രചന : അനിൽ മുട്ടാർ✍
എത്ര പെട്ടന്നാണ് ഞാൻ
നമ്മളെന്ന ഭൂപടത്തിൽ
നിന്നു
ഒഴിവാക്കപ്പെട്ടവൻ്റെ
ഒടുവിലത്തെക്കളത്തിലേക്ക്
വലിച്ചെറിയപ്പെട്ടത്….
നമ്മൾ കാണാൻ കൊതിച്ച
കടലെനിക്കിപ്പോൾ കാണാം
അതെൻ്റെ കണ്ണിലാണൊളിച്ചിരുന്നത് ….
എനിക്കിന്നെപ്പോഴും
നിൻ്റെ ശബ്ദമിന്ന് കേൾക്കാം
ഹൃദയ നിശ്വാസത്തിൽ
പണ്ടേയുണ്ടായിരുന്നത്
പ്രതിദ്ധ്വനിയാവുന്നുണ്ട്….
നമ്മൾ നടക്കാനിരുന്ന
വഴികളിലൊക്കെ
ഞാൻ നടക്കുന്നുണ്ട്
ഞാൻ മാത്രമല്ലേ
മാഞ്ഞുപ്പോയിട്ടൊള്ളു
എൻ്റെ നിഴലുകളിപ്പോഴും
പെരുവഴികളിലുണ്ടെന്ന്
വെയിലു പറയുന്നു …
നിനക്കു വേണ്ടി വാങ്ങിയ ക്യാൻവാസ് നിറയേ
ചിത്രങ്ങൾ വരച്ചിട്ടുണ്ട്
കൈരേഖ മാഞ്ഞുപ്പോയവൻ്റെ
ഒടുക്കത്തെ വര…
നീ തന്ന തൂലികയിലെൻ്റെ
രക്തം നിറച്ച്
ഓർമ്മകൾ… ഓർമ്മകൾ…
എന്ന് എഴുതിക്കൊണ്ടേയിരിക്കുന്നു…
ഒഴിവാക്കിയ നിൻ്റെ മനസ്സിടങ്ങളിൽ
ഒരു പാരിജാത തൈ
നട്ടുവളർത്തുക
എൻ്റെ വിയർപ്പിൻ്റെഗന്ധം
നിൻ്റെ ശ്വാസനാളങ്ങളെ
കാർന്നുതിന്നാതിരിക്കട്ടേ….
നമ്മൾ സ്വപ്നം കണ്ട പുഴയിലിന്നു ഞാൻ
ശ്വാസം കിട്ടാതെ
പിടഞ്ഞു മരിച്ചു
എന്നെങ്കിലും അതിലേ പോകുമ്പോൾ
നീ നോക്കണം
പുഴയിറമ്പത്തൊരു
വെള്ളാമ്പൽ വിരിഞ്ഞു നിൽപ്പുണ്ടാവും
അതിനു നിൻ്റെ
മുഖമായിരിക്കും….
ഒഴിവാക്കപ്പെട്ടവൻ്റെ
ഭൂപടത്തിൽ
ചിരിയും
കരച്ചിലും
പൂക്കളും
അന്യമാണ് …..
മരണത്തിന്
ഒരു ശബ്ദമേയുള്ളു
അത്
മൗനത്തിൻ്റെ
അലർച്ചയാണ് …