രചന : കമർ മേലാറ്റൂർ ✍
കുഴിമാടത്തിലേക്കുള്ള യാത്ര
കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയാണ്.
യാത്ര തുടങ്ങുന്നതിന്
തൊട്ടുമുമ്പ് ചെറിയവൻ
കഞ്ഞിയും പയറും
ചോദിച്ചതോർമ്മയുണ്ട്.
കരിപിടിച്ച ചുമരിൽ അവനൊരു
മാലാഖയെ വരയ്ക്കുകയായിരുന്നു.
അതിയാൻ കാലത്തേ
നാലുകാലിൽ മുറ്റത്ത് ലാന്റ് ചെയ്തല്ലോയെന്നും,
മൂത്തതൊരെണ്ണത്തിന്
സമയത്തിനു വെയ്ക്കാൻ
വിസ്പറു പോലുമില്ലാത്ത
വേദനയും ഓർത്തു.
വലിച്ചുകീറിയ ജുബ്ബയുടെ,
അയയിൽത്തൂക്കിയ
കഷ്ണത്തിലേക്ക്
പതിയെ പിടിച്ചുതൂങ്ങി കരിനിലത്തേക്ക്
ഒഴുകിയില്ലാതാവുകയായിരുന്നു.
അമ്മേയെന്ന് അവനപ്പോഴും കഞ്ഞിക്കുവേണ്ടി
മൂക്കിളയൊലിപ്പിച്ചു.
കുളിമുറിയിലെ ജലധാരയ്ക്കൊപ്പം
ചോരയൊലിച്ചു പോവുമ്പോൾ
അവളും അമ്മച്ചീന്ന് കരയുന്നു.
ഊതിയൂതിയടുപ്പായ കണ്ണും
വിശപ്പുകൊട്ടിയടച്ച കാതും
വെറുതെയങ്ങനെ പാവം പെൺഹൃദയത്തെ
ആത്മഗതങ്ങളുടെ കുരിശിലേറ്റുന്ന സമയങ്ങളാണ്
സത്യത്തിൽ ആ വെറും നിലത്ത്
മരവിപ്പോടെ.
ഓർമ്മകൾ വെറുതെ വിടില്ല.
മഞ്ചലിലേറ്റി കുഴിമാടത്തിലേക്ക്
വലിച്ചിഴയ്ക്കുകയാണങ്ങനെ.
നേരത്തോടുനേരം
ഒരു മുലയിൽനിന്നു പാലും
മറ്റൊന്നിൽനിന്നു ചോരയുമൂറ്റിയ രണ്ടു ബന്ധങ്ങളെ
എത്രവേഗമാണ് ഓർമ്മയെന്ന് വരച്ചു ചേർക്കുന്നത്.
ഈ ശരീരം നഷ്ടമാക്കുന്ന ഓർമ്മകളിൽ
ഒരു കരിക്കലത്തിലെ കഞ്ഞിയും
കുഞ്ഞുനിലവിളിയും തിളയ്ക്കുന്നു.
ഓർമ്മകളെ ഈ സെമിത്തേരിയിൽ
പകുത്തൊരു ചുംബനത്തിന്റെ ചൂടുള്ള
ജോഡി ചുണ്ടുകളായി കാത്തുവെയ്‌ക്കുന്നു.
ഒന്നെടുത്ത് കരയുന്ന കുഞ്ഞിളം ചുണ്ടിൽ ചേർക്കുക.
മറ്റൊന്നിനെ കാമത്തിന്റെ കുതിരക്കൊമ്പിൽ കൊളുത്തിയും വെക്കുക.
ഇതെന്റെ രക്തവും മാംസവുമെന്ന്
ഒസ്യത്തായി പങ്കുവെയ്ക്കപ്പെടട്ടെ.