രചന : ഡാർവിൻ. പിറവം.✍

മാനം കോരിച്ചൊരിയുന്ന മഴയിൽ, വൃദ്ധസദനത്തിൻ്റെ ഒരു കോണിൽ, ഹൃദയങ്ങൾ നഷ്ട്ടത്തിൻ പന്ഥാവുകൾ അയവിറക്കുമ്പോള്‍, അനന്ദന്റെ ഉള്ളിൽ മഴയോട് എന്തെന്നില്ലാത്ത പ്രണയം തോന്നി…
കുളിരുകോരി മഴനൂലുകൾ പെയ്തിറങ്ങുകയാണ്. വൃദ്ധ ഹൃദയങ്ങളിൽ മഴവില്ലിൻ്റെ ചാരുതകൾ വിരിയുന്നു.


മയൂരനൃത്ത മാസ്മരികതകൾ കൺകടാക്ഷമായി. അന്ത:രംഗങ്ങളിൽ കുളിരിടുന്ന സ്മൃതിയുണരാൻ, ഒറ്റപ്പെടലിന് കൂട്ടായ്, ഗൃഹാതുരത്വം പെയ്തിറങ്ങുകയാണവിടെ. പറഞ്ഞാശ്വസിക്കുവാൻ മക്കളോടൊത്തുള്ള, അസുലഭ നിമിഷങ്ങൾ. മക്കൾക്ക് കരുതലായ, കാവലായ് മാറിയ അനുഭവങ്ങൾ, കൂടാതെ ഉപേക്ഷിച്ചക്കപ്പെട്ടവരുടെ ഹൃദയമർമ്മരങ്ങളും…


കുടപിടിച്ച വ്യസനങ്ങൾ കൊച്ചുകൊച്ചു സന്തോഷങ്ങൾ പങ്കുവയ്ക്കുമ്പോൾ, അനന്ദനും പറയുവാൻ ഓർമ്മകൾ ഏറെയുണ്ടായിരുന്നു. ഹൃദയങ്ങൾ ഓർമ്മകൾ പങ്കിടുമ്പോൾ, കേൾവിക്കാരനായ അനന്ദൻ അവിടെ നിന്നും മെല്ലെ അകന്നുനീങ്ങി.
വൃദ്ധസദനത്തിന്റെ മറ്റൊരു കോണിൽ, തനിക്കെന്നും ഏകാന്തത തീർത്തിരുന്ന, ചിതലുതിന്ന ജനൽ അഴികൾക്ക് അപ്പുറത്തെ, പൊട്ടിയ ഗ്ലാസുകൾക്കിടയിലൂടെ, ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളെ നോക്കി, അവൻ നിന്നു. ആണ്ടുകൾക്കപ്പുറം പെയ്തിറങ്ങിയ മഴ ഓർമ്മകൾ, അനന്ദൻ്റെ ഉള്ളിൽ ഈറനണിഞ്ഞു. ഏകാന്തതകൾ താണ്ടി ദൂരങ്ങൾക്കപ്പുറം, കാതങ്ങൾക്കുമകലെ, തന്റെ ഓർമ്മകളിലേക്ക് അനന്ദൻ വഴുതിവീണു. വർഷങ്ങൾക്ക് മുൻപ് പെയ്തതിറങ്ങിയ മഴയെ ഓർത്ത്, പെയ്തിറങ്ങുന്ന മഴത്തുള്ളി കുഞ്ഞുങ്ങളോട്, അവൻ തന്റെ കഥകൾ പറഞ്ഞുകൊണ്ടിരുന്നു…


കോരിച്ചൊരിയുന്ന നിനക്ക് ഓർമ്മയുണ്ടോ, പേമാരിയായ് നീ അന്ന് പെയ്തിറങ്ങിയത്, അതോ ഭൂതകാലങ്ങൾ നീ, മറക്കുന്നുവോ? വർത്തമാന മാനവരാശികൾ പോലും പഴയമകൾ മണ്ണിട്ട് മൂടുകയല്ലെ! പിന്നെന്തിന് നിന്നെമാത്രം പഴിപറയുന്നു? അനന്ദൻ ആരിലും കുറ്റങ്ങൾ ചാർത്താതെ, മഴയോർമ്മകളിലേക്ക് ഊളിയിട്ടു. പഴയകാല ഓർമ്മകൾ ഒന്നിടവിടാതെ, നേർത്ത് പെയ്യുന്ന മഴയോടവൻ പങ്കുവച്ചുകൊണ്ടിരുന്നു…


വാനിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി. മാനം കറുത്ത് കാർമേഘങ്ങൾ, ആദിത്യനെ അകറ്റിമാറ്റി, കാറ്റിൽ താണ്ഡവമാടി! പച്ചയിൽ തീർത്ത പൂവുടയാട പുതച്ച, സുന്ദരിയായ ഭൂമിദേവിയിൽ കാർമേഘം കാമാഗ്നിപൂണ്ടു. മലകളാകും മാറുകളെ അവൻ കാമാസക്തിയിൽ കശക്കിയപ്പോൾ,
ആ നിർവ്യതിയിൽ ധരിത്രിയും അറിയാതെ പ്രണയാദുരമായി. പരമാനന്ദ പരിസമാപ്തിയിൽ, അനുഭൂതികൾക്കൊടുവിൽ കാർമേഘം മഴയായ് ഭൂമിയിൽ പെയ്തിറങ്ങി…


അമ്പലമുറ്റത്ത്, കുട്ടികൾ മഴയോടൊപ്പം ആർത്തു ചിരിച്ച്, മഴ വെള്ളത്തിൽ കളിച്ചു രസിക്കുമ്പോൾ, മൂടുകീറിയ നിക്കറിട്ട് അനന്ദനും, പിഞ്ചിയ ബെറ്റിക്കോട്ടിട്ട അനന്ദന്റെ കുഞ്ഞനിയത്തിയും അവിടെ ചെല്ലുമായിരുന്നു. എന്നാൽ അവർക്കൊപ്പം കളിക്കുവാന്‍ അനന്ദനെയും, കുഞ്ഞനുജത്തിയെയും, ഒരിക്കലുമവർ ഒപ്പം കൂട്ടുകയില്ലായിരുന്നു.
അമ്മയുമച്ഛനും ഉപേക്ഷിച്ച് പെരുവഴി ഓരത്ത്, ഓലക്കുടിലില്‍ താമസിക്കുന്ന, കഞ്ഞിക്കുവക ഇല്ലാതിരുന്ന നിർധനരായ അനന്ദനെയും കുഞ്ഞുപെങ്ങളെയും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അന്നൊക്കെ, എന്ത് സന്തോഷത്തോടെ ആയിരുന്നു കൂട്ടുകാരുമായി അമ്പലമുറ്റത്ത് കൂട്ടുകൂടാന്‍, കളിക്കുവാനായി അവർ ചെന്നത്!

എന്നാൽ, കുഞ്ഞുപെങ്ങളും, അനന്ദനും അവിടെനിന്നു പോകാന്‍ “അന്ന് പെയ്ത മഴയില്‍ ” കുതിര്‍ന്ന ചെളിയെടുത്ത് അവരുടെ മുഖത്ത് വാരി എറിയുമായിരുന്നു. ചെളിവെള്ളം കാലുകൊണ്ട്‌ തട്ടി, അവരുടെ ശരീരമാകെ നനയിപ്പിച്ച് പൊട്ടിച്ചിരിക്കുമായിരുന്നു…
ഇന്ന് മഴ പെയ്യുമ്പോള്‍, അനന്ദനാദ്യം ഓര്‍മ്മ വരുന്നത്‌ “അന്ന് പെയ്ത മഴയും ” കൂട്ടുകാരും, ചെളിവെള്ളം തട്ടിത്തെറിപ്പിച്ച കൂട്ടുകാരുടെ പൊട്ടിച്ചിരികളുമാണ്. പക്ഷെ മഴയുടെ ഓര്‍മ്മകള്‍ മനോഹരമല്ലെന്ന് അനന്ദൻ പറയുകയില്ല. അനന്ദനും, കുഞ്ഞുപെങ്ങളും ആഗ്രഹിച്ച്, അവർക്ക് ആസ്വദിക്കാൻ ആകാതെപോയ ഓര്‍മ്മകളായ് “അന്നു പെയ്ത മഴ” അനന്ദന്റെ മനസ്സിൽ എന്നും സ്ഥാനം പിടിച്ചിരുന്നു.


കൂട്ടുകാര്‍ മഴയത്ത് ചെളിവെള്ളത്തില്‍ കുളിപ്പിച്ച അനന്ദൻ, കുഞ്ഞുപെങ്ങളുടെ തേങ്ങലിനെ സ്വാന്തനമാക്കി, തഴുകിത്തലോടി, അവളെ ചേർത്ത് പിടിച്ച് ചോർന്നൊലിക്കുന്ന അവരുടെ കൂരയിലെത്തും. ചെളിയില്‍ കുതിർന്ന, കീറിയ വസ്ത്രമെല്ലാം അനന്ദൻ കുഞ്ഞുപെങ്ങളുടെ കഴുകുവാനായി മാറ്റും. എന്നാൽ ഉണങ്ങിയ മറ്റൊന്ന് കുഞ്ഞുപെങ്ങൾ മാറ്റിയുടുത്തില്ല, മറ്റൊരെണ്ണം മാറിയുടുക്കാൻ ഉണ്ടെങ്കിലല്ലെ അതൊക്കെ ചിന്തിക്കേണ്ടതുള്ളു!
കീറിയ തോര്‍ത്തുടുത്ത് ഓലമേഞ്ഞ വീട്ടില്‍, മഴവെള്ളത്തില്‍ ചെളിയായ വസ്ത്രങ്ങൾ കഴുകി നല്ലപോലെ പിഴിയുമ്പോള്‍, കുഞ്ഞുപെങ്ങളുടെ പാവാട വീണ്ടും പിഞ്ചുന്ന ശബ്ദം ഇപ്പോളും അനന്ദന്റെ കാതുകളിൽ അലയടിക്കാറുണ്ട്. കഴുകിയ വസ്ത്രങ്ങൾ ഉണങ്ങുന്നതുവരെ അവർ കാത്ത് നില്‍ക്കാറൊന്നുമില്ല. മഴവെള്ളം ധാരധാരയായ് ഒലിക്കുന്ന കൂരയില്‍ എന്തിന്, ഉണങ്ങിയ കുപ്പായം?


അന്നൊക്കെ മഴ പെയ്യുമ്പോള്‍, മറ്റുള്ളവർ ആസ്വദിക്കുന്നതുപോലെ അനന്ദനും മഴയെ ആസ്വദിക്കാനൊന്നും നിന്നിരുന്നില്ല. പകരം, അവനൊരു, പെരും കള്ളനാകുമായിരുന്നു!
അടുത്ത വീട്ടില്‍ പശുവിന് കൊടുക്കുന്ന കഞ്ഞിവെള്ളം, തൊഴുത്തില്‍ ബാക്കി വരുന്നത്, ആ മഴയില്‍ ആരുമറിയാതെ, അവൻ കട്ടെടുക്കുമായിരുന്നു. അപ്പോൾ മഴയുടെ സൗന്ദര്യമൊന്നും കണ്ടുനില്‍ക്കാൻ അവന് സമയം കിട്ടിയിരുന്നില്ല!
പെങ്ങളുടെ വിശപ്പിന്‍റെ വിളി മാത്രമായിരുന്നു, അവന്‍റെ മനസ്സുനിറയെ.

കളവ് ചെയ്ത് കൊണ്ടുവന്ന കാടിവെള്ളം രണ്ടുപേരും വയറുനിറയെ ആർത്തിയോടെ കുടിച്ച് നിത്യവും വിശപ്പടക്കാറുണ്ടായിരുന്നു. അവൻ അയൽപക്കത്തെ വീട്ടിലെ പശുവിനും, വീട്ടുകാർക്കും, എന്നും കാടിവെള്ളം ഉണ്ടാകുവാനായി കുഞ്ഞുമനസ്സിൽ എന്നും പ്രാർത്ഥിച്ചിട്ടുണ്ട്. അവിടുത്തെ പശുക്കൾ അവന് ദൈവങ്ങൾ തന്നെയായിരുന്നു, അന്നം നൽകുന്ന ദൈവങ്ങൾ.
സത്യം പറഞ്ഞാൽ “അന്ന് പെയ്ത മഴ” അനന്ദന് ആസ്വാദ്യമായിരുന്നില്ല എന്നല്ല, മറിച്ച് വലിയൊരു ആശ്വാസമായിരുന്നു! മറ്റൊന്നുമല്ല, “അന്നുപെയ്ത മഴയില്‍” ആരും അവന്റെ മോഷണം കണ്ടില്ലല്ലോ.


മഴയുള്ള രാത്രികളിൽ കുഞ്ഞുപെങ്ങൾ ഉറങ്ങുമായിരുന്നു എങ്കിലും, ഉറങ്ങാതിരുന്ന അനന്ദന്, മറ്റുള്ളവർ പറയുന്ന മഴയുടെ സൗന്ദര്യം ആസ്വദിക്കാൻ അപ്പോളും കഴിഞ്ഞില്ല. ഓലമെടഞ്ഞ കൂരയിലേക്ക് ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍, പെങ്ങളുടെ ഉറക്കം കെടുത്താതെ മഴ അവസാനിക്കുന്നതുവരെ, കമ്പികളൊടിഞ്ഞ്, ഓട്ടവീണ കുടയുമായ് ഉറങ്ങാതെ കാത്തിരിക്കുമ്പോള്‍, അനന്ദന്‍റെ മനസ്സില്‍ മഴ എന്തേ അവസാനിക്കാത് എന്ന ചിന്തകൾ മാത്രമായിരുന്നു. പിന്നെങ്ങനെ അവന് മഴയെ ആസ്വദിക്കാന്‍ കഴിയും!


കാലങ്ങൾ കടന്നു, ഇന്ന് മഴയെ ആസ്വദിക്കാന്‍ അനന്ദന് സാധിക്കും. പക്ഷെ “അന്നു പെയ്ത മഴയിൽ” പശുത്തൊഴുത്തിലെ കാടിവെള്ളം മാത്രംകുടിച്ച്, അസുഖം വന്ന്, ചികിത്സിക്കാന്‍ കാശില്ലാതെ, ചോരുന്ന ഓലക്കുടിലിൽ, നനഞ്ഞു തണുത്ത് വിറവിലിച്ച്, മരണപ്പെട്ട അനന്ദന്റെ കുഞ്ഞുപെങ്ങളുടെ ശരീരം!
ആ ശരീരം, ചാറ്റല്‍ മഴയത്ത് ആരോരും സഹായമില്ലാതെ, ഏകനായ് ശവക്കുഴി എടുത്ത് മറവുചെയ്ത ഓര്‍മ്മകള്‍…


അതാണ് അനന്ദന് “അന്ന് പെഴ്ത മഴ” ആ ഓർമ്മകൾ പേറുന്ന അനന്ദൻ എങ്ങനെ, ഇന്ന് പെയ്യുന്ന മഴയെ ആസ്വദിക്കും?
കാലങ്ങൾ പിന്നെയും കടന്നു, കഠിനാദ്ധ്വാനത്തിൽ പലതും അനന്ദൻ വെട്ടിപ്പിടിച്ചു. അക്കൂടെ സ്നേഹവതിയായ ഭാര്യയെയും, രണ്ട് മക്കളെയും. കുട്ടികളെ നന്നേ ചെറുപ്പത്തിൽ തന്നെ അനന്ദനെ ഏൽപ്പിച്ച്, ഭാര്യ സ്വർഗ്ഗരാജ്യത്തിൽ എന്നന്നേക്കുമായി ഇടം പിടിച്ചിരുന്നു.
അനന്ദൻ തന്റെ മക്കൾക്ക് മുന്തിയ വിദ്യാഭ്യാസം നൽകുവാൻ രാപകൽ വിശ്രമമില്ലാതെ വേലചെയ്തു. മക്കൾ ഒരുവഴിക്ക് എത്തുമ്പോൾ തനിക്ക് വിശ്രമിക്കാമെന്ന് കരുതി.


ഏക മകളെ നല്ലരീതിയിൽ കെട്ടിച്ചയച്ചു. മകൻ ഉന്നത വിദ്യാഭ്യാസമൊക്കെയായ് വിദേശത്തേക്ക് പറന്നു. മകന്റെ കല്യാണശേഷം കുട്ടികളൊക്കെ ആയപ്പോൾ, മരുമകൾക്ക് അനന്ദൻ, ഒരു ഭാരമായി. അവൾ ആ വൃദ്ധനെ നോക്കുവാൻ തയ്യാറായില്ല, മറിച്ച് അവർക്കൊരു ശല്യവും ബാധ്യതയുമായ് മാറി, ഭർതൃപിതാവ്. വിദേശത്തു നിന്നു മകൻ വരുമ്പോൾ, ഭാര്യക്ക് ഭർത്താവിനോട് പറയുവാൻ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളു “നിങ്ങടെ അച്ഛനെ നോക്കാൻ എനിക്കാവില്ല എന്ന് മാത്രം”


മകൻ വളരെയേറെ ചിന്തിച്ചു, മകന്റെ ചിന്തകൾ മുൻകൂട്ടി മനസിലാക്കിയ അനന്ദൻ, മകന്റെ ചിന്തകൾക്ക് വിരാമമിട്ട്, മറ്റൊരു കോരിച്ചൊരിയുന്ന മഴയുള്ള രാത്രിയിൽ മകനെയും, മരുമകളെയും ബുദ്ധിമുട്ടിക്കാതെ, ആ പടികൾ വിട്ടിറങ്ങി. വൃദ്ധമന്ദിരം ലക്ഷ്യമിട്ട് പോകുമ്പോൾ, മകനെയും മരുമകളെയും നോക്കി അനന്ദൻ ദൈവത്തിനോടായ് ഒന്നുമാത്രം പ്രാർത്ഥിച്ചു.


“ദൈവമേ എന്റെ മകനും, മരുമകൾക്കും, അവരുടെ മക്കൾ, മറ്റെന്തിനെക്കാളും, പാടുപെട്ടുവളർത്തുന്ന മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളായ് വളരുവാൻ, കൃപചെയ്യണമേ…”
വൃദ്ധസദനത്തിലെ പരിചാരക, അനന്ദനെ ആഹാരം കഴിക്കുവാൻ തട്ടിവിളിച്ചപ്പോളാണ്, അനന്ദൻ ഓർമ്മകളിൽ നിന്നും തിരികെ വന്നത്. അനന്ദന്റെ കഥകൾകേട്ട ചാറ്റൽ മഴ, പിന്നെയും ചന്നംപിന്നം ജനാലകൾക്കപ്പുറം പെയ്തു കൊണ്ടേയിരുന്നു. എന്നാൽ പിന്നീട് പെയ്ത മഴക്ക്, തേങ്ങലിന്റെ ശബ്ദവും കണ്ണീരിന്റെ ഉപ്പുമുണ്ടായിരുന്നു!


“അന്ന് പെയ്ത മഴയുടെ ഓർമ്മകൾ അയവിറക്കി, വീർപ്പുമുട്ടുന്ന അനന്ദന് ഇന്നുപെയ്യുന്ന തേങ്ങലിന്റെ ശബ്ദമുള്ള കണ്ണീരിന്റെ ഉപ്പു കലർന്ന മഴയെ, എങ്ങനെ ആസ്വദിക്കാനാവും?”
മാതാപിതാക്കൾ, കുഞ്ഞുപെങ്ങൾ, സ്നേഹിച്ച ഭാര്യ എല്ലാം നഷ്ടപ്പെട്ട് അനന്ദനെന്നും ഏകനായിമാറി. മക്കളെ പഠിപ്പിച്ച് ഒരു നിലയിൽ എത്തിക്കാൻ രാപകൽ കഷ്ടപ്പെട്ട്, ജീവിതത്തിലും അനന്ദൻ ഏകനായ്. കാലം മക്കളുടെയും മരുമകളുടെയും വേഷമണിഞ്ഞ് വൃദ്ധസദനത്തിൽ ഒറ്റപ്പെടുത്തി. മക്കളെ വളർത്താൻ വിശ്രമമില്ലാതെ കഷ്ടപ്പെട്ട അനന്ദൻ, അന്ന് പറഞ്ഞ വാക്കുകളോർത്ത് പൊട്ടിച്ചിരിച്ചു.


“മക്കൾ പഠിച്ച് വളർന്ന് നല്ലൊരു നിലയിൽ എത്തുമ്പോൾ മാതാപിതാക്കൾക്ക് വിശ്രമിക്കാം”
ശരിയാണ്, ഇന്ന് അനന്ദൻ മാത്രമല്ല, മക്കൾക്കുവേണ്ടി കഷ്ടപ്പെട്ട പല മാതാപിതാക്കളും വിശ്രമിക്കുന്നത് വൃദ്ധമന്ദിരത്തിൽ തന്നെയാണ്. അങ്ങനുള്ള അനന്ദനെപ്പോലെ ഉള്ളവരുടെ പൊട്ടിച്ചിരി, കേരളത്തിൽ നിത്യവും ആർത്തലതല്ലുന്നുണ്ട്.
ആരോ, പണ്ട് വിളിച്ചു പറഞ്ഞു,


“കേരളം ഭ്രാന്താലയമെന്ന്”.
ഇന്ന് അനന്ദനെപ്പോലെയുള്ള അനേകം വൃദ്ധ മാതാപിതാക്കളുടെ, പൊട്ടിച്ചിരികൾ ആഞ്ഞലയടിച്ച്, കാതുകളിൽ മന്ത്രിക്കുന്നു “കേരളം എന്നുമൊരു ഭ്രാന്താലയമാണ് “
“കേരളത്തിലെ ഇന്നത്തെ മക്കളുടെ ഭ്രാന്താണ്, എന്നത്തെയും വൃദ്ധരുടെ ആലയം”
മക്കളെ നല്ലരീതിയിൽ വളർത്തി, സ്വന്തം കാലിൽ നിർത്തിയ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാൽ, വൃദ്ധ സദനത്തിലാക്കിയ മക്കൾക്ക് അവരുടെ മക്കളുമായ്, ഇന്ന് പെയ്യുന്ന മഴയെ ആസ്വദിക്കാൻ ആകുമോ! അവരുടെ കുട്ടികളുമൊത്ത്, കളിച്ച് ചിരിക്കുവാനാകുമോ?


അങ്ങനെ മാതാപിതാക്കളെ മറന്ന്, സ്വന്തം കുട്ടികളുമായ് കളിച്ചുരസിച്ച് മക്കൾക്ക് വിദ്യാഭാസം നൽകുമ്പോൾ, അനന്ദനെപ്പോലുള്ള ആയിരങ്ങളുടെ നാവുകൾ അവർക്കുമുന്നിൽ മന്ത്രിക്കും. അപ്പനമ്മമാരെ മറന്ന നിങ്ങൾ ഓർത്തുകൊൾക!
“കാലങ്ങൾ കഴിയുമ്പോൾ ഒരുനാൾ വൃദ്ധ സദനത്തിലിരുന്ന് നിങ്ങളുമൊരു സ്വപ്നം കാണും. പെയ്ത് തോരാത്തൊരു മഴയുടെ സ്വപ്നം. അതായിരുക്കും നിങ്ങൾക്ക്…
“അന്ന് പെയ്ത മഴ”

ഡാർവിൻ. പിറവം.

By ivayana