രചന : ഷാജു കെ കടമേരി✍
എത്ര മനോഹരമായാണ്
ഒരു കുടക്കീഴിലേക്ക്
ചേർന്ന് നിൽക്കുന്ന
സ്നേഹസൗരഭ്യത്താൽ
തണലേകുന്നവരെ
സുവർണ്ണ നിമിഷങ്ങളാൽ
മനസ്സിൽ അടയാളപ്പെടുത്തുക.
നമ്മൾക്കിടയിൽ ഒരാൾ
അടയാളപ്പെടുത്തപ്പെടുമ്പോൾ
അയാൾ നമ്മളിലേക്ക്
വലിച്ചെറിയുന്ന
കുളിർമഴക്കൂട്ടിനുള്ളിൽ
ജാതിമത അതിർവരമ്പുകൾ
വെട്ടിപ്പൊളിച്ച
തുടുതുടെ പെയ്ത്തിൽ
മുങ്ങി നിവരുമ്പോൾ
നമ്മളെ ചേർത്ത് പിടിച്ച്
ചുറ്റിവരിയുന്ന ഉൾതുടിപ്പിൽ
നെഞ്ചിൽ അവരെഴുതിവയ്ക്കുന്ന
കവിതയിൽ ലോകത്തെ മുഴുവൻ
അടുക്കിപ്പിടിച്ച്,
അസമത്വങ്ങളെ
കടപുഴക്കിയെറിയുവാൻ
പടർന്നിറങ്ങുന്ന ചെറുതുടുപ്പുകൾ.
ഷഫീക്ക്, എന്നെയും നിന്നെയും
സൃഷ്ടിച്ചത് ഒരേ ദൈവം എന്നിട്ടും
വേലി കെട്ടി കരിവിഷമൂതി
കൊടുങ്കാറ്റ് ചൂടിക്കും
ചില കഴുതജന്മങ്ങൾ.
നമ്മൾക്കിടയിൽ കുടഞ്ഞിടുന്ന
ചോരചിന്തകൾക്ക് നടുവിൽ
ഉരുകിയൊലിക്കുമ്പോൾ.
അസമത്വത്തിന്റെ
വെയിൽചിറകുകളിൽ
വീണ്ടും കലാപവരികൾ
ചേക്കേറുന്നു.
ഓരോ നിമിഷവും
കരള് കുത്തി പുളയുന്ന
നാളെയുടെ നെഞ്ചിലേക്ക്
വെടിയുതിർത്ത്
കൊണ്ടിറങ്ങിയോടുന്നു
കൂട്ടം തെറ്റിയ നിഴലുകൾ.
മുറിവുകളുടെ അഗ്നിവസന്തം
ചൂടിനിൽക്കുന്ന ഇന്നിന്റെ
ചങ്കിടിപ്പുകളിൽ
മതിൽകെട്ടുകൾ അടിച്ച് തകർത്ത്
ഒരുമയുടെ വസന്തം വരയ്ക്കുന്ന
പുതുവെട്ടം കൊളുത്താൻ
ഒന്നിച്ചണിനിരക്കട്ടെ വാക്കുകൾ
ഇന്നിന്റെ രാക്ഷസ ചിന്തകളെ
നെടുകെ പിളർന്ന്
ഖുർആനും, ബൈബിളും, ഗീതയും
നെഞ്ചേറ്റിയ ആൾക്കൂട്ടം
തെരുവിൽ കൈകോർത്ത്
കെട്ടിപുണർന്നൊരു ഉണർവ്വായ്
പ്രതീക്ഷയുടെ കുതിപ്പിലേക്ക്
പടർന്നിറങ്ങട്ടെ……..