രചന : സാബു കൃഷ്ണൻ ✍

കുന്നിൻ മുകളിലെ ശലഭങ്ങളായി
പാറിപ്പറക്കുന്ന ശലഭ ഗീതം !!!
ഇൻബോക്സിൽ പ്രേമം പൂത്തപ്പോൾ
പൂമുഖം കാണാൻ ആഴിമലയ്ക്ക്…
ഒരു കുന്നിൻ ചെരിവിലാണ്
അവൾ വസിക്കുന്നത്
കടൽക്കാറ്റിന്റെ കുളിരും
തിരമാലകളുടെ സംഗീതവും
നിലാവ് ഞൊറിഞ്ഞുടുത്ത
നീലപ്പരവതാനിയും
നിത്യാനന്ദത്തിന്റെ മിഴിവുറ്റ
രംഗവിതാനങ്ങളും …
തുറന്നിട്ട ജാലകത്തിലൂടെ
രാത്രി കനത്തു കിടക്കുമ്പോൾ
അവളൊരു സ്വപ്നക്കൂട്
മെല്ലെ തുറന്നു വെക്കും
പിന്നെ സന്ദേശങ്ങളുടെ
മഹാ പ്രവാഹമാണ്.
അവളയച്ച സന്ദേശങ്ങൾ
അവന്റെ ഹൃദയത്തിൽ
തരംഗങ്ങളുണർത്തി
നിലാവിന്റെ പ്രണയമഴ
ആത്മാവിനെ നനച്ചു
തുടുത്ത മനസ്സു നിറയെ
വെളുത്ത മൻദാരങ്ങൾ.
അവനും ഇന്നലെ ഒരു വീടുണ്ടായിരുന്നു
മൊട്ടക്കുന്നിന്റെ ചരുവിൽ
മൂക്കുന്നി മലയുടെ
സൗന്ദര്യ ശോഭയിൽ
സൂര്യോദയത്തിന്റെ
പൊന്നിൻ കിനാക്കളെ
സ്വപ്നം കണ്ടു നടന്നു.
രാത്രിയിൽ അവനും
ജാലകം തുറന്നിടും
അപ്പോൾ കിഴക്കൻ
മലയിൽ നിന്നു കാറ്റു വീശും.
മൂക്കുന്നി മലയ്ക്ക് മുകളിൽ
നക്ഷത്രങ്ങൾ ചാഞ്ഞിറങ്ങും
സ്വപ്നക്കൂട് തുറന്ന്‌
നക്ഷത്ര ശോഭയുള്ള
മോഹിത സന്ദേശങ്ങൾ,
ഉറക്കം വരാത്ത രാവുകൾ.
രണ്ടു പേരും രണ്ടു കുന്നുകളിൽ
നടുക്ക് സമുദ്രം
പ്രണയം അവർക്ക് മുന്നിൽ
തുറന്നിട്ട കാഴ്ചയുടെ പുസ്തകം
കീ ബോർഡിൽ വിരൽ
കൊണ്ടു തൊട്ടപ്പോൾ
വിരിഞ്ഞു പൊന്തിയത്
പ്രേമത്തിന്റെ പൂക്കാലം
മൂന്നുനാൾ മുൻപ്
തെളിഞ്ഞ ഒരു പകൽ
ആഴി മല അവനെ പ്രലോഭിപ്പിച്ചു
ജിജ്ഞാസയുടെ യാത്രാപഥം
വികാര വിക്ഷുബ്ധമായ മനസ്സ്‌
പെട്ടെന്ന് അവളിലെ യൂദാസ്
തല പൊക്കി,അവനെ ഒറ്റു കൊടുത്തു
ഇൻബോക്സിലെ സന്ദേശം ചതിച്ചു
വന്നു കേറിയത്‌ അന്ധകാരനഴിയിൽ
പ്രണയത്തിന് ആഴിയോളം
ആഴമുണ്ടായിരുന്നു എന്നതിന്റെ
അർത്ഥംഗ്രഹിച്ചൂ!!!
കടൽ അവനെ മാടി വിളിച്ചു
സീതയെ ഉള്ളിലൊതുക്കിയ
ഭൂമീ മാതാവിനെപ്പോലെ
കടൽ അവനെ പൊതിഞ്ഞു
മൽസ്യങ്ങൾക്കു വിരുന്നൊരുക്കി
പ്രിയപ്പെട്ടവനേ നീ വരില്ലേ?
കരയിലേക്ക് വരില്ലേ?
ഇന്നേക്ക് മൂന്നാം പക്കം!!!

സാബു കൃഷ്ണൻ

By ivayana