രചന : ഒ.കെ.ശൈലജ ടീച്ചർ✍
ഉച്ചയൂണ് കഴിഞ്ഞ് കുറച്ചു സമയം വായിക്കട്ടെ എന്ന് കരുതി ഇരുന്നപ്പോഴാണ് ഫോൺ ബെല്ല് കേട്ടത്. വേഗം എഴുന്നേറ്റു നോക്കി.
“ങേ! മധുവേട്ടൻ !”
എന്തായിരിക്കും ഇപ്പോൾ വിളിക്കാൻ
” ഹലോ ….”
“ശാരി ഞാനാണ് നിന്റെ മധുവേട്ടൻ”
“മധുവേട്ടാ …. ഈ ശബ്ദം കേട്ടാൽ എനിക്ക് മനസ്സിലാകുമല്ലോ. എന്താ വിളിച്ചത് ?”
” ശാരി എനിക്ക് നിന്നെ കാണണം. സംസാരിക്കണം. അല്ലെങ്കിൽ ഉറക്കം നഷ്ടപ്പെട്ട് ഞാൻ ഭ്രാന്തനായി മാറും. എനിക്ക് പറ്റുന്നില്ല”
“എന്താ മധുവേട്ടാ … ഇങ്ങനെയൊന്നും പറയരുത്. നമ്മൾ സ്വയം മറന്നു പോകരുത്”
“വേണ്ട നീ കൂടുതലൊന്നും പറയേണ്ട . ഞാനാണ് വിഡ ഢി . കുടുംബത്തിന്റെ സന്തോഷവും സമാധാനവും ആഗ്രഹിച്ചു. എന്റെ സ്വപ്നങ്ങളെ ഞാൻ ബലികഴിച്ചു എന്റെ പ്രാണനായ നിന്നെ ഞാൻ കൈ വിട്ടുകളഞ്ഞു. എനിക്ക് പറ്റുന്നില്ല ശാരീ നിന്നെ മറക്കാൻ .”
“പിന്നെ മറക്കാതെയെങ്ങനെയാ..”
“നീ വരണം. ഇന്ന് വൈകിട്ട് ഞാൻ കാത്തിരിക്കും. മുൻപ് നമ്മൾ ഇരിക്കാറുള്ള ബീച്ചിൽ. അസ്തമയ സൂര്യന്റെ ചെഞ്ചായ പ്രഭയേക്കാൾ ചാരുതയുള്ള എന്റെ ശാരിയെ എനിക്ക് നേരിട്ട് കാണാനും . ഒരു പാട് സംസാരിക്കണം. നിന്റെ ശബ്ദം എന്നെ ത്രസിപ്പിക്കുന്നു. എന്നിൽ എന്തൊക്കെയോ മോഹങ്ങൾ ഉണർത്തുന്നു.”
“വേണ്ട മധു വേട്ട…. ഞാനിപ്പോൾ മധുവേട്ടന്റെ ആരുമല്ല. മറ്റൊരാളുടെ ഭാര്യയാണ്. അത് മറന്നു കൂടാ.”
“അതൊന്നും എനിക്ക് കേൾക്കണ്ട .അല്ലെങ്കിൽ ഞാനവിടെ വന്ന് പ്രമോദിനോട് കാര്യങ്ങൾ നേരിട്ട് പറഞ്ഞ് നിന്നെയും കൂട്ടി ഇങ്ങു പോരും.”
“എന്താണീ പറയുന്നത് ? നമുക്ക് രണ്ടു പേർക്കും വേറെ വേറെ ജീവിതമായില്ലേ ? മധുവേട്ടനെ സ്നേഹിക്കാൻ സുന്ദരിയായ ദീപയില്ലേ ?”
“എനിക്ക് പററുന്നില്ല. ദീപ നല്ലവളാണ്. പാവം എന്നെ വളരെയേറെ സ്നേഹിക്കുന്നുണ്ട്. പക്ഷേ എനിക്കവളോട് നീതി പുലർത്താനാവുന്നില്ല. എന്റെ മനസ്സ് നിറയെ നീയാണ്. നീ വരുന്നോ : ഇല്ലയോ ? അത് മാത്രം പറ . മറ്റൊന്നും കേൾക്കാൻ എനിക്കാവില്ല.”
“എനിക്ക് പറ്റില്ല. നമ്മൾ അവിവേകമായി .ചിന്തിക്കരുത്. രണ്ടു ജീവിതങ്ങൾ തകർന്നു പോകും. കാര്യങ്ങൾ വിവേകത്തോടെ ചിന്തിക്കൂ . ആത്മ സംയമനത്തോടെ മനസ്സിലാക്കൂ മധുവേട്ടാ …”
“നീ വരും ഞാൻ കാത്തിരിക്കും എനിക്കറിയാം നിന്റെ മനസ്സ്.”
ഈശ്വരാ …. മധുവേട്ടൻ ഫോൺ വെച്ചല്ലോ. ഇനി എന്ത് ചെയ്യും !
പ്രദീപേട്ടൻ ഇന്ന് നേരത്തെ വരാമെന്ന് പറഞ്ഞാണ് ഓഫീസിൽ പോയത്. ഫ്രണ്ടിന്റെ ബർത്ത്ഡേ പാർട്ടിക്ക് പോകാൻ വേണ്ടി ഒരുങ്ങി നില്ക്കാനും പറഞ്ഞു
മധുവേട്ടന്റെ വാക്കുകൾ …. അതെങ്ങിനെ തള്ളിക്കളയാൻ കഴിയും. അത്രയ്ക്കു പ്രാണനായി പ്രണയം പങ്കു വെച്ചവരായിരുന്നല്ലോ…
ഒരു മനസ്സായി ഒന്നിച്ചൊരു ജീവിതം സ്വപ്നം കണ്ടു മോഹങ്ങൾ നെയ്തു കൂട്ടിയ കളിക്കൂട്ടുകാരൻ. വിവാഹ പ്രായം കഴിഞ്ഞു നില്ക്കുന്ന രണ്ടു സഹോദരിമാർക്ക് ഏക സഹോദരൻ. അഛനില്ലാത്ത അവരുടെ വിവാഹം കഴിയാതെ താൻ വിവാഹിതനാകുന്നത് ശരിയാണോയെന്ന് ആകുലതപ്പെട്ടിരിക്കുമ്പോഴാണല്ലോ തന്റെ വിവാഹക്കാര്യം അഛൻ ആലോചിക്കുന്നത്.
നല്ല ജോലിയും . മറ്റു ബാധ്യതകളൊന്നുമില്ലാത്ത പ്രദീപേട്ടന്റെ വിവാഹാലോചന വന്നപ്പോൾ സർവ്വ ശക്തിയുമെടുത്ത് എതിർത്തതല്ലേ. മധു വേട്ട നല്ലേ ആ വിവാഹത്തിന് സമ്മതിക്കണമെന്ന് നിർബന്ധിച്ചത്. എത്ര വേണമെങ്കിലും കാത്തിരിക്കാമെന്നു കരഞ്ഞു പറഞ്ഞിട്ടും ഒന്നും പറയാതെ തിരിഞ്ഞു നടന്നത് കൊണ്ടല്ലേ അഛന്റെ വാക്കുകൾക്ക് വഴങ്ങിക്കൊടുത്തത്.
രണ്ടു പേരും പ്രിയപ്പെട്ടവർ. തന്റെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി താലിയണിയിച്ചു തന്നെ സുമംഗലിയാക്കിയ ജീവിത പങ്കാളി.
മറ്റെയാളോ ?
ഒരു മനസ്സായി ഒന്നിച്ചൊരു ജീവിതം സ്വപ്നം കണ്ടു മോഹങ്ങൾ പങ്കു വെച്ച കളിക്കൂട്ടുകാരൻ.
രണ്ടു പേരും തന്നെ ഒരു പാട് സ്നേഹിക്കുന്നു. പക്ഷേ രണ്ടുപേരെയും ഒരേ സമയത്ത് ഒരു പോലെ കാണാൻ പറ്റുമോ? അത് ശരിയല്ല.
മധുവേട്ടൻ എന്നെ മറന്നേ പറ്റൂ. അവിവേകം കാണിച്ചു കൂടാ …
ഇനിയൊരു ജന്മമുണ്ടെങ്കിൽ മോഹത്താഴ്വരയിൽ പൂത്തുമ്പികളെപ്പോലെ പാടി പാടി ഉല്ലസിക്കാം.
പ്രദീപേട്ടൻ വരുമ്പോഴേക്കും വേഗം ഒരുങ്ങി നില്ക്കട്ടെ ..
മധുവേട്ടൻ ഇനിയും വിളിക്കുമോ?
ഞാൻ പോയില്ലെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക
വയ്യ. ചിന്തിക്കാൻ വയ്യ. പ്രദീപേട്ടനോട് ഈ കാര്യം തുറന്നു പറഞ്ഞു സമാധാനപരമായിട്ടൊരു പരിഹാരം കണ്ടെത്താം. അതായിരിക്കും നല്ലത്.
മധുവേട്ടന്റെ കാൾ വരാതിരിക്കാനായി ആ നമ്പർ ഹൃദയ വേദനയോടെ ബ്ലോക്ക് ചെയ്യുമ്പോൾ അടർന്നു വീണ കണ്ണീർത്തുള്ളികൾ ഫോണിലെ സ്ക്രീനിൽ മുത്തുമണികളായി നില നിന്നു.