രചന : എൻ.കെ.അജിത്ത് ✍
പ്രാണനിൽ പ്രാണൻ കടഞ്ഞങ്ങെടുത്തതാം
പ്രാണന്നുവേണ്ടിയീക്കാത്തുനില്പ്
നാഴികയോരോയുഗംപോലെയാകുന്ന
താതൻ്റെ താന്തമാം നോക്കിനില്പ്!
കുടമൊന്നു പൊട്ടിപ്പിറക്കുന്ന കുഞ്ഞുടൽ
നവമായിശ്വാസംകഴിച്ചിടുമ്പോൾ
ഉയരുന്നയാദ്യത്തെക്കുഞ്ഞിക്കരച്ചിലിൽ
തുടികൊട്ടിടുന്നുവാ പിതൃനെഞ്ചകം
അകമേ തപംപോലെ നവമാസചര്യകൾ
മുറപോലെനോക്കിയോൾ ഉലയുമ്പൊഴും
ഉരുകുന്നു തനുവാപ്പിതാവിൽ മുഴുക്കെയും
സുഖമായിരിക്കുവാൻ വാഞ്ഛയോടെ
ഉടയോനുകനിവേറി നവമായസൃഷ്ടിയെ
ഉശിരോടെ മണ്ണിന്നു നല്കിടുമ്പോൾ
ഒരുമാത്ര മാതാവിനുള്ളിൽത്തുടിക്കുന്നു
അമൃതം ചുരത്തുന്ന പുണ്യസ്നേഹം
അനുരാഗഗാത്രങ്ങളൊന്നിച്ചുചേർന്നു
നിന്നുയിർകൊണ്ട നവ്യമാം ജീവബിന്ദു,
വിടരുമാ പൂമൊട്ടിനകമഴിഞ്ഞേകുന്നു
സ്വാഗതം, അരികത്തു മിത്രരപ്പോൾ!
ഉയരട്ടെകുഞ്ഞിക്കരച്ചിലാ നിറയുന്ന
പിതൃമിഴിക്കാനന്ദ ഭാവമേകാൻ
ഇതു ജീവിതത്തിൻ്റെയിടനാഴിയൊരുവനെ
പുരുഷനായ്ത്തീർക്കുന്ന ധന്യവേദി
അനഘമാം നിമിഷങ്ങളകതാരിലെത്തവേ
കവികോറിടുന്നതാം ഗീതകത്തിൽ
സ്തുതിയാണ് പ്രാണങ്ങളേകും നിയന്താവ്
ശുഭമായ് നടത്തിടാൻ മൂവരേയും!