞ്ഞ ആവി ഉൽപാദിപ്പിക്കുന്നു ശേഷം സൂപ്പർഹീറ്റർ കോയിലിലൂടെ കടന്നു പോകുമ്പോൾ 420 ഡിഗ്രിയിലെത്തുന്ന ആവി പിസ്റ്റൺ പ്രവർത്തിപ്പിക്കുന്നു.

അതിനോട് അനുബന്ധിച്ചുള്ള ചക്രങ്ങൾ കറങ്ങി ട്രെയിൻ മുന്നോട്ട് നീങ്ങുന്നു. തിരിച്ചു വരുമ്പോൾ ആവി എൻജിൽ ബ്രേക്ക് ആയി ഉപയോഗിക്കുന്നു, താരതമ്യേനെ ശബ്ദവും കുറവായിരിക്കും, ട്രെയിനുകൾ ക്രോസ്സ് ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രം ഇരട്ട ലൈനുകൾ ഉണ്ട്.

By ivayana