സർക്കാർ അതിരു തിരിച്ച ഭൂമിയോടു ചേർന്ന പുറമ്പോക്കിൽ,
നാരായണപ്പക്ഷിയുടെ കൂടുപോലെ,
ആ ചെറിയ പുര നിലകൊണ്ടു.
മൂന്നു വശവും ഉയർന്ന മതിലുകളും,
തെക്കേ മതിലിന്നപ്പുറത്ത് ഇറിഗേഷൻ കനാലും അതിരു തിരിച്ച വീട്.
ഉമ്മറത്തു കൂടി മാത്രം പോക്കുവരവുകൾ സാധ്യമായ കുഞ്ഞുവീടിൻ്റെ മുറ്റത്തു നിന്നും,
രണ്ടു ചുവടു വച്ചാൽ നാട്ടുവഴിയായി.
വഴിയോരത്തിനപ്പുറം,
കാലങ്ങളായി അടഞ്ഞുകിടക്കുന്ന മാർബിൾ ഗോഡൗണിൻ്റെ,
കാടുപിടിച്ച പറമ്പിൻ്റെ മൂകത.

രാത്രി,
പ്ലാസ്റ്റിക് ചരടു വരിഞ്ഞ പഴയ കട്ടിലിൽ,
ഉമ്മറത്തു തന്നേ, നാരായണൻ കിടന്നു.
അറുപത്തിയഞ്ചു വർഷത്തേ ജീവിതത്തിൽ,
ഇപ്പോളുള്ള വേഷം,
തീഷ്ണ പ്രമേഹത്താൽ കാഴ്ച്ച നഷ്ടപ്പെട്ട്, പാതി തളർന്ന ദേഹമുള്ളയാളുടേതാണ്.
ജീവിതത്തിൽ നിന്നും പ്രകാശവും,
സ്വതസിദ്ധ ചലനങ്ങളും യാത്ര പറയാതെ പോയിട്ട്,
ഒരു വർഷത്തിലധികമാകുന്നു.

ഉറക്കം മുറിഞ്ഞെഴുന്നേറ്റതാണ്,
സമയമെന്തായിക്കാണും,
തണുത്ത കാറ്റു വീശുന്നുണ്ട്.
ഒരു മഴയൊരുക്കമാകാം.
കനാലിലൂടെ ജലമൊഴുകുന്ന ശബ്ദം വ്യക്തമാണ്.
റോഡിന്നപ്പുറത്തേ മാർബിൾ ഗോഡൗൺ തൻ്റെ കാഴ്ച്ചകളിലെന്നപോലെ ഇരുട്ടു കട്ടപിടിച്ചു നിശ്ചലമായി കിടപ്പുണ്ടാകും.
റോഡിലൂടെ ആരോ പതിഞ്ഞ കാൽവയ്പ്പുകളോടെ നടന്നു നീങ്ങുന്നു.
ഏതോ ഫിൽറ്റർ സിഗരറ്റിൻ്റെ ഗന്ധം,
നാസിക തേടിയെത്തുന്നു.
ഈ വീടിന്നപ്പുറം, നാട്ടുവഴിയവസാനിക്കുന്നു.
പാടശേഖരങ്ങളാരംഭിക്കുന്നു.
ആരായിരിക്കും, ഈ വഴി കടന്നുപോയത്?

ജീവിതത്തിലെ തിരിച്ചറിവുകൾ, നാലിന്ദ്രയങ്ങളിലൊതുങ്ങുകയായി.
നാക്കും, ത്വക്കും ബിന്ദുമോളുടെ മാത്രം സാന്നിധ്യമറിയിക്കുന്നു.
അവൾ പകർന്നു വച്ച കാപ്പിയും കഞ്ഞിയും കൃത്യ നേരങ്ങളിലെത്തുന്നുണ്ട്.
മറപ്പുരയിലേക്കു പോകുമ്പോളും, ചുടുവെള്ളത്തിൽ മേൽ കഴുകിത്തരുമ്പോളും മകളുടെ സ്പർശമറിയുന്നു.
മകളുടേയെന്നല്ല, ഭൂമിയിൽ ആകെയറിയുന്ന മനുഷ്യസ്പർശം.
അവളുടെ പത്താം വയസ്സിൽ അമ്മ മരിച്ചതാണ്.
പ്രമേഹം ജീവച്ഛവമാക്കും വരേ,
മണ്ണിൽ വിയർപ്പു ചിന്തി മകളേ പോറ്റിയിരുന്നു.

മുപ്പത്തിയഞ്ചുകാരി മകൾ വീട്ടിലുള്ളത്, ഇപ്പോൾ ഭാഗ്യമായിത്തോന്നുന്നു.
പത്തു വർഷം മുൻപ്,
കാമുകനോടൊപ്പം അവൾ ഇറങ്ങിപ്പോയപ്പോളും,
കറിവേപ്പിലയായി മടങ്ങി വന്നപ്പോളും നെഞ്ചിലെരിഞ്ഞ കനൽച്ചൂട് ഇനിയും ഒടുങ്ങിയിട്ടില്ല.
രാത്രിയും പകലും ഇപ്പോൾ ഒരേ അവസ്ഥയാണ്.
ഒരേ കറുപ്പ്,
സദാ സമയങ്ങളിലും,
അവളുടെ തയ്യൽ മെഷീനിൻ്റെ ശബ്ദം കേൾക്കാം.
വീടിൻ്റെ, ഏക വരുമാന മാർഗ്ഗത്തിൻ്റെ ശബ്ദം.
കുറച്ചു മാസങ്ങളായി, മൊബൈൽഫോൺ ശബ്ദവും അതിഥിയായുണ്ട്.
അവൾ വാങ്ങിയതാണ്.

പാടത്തിനപ്പുറത്തേ ടെക്സ്റ്റൈൽസ് മില്ലിൽ നിന്നും സൈറൺ ഉയരുന്നു.
രാത്രി പന്ത്രണ്ടു മണിയായിരിക്കുന്നു.
സ്വച്ഛതയേ ഭേദിച്ച ശബ്ദത്തിനോടു പ്രതിഷേധിച്ച്,
മാർബിൾ ഗോഡൗൺ പറമ്പിലെ മരങ്ങളിൽ കുളക്കോഴികൾ കൂട്ടമായി കരഞ്ഞു.

ഉമ്മറവാതിൽ തുറന്നുവോ?
പതിഞ്ഞ കാൽവയ്പ്പുകൾ മുറ്റത്തേക്കു നീളുന്നുവോ,
തീർച്ചയില്ല.
ഒരു രാവുടുപ്പിൻ്റെ സീൽക്കാരം റോഡു കുറുകേ കടന്നുപോയതായി തോന്നി.

“മോളെ… “

നാരായണൻ വിളിക്കാൻ ശ്രമിച്ചു.
ഒരു വികൃതശബ്ദം തൊണ്ടയിൽ പിടഞ്ഞൊടുങ്ങി.
പക്ഷേ,
മറുപടിയുണ്ടായില്ല.
വീണ്ടും, നിശബ്ദത കനത്തു.
സമയമെത്ര കടന്നു പോയിട്ടുണ്ടാകും.
അറിയില്ല, തീർച്ചയില്ല.
വീണ്ടും,
ആ പതിഞ്ഞ പദതാളം അടുത്തുവരുന്നു.
ഉമ്മറത്ത്, ആ നേർത്തയനക്കം തെല്ലിട നിശ്ചലമായി.
വാതിൽ കടക്കുന്ന ഉടുപ്പിൻ്റെയൊച്ച നേർത്തതായിരുന്നെങ്കിലും,
ഉൾക്കണ്ണിലതു പകൽപ്പോലൊരു കാഴ്ച്ചയൊരുക്കുന്നു.

അങ്ങോട്ടു തെല്ലു നേരത്തേ പോയ ചലനങ്ങൾക്ക്,
വില കുറഞ്ഞ ടാൽക്കം പൗഡർ ഗന്ധം അകമ്പടി പേറിയിരുന്നു.
ഇപ്പോൾ,
ആ ഗന്ധത്തിൽ,
ഏതോ ഫിൽട്ടർ സിഗരറ്റിൻ്റെ ചൂര് സമന്വയിച്ചിരിക്കുന്നു.
വാതിലടഞ്ഞ പോലെ തോന്നുന്നു…

തോന്നലുകളാകാം,
ആകട്ടേ,
നാരായണൻ കാതോർത്തു കിടന്നു,
വിരുന്നു വരുന്ന ശബ്ദങ്ങൾക്കും, ഗന്ധങ്ങൾക്കുമിടയിൽ നിന്നും വേറിട്ട്,
വഴിതെറ്റിയെത്തുന്ന ആ ഗാഢനിദ്രക്കായി.
അപ്പോഴും,
അയാളുടെ നാസികത്തുമ്പിൽ, ക്ഷണിക്കപ്പെടാത്ത അതിഥി കണക്കേ വന്ന സിഗരറ്റുമണം, വീട്ടൊഴിയാതെ നിന്നു.

By ivayana