രചന : ജിസ ജോസ് ✍
തീ പോലത്തെ
വെയിലത്തായിരുന്നു
പെണ്ണുകാണാൻ വന്നത്.
ഓവുചാലു വെട്ടുന്ന
പണി നടക്കുന്നതു കൊണ്ട്
വണ്ടി പറമ്പിൽക്കേറില്ല
കാറു ദൂരെയിട്ട്
വെയിലത്തു നടന്നു വരുന്ന
രണ്ടു പേരിൽ
ആരായിരിക്കും ചെറുക്കനെന്ന്
പെണ്ണുങ്ങൾ വരാന്തയിൽ
നിന്നെത്തി നോക്കി.
രണ്ടിലാരായാലും കൊള്ളാമെന്നേ
എനിക്കു തോന്നിയുള്ളൂ.
കാപ്പികുടിയും
ലോഹ്യം പറച്ചിലും
പൊടിപൊടിക്കുമ്പോൾ
അതിലൊരുത്തൻ എണീറ്റു.
മൂത്രമൊഴിക്കാനായിരിക്കുമെന്നു കരുതി
കക്കൂസങ്ങു പറമ്പത്താ
കുഞ്ഞേ എന്നമ്മച്ചി
ചൂണ്ടിക്കാണിച്ചു.
അയാൾ വിളറി നിന്നപ്പോഴാണ്
എല്ലാവർക്കും
കാര്യം മനസ്സിലായത്.
കൂടെച്ചെല്ലെന്ന്
അമ്മച്ചിയെന്നെ
ചമ്മലോടെ തള്ളിവിട്ടു.
അയാൾക്കു പിന്നാലെ
നടന്നു നടന്നു
കപ്പക്കാലായിലെത്തി.
“എന്നാ ഒരു
പ്രകൃതിരമണീയതയാ!
ഇവിടൊക്കെ താമസിച്ചാൽ
എപ്പഴും കവിത വരും!
താൻ ഭാഗ്യവതിയാ .”
അയാൾ പുഞ്ചിരിയോടെ ചോദിച്ചു.
“എഴുതുമോ? “
ഓ ! എന്നാത്തിനെന്ന്
ഞാനൊരു കപ്പയില നുള്ളി.
വായിക്കുമോന്ന ചോദ്യത്തിന്
കുരിശുവര കഴിയുമ്പം
ബൈബിളെന്നു
ഞാൻ പിന്നേമൊരു
കപ്പയില പറിച്ചെടുത്തു.
ഞാൻ എഴുതാറുണ്ടെന്നയാൾ
തൊട്ടടുത്തുവന്നു.
രണ്ടു പുസ്തകങ്ങളുമൊണ്ട്,
അവാർഡുകളും കിട്ടിയിട്ടൊണ്ട്
എൻ്റെ പേരിതു വരെ
കേട്ടിട്ടില്ലേയെന്ന ചോദ്യത്തിന്
ആലോചനേം കൊണ്ടുവന്ന
ബ്രോക്കറു പറഞ്ഞപ്പഴേ
ഈ പേരു കേട്ടിട്ടൊള്ളെന്നു
ഞാൻ സത്യസന്ധയായി.
അയാളുടെ മുഖം വിളറി.
കവികളിത്ര തൊട്ടാവാടികളാ-
-യാലെങ്ങനെന്നു
ഞാൻ മനസ്സിൽ ചിരിച്ചു.
“കാണാൻ വരുന്ന ചെറുക്കൻ
കവിയാണന്നയാളു പറഞ്ഞില്ലേ?”
അയാൾ പിന്നേം ചോദിച്ചു.
“പറഞ്ഞു കാണും
ആരുമത്ര ശ്രദ്ധിച്ചു കാണുകേല
ഇതൊരു മലമൂടല്ലേ
ഇവിടപ്പടീം കപികളാ.
സ്വൈര്യക്കേടാ ,
എല്ലാം നശിപ്പിക്കും.”
മൂടു മാന്തിയിട്ട കപ്പത്തണ്ടു
ചൂണ്ടിക്കാട്ടി ഞാൻ
തമാശ പറഞ്ഞു.
ദേഷ്യം പിടിച്ചയാൾ
തിരിച്ചു നടന്നു.
വിവരം
അറിയിക്കാമെന്നു പറഞ്ഞു
തീവെയിലത്തേക്കു
രണ്ടാളുമിറങ്ങിപ്പോയി.