രചന : സജി കണ്ണമംഗലം✍

ലോകം ചുറ്റാനിറങ്ങിയ സന്തോഷണ്ണൻ തന്റെ ജന്മദേശമായ ഭൂട്ടാനിൽ നിന്ന് സൈക്കിളിൽ യാത്രതുടങ്ങി. ലോകത്ത് സന്തോഷണ്ണൻ എന്നൊരാൾ ജീവിച്ചിരിക്കുന്നുണ്ടെന്നും സമൂഹവികസനത്തിന്റെ പരമപ്രധാനമായ ലക്ഷ്യം സന്തോഷണ്ണനാണെന്നും അങ്ങനെയല്ലാതെയിരിക്കുന്നുവെങ്കിൽ ആ വികസനം ഫലപ്രദമല്ലെന്നും പണ്ട് ഭൂട്ടാൻ രാജാവ് എെക്യരാഷ്ട്രസഭയിൽ പറഞ്ഞപ്പോൾ മുതലാണ് സന്തോഷണ്ണനും ”എെയാം സംതിങ്ങ്” എന്നൊക്കെ തോന്നിത്തുടങ്ങിയതും ലോകംചുറ്റണമെന്ന മോഹമുദിച്ചതും.


കണക്കുകളനുസരിച്ച് ഏറ്റവും കൂടുതൽ സന്തോഷമനുഭവിക്കുന്നവരുടെ നാടായ ഫിൻലാൻഡുകാണാനായിരുന്നു നമ്മുടെ സന്തോഷണ്ണന് ജിജ്ഞാസ കൂടുതൽ.
എന്തായാലും അണ്ണൻ ചവിട്ടിച്ചവിട്ടി ഫിൻലാൻഡിലെത്തി. എന്തൊരുസന്തോഷമാണ് അവിടുത്തെ ജനങ്ങൾക്ക്… എന്താണ് ഈ സന്തോഷത്തിനുകാരണം? അണ്ണൻ പലരോടും ചോദിച്ചു. കാര്യം നിസ്സാരം! ജനങ്ങളുടെ വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ വളരെക്കുറവാണുപോലും. സാമ്പത്തിക അസമത്വം ഏറ്റവും കുറവുള്ള രാജ്യം!
ക്രമത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളുള്ള നെതർലാൻഡും എെസ്ലാൻഡും കടന്ന്,പത്തൊമ്പതാം സ്ഥാനമലങ്കരിക്കുന്ന അമേരിക്കയും കടന്ന് ഊട്ടിവഴി കൊഡൈക്കനാലിലെത്തി അവിടെനിന്നു ചവിട്ടി അണ്ണൻ ഇൻഡ്യയിലെത്തി.


കേരളത്തിലെത്തി,ഓലകെട്ടിയമ്പലത്തിനടുത്തുവന്നപ്പോൾ അണ്ണന്റെ സൈക്കിളും പഞ്ചറായി. പഞ്ചറൊട്ടിക്കാൻ ഒരു കടതിരക്കിപ്പിടിച്ചു. മോലാളി സ്ഥലത്തില്ലാ. ജാംബവാന്റെകാലത്തെ ഒരു സൈക്കിളുമായി വേറൊരാളും അവിടെയുണ്ട്. അണ്ണൻ അദ്ദേഹത്തെ പരിചയപ്പെട്ടു. ”സാധാരണക്കാരൻ” എന്നാണദ്ദേഹത്തിന്റെ പേര്.
അപ്പോഴാണ് ഫിൻലാൻഡിൽപ്പോലും കാണാൻകഴിയാത്തതരമൊരു ആഡംബരക്കാർ അതുവഴി പോയത്.


”മിസ്റ്റർ സാധാരണക്കാരൻ… അതാരാണു കാറിൽപ്പോയത്?”
”അതോ … അതൊരു ആത്മീയസന്തോഷം വില്പനക്കാരനാണ്. രവിയെന്നോമറ്റോ ആണുപേര്. പാക്കേജുകളായി വിവിധ തുകകൾക്ക് ആത്മീയസന്തോഷം വിറ്റുകിട്ടുന്ന വലിയ ഫണ്ടുകളുപയോഗിച്ച് ഏറ്റവും വലിയ ലൗകീകസുഖങ്ങളനുഭവിക്കുന്ന വില്പനക്കാർ ഇവിടെ ധാരാളമുണ്ട്. അവർ മുഖേനയാണ് ഞങ്ങൾ ഇഹലോകവാസത്തിന്റെ നിരർത്ഥകതയും ഇന്ദ്രിയനിഗ്രഹവും ധനമോഹം പാടില്ലെന്ന തത്ത്വവും പഠിക്കുന്നത്.”


”ബൈദി ബൈ മിസ്റ്റർ സാധാരണക്കാരൻ, നിങ്ങളുടെ രാജ്യം സന്തോഷത്തിന്റെ കാര്യത്തിൽ ഇങ്ങുതാഴെ നൂറ്റിമുപത്തിയൊമ്പതാം സ്ഥാനത്താണല്ലോ…? എന്താണു കാരണം?”
” അണ്ണാ അതാണ് രസം ഞങ്ങളുടെ രാജ്യത്തെ ഒരു കോപ്പറേറ്റ് മോലാളിയുടെ ഒരു വർഷത്തെ വരുമാനം എന്നെപ്പോലൊരു സാധാരണക്കാരൻ കൂലിവേല ചെയ്തുണ്ടാക്കാൻ ഇരുപത്തിയേഴായിരം വർഷം രാപകലില്ലാതെ ജോലിചെയ്യണം എന്നാണ് കണക്കുകൾ പറയുന്നത്. അതായത് ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ചാലും ഫലമില്ലാ. ഞങ്ങളുടെ അദ്ധ്വാനഫലം മുഴുവൻ മോലാളിമാരും അവർക്കു ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയനേതൃത്വവും കൂടി ചൂഷണം ചെയ്തെടുക്കും.”


” പിന്നെ വേറൊരു കാരണം കൂടിയുണ്ട് ഈ കച്ചവടക്കാർ ഇടയ്ക്കിടെ ” സരിത”, ”സ്വപ്ന” എന്നൊക്കെ എഴുതി ഞങ്ങൾക്കിടയിലേയ്ക്കിടും . ഞങ്ങളെല്ലാം കൂടി എല്ലിൻകഷ്ണത്തിനു കടിപിടികൂടുന്ന നായ്ക്കളെപ്പോലെ കുരച്ചുചാടും. ഇപ്പോഴൊക്കെ ”ഇര” എന്നോമറ്റോ എഴുതിയിട്ടാലും മതി ഞങ്ങൾക്ക് കുരയ്ക്കാൻ.”
സന്തോഷണ്ണൻ സൈക്കിളുമുപേക്ഷിച്ച് സ്വന്തം രാജ്യത്തേക്കു തിരിച്ചോടി.

സജി കണ്ണമംഗലം

By ivayana