രചന : രാജീവ് ചേമഞ്ചേരി✍

ഈറനണിഞ്ഞും…….
ഇടുപ്പിൽ തൂവെള്ളയുടുത്തും….
ഇലയിൽ കരുതിയ ധാന്യങ്ങളത്രയും-
ഇടതടവില്ലാതെയുരിയാടും ശ്ലോകവും!
ഇന്നുമെന്നും മുന്നിൽ സമർപ്പിക്കുവാൻ
ഇന്നേ ദിവസമോർത്തൊരുങ്ങിയെത്തും!
കർമ്മങ്ങൾ ചെയ്യുമീ ഭൂമികയിൽ –
കാലുകൾ മൂന്നടി പിന്നോട്ട് നീങ്ങി
കൈകൾ തട്ടി വിളിക്കയായുച്ചത്തിൽ
കാക്കകൾ പിതൃക്കളായ് മാറുന്ന യാമം!
കാലത്തിന്നേടിൽ നമ്മളെ വളർത്തിയോർ
കാരുണ്യം യാചിച്ചലയാതിരിക്കാനുള്ള കർമ്മം….!
പിതൃക്കൾ വാവിട്ട് കരഞ്ഞൊരാനാളിൽ-
പിശുക്ക് കാണിച്ചു നടന്നോരെല്ലാം…..
പിശകിൻ്റെയാട്ടുതൊട്ടിലിലാടി ചിരിക്കേ!
പിന്നാമ്പുറങ്ങളിലൊളിച്ച് പഴിചാരിയോർ-
പാപങ്ങളൊക്കെ കഴുകി വെളുപ്പിക്കാൻ!
പാതയൊന്നേയുള്ളൂയവനിയിൽ……
പരിശുദ്ധമായൊരു പശ്ചാത്താപദർപ്പണം
പവിത്രതയാർന്ന കമ്പോളമല്ലേ ബലിദർപ്പണം..

രാജീവ് ചേമഞ്ചേരി

By ivayana