രചന : ജിസ്നി ശബാബ്✍
ഉരുണ്ടുരുണ്ടെന്നെ തേടിവന്നൊരു കളിവണ്ടി ചക്രം,
ചോദ്യങ്ങൾ കൊണ്ടൊരു വട്ടമാക്കിയതെന്നെ ബാല്യത്തിലേക്കുരുട്ടിവിട്ടു.
ചെമ്മണ്ണ് പാറിച്ച് നമ്മൾ
താണ്ടിയ വഴികളെവിടെ?
വീതികൂട്ടി ടാറിട്ട് റബറൈസ് ചെയ്തല്ലോ.
പഞ്ചാരേം നാരങ്ങമുഠായീം
വാങ്ങാനോടിയ പീടികയെവിടെ?
പൊളിച്ചുമാറ്റി സൂപ്പര്‍ മാർക്കറ്റ് പണിതല്ലോ.
കാൽപ്പന്ത് കളികണ്ടു ഞാൻ നിന്നെ
കാത്തിരുന്ന പാടവരമ്പുകളെവിടെ?
മണ്ണിട്ടുനികത്തി ഫ്ലാറ്റുകൾകെട്ടിപ്പൊക്കിയല്ലോ.
ആടുമേച്ചുനടന്ന കുന്നിൻപ്പുറങ്ങളെവിടെ?
ഇടിച്ചുനിരത്തിയവിടം റിസോര്‍ട്ടുകൾ നിറഞ്ഞല്ലോ.
അതിരില്ലാതോടിയ മുറ്റങ്ങളെവിടെ? മതിലുകെട്ടി ഗേറ്റുവെച്ച് പൂട്ടിയല്ലോ.
എന്നെ നീ പങ്കു നൽകിയിരുന്ന കൂട്ടുകാരനെവിടെ?
കാണാറില്ല, ഓൺലൈനിൽ വരാറുണ്ടല്ലോ.
എന്നോടൊപ്പമൊന്നോടാൻ ബാല്യങ്ങളെവിടെ?
അവർക്ക് ഇലക്ട്രിക് ബൈക്കും കാറുമുണ്ടല്ലോ.
ചോദ്യങ്ങൾ കൊണ്ടെന്നെയൊരു വട്ടമാക്കിയുരുണ്ടുരുണ്ടുപ്പോയൊരു കളിവണ്ടി ചക്രം.