രചന : പാപ്പച്ചൻ കടമക്കുടി✍
കുറുക്കന്മാരുടെ നാട്ടിൽ
സിംഹത്തിനെന്തു വില..?
അജ്ഞാത ജീവികളെയാണ്
ആരും പേടിക്കുന്നത് .
നീലത്തിൽ മുങ്ങിയാൽപ്പിന്നെ
മുഖം നിറയെ,
മനസ്സിലും
എടുത്താൽപ്പൊങ്ങാത്ത
ഗൗരവമാണ് .
ആടിനും മാടിനും മുയലിനും പൂച്ചയ്ക്കും
ആനയ്ക്കും പോത്തിനും
കുതിരയ്ക്കും പട്ടിക്കും ആമയ്ക്കും
ജിറാഫിനും കുരങ്ങനും എലിക്കും
ബുദ്ധിയുണ്ടെന്നാണ്
അവരുടെ ബുദ്ധി.
വ്യാളീ മുഖം വെച്ച
വളഞ്ഞ വാതിലിനകത്ത്
വ്യാപരിക്കുന്ന
ജംബുകത്തെപ്പോലാരുണ്ട്?
സിംഹ ,പുലി,കടുവമാർ
എല്ലാമറിഞ്ഞിട്ടും
കിട്ടിയ മാംസത്തുണ്ടിൽ
നക്കിത്തുടച്ച്
ശൗര്യം മിനുസപ്പെടുത്തുകയാണ്,
പക്ഷേ…
ആകാശം ഇരുണ്ടു കൂടിയിട്ടുണ്ട്.
തീവേരുകൾ ഭൂമിയിലേക്കിറങ്ങുന്നുണ്ട് ,
മഴപ്പാട്ടുമായ്
കൊടുങ്കാറ്റ് മുടിയേറ്റ് തുടങ്ങിയിട്ടുണ്ട് –
നീലമൊലിക്കുന്ന
രാത്രിമഴയിൽ
സടകുടഞ്ഞ്, തൂണുപിളർന്നൊരാൾ
വരാതിരിക്കുമോ?