രചന : ജയരാജ്‌ പുതുമഠം✍

മഴ തിമിർത്തു പെയ്യുന്നു
ഘനഗംഭീര താളത്തോടെ
ഉടലുകളിൽ ഉണരുന്നു
നിനവിന്റെ മേഘങ്ങൾ
നനുനനുത്ത വികാര-
വർണ്ണങ്ങളുടെ
മഴവിൽ പുഷ്പ്പങ്ങളായ്
ഒഴിഞ്ഞൊഴുകുന്ന ബന്ധങ്ങൾ
കുമിഞ്ഞുകൂടുന്ന പരിഭവങ്ങൾ
തലയിൽ നിറയെ ഒഴിഞ്ഞുപോയ
ഹൃദയ ബന്ധങ്ങളുടെ വരണ്ട
കപാല ശിൽപ്പഭാണ്ഡങ്ങൾ
ഹരിത ഗീതങ്ങൾ ചൊരിഞ്ഞ
നിങ്ങൾതൻ മുഖതാരിലെന്തേ
ഇരുൾമേഘ ഗണഘോഷങ്ങൾ
സുഗന്ധം ചാറിയ ഹൃദയമുദ്രകൾ
ബാക്കിയാക്കി എന്നുള്ളിൽ
പതിതസംഗീതം വാരിനിറച്ച്
അരങ്ങൊഴിഞ്ഞതെന്തേ കുയിലുകളേ..
പിഴുതെറിഞ്ഞ വ്യാമോഹങ്ങളുടെ
കനകധൂളികൾ ചിതയിൽ-
പിടയുമെന്നാത്മാവിൽ ശൂന്യതയുടെ
വർഷതോരണങ്ങൾ ചാർത്തി
നിലവിളക്കിൻ തിരിനാളം
വെറുതെ കെടുത്തുന്നുവോ നിങ്ങൾ
കവിഞ്ഞൊഴുകും മഴയുടെ കൊലനീരിലല്ല
ഉണരാനിരമ്പുന്ന കുമിളയുടെ
മൃദുല നിലാവിലാണെന്റെ കിനാവ്.

ജയരാജ്‌ പുതുമഠം

By ivayana