മാത്യുക്കുട്ടി ഈശോ✍

ന്യൂയോർക്ക് : അടുത്ത കാലത്തായി കേരളത്തിലെ യുവജനങ്ങൾ അവരുടെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം വിദേശരാജ്യങ്ങളിലേക്ക് ഉപരി പഠനത്തിനായി ചേക്കേറുന്ന പ്രവണത വർധിച്ചുവരുന്നു. വിദേശത്തേക്കുള്ള കുടിയേറ്റം നിമിത്തം സർഗ്ഗശക്തിയുള്ളവരെയും യുവജനങ്ങളെയും നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനാൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകൾ പ്രവാസി മലയാളികൾ മനസ്സിലാക്കണമെന്നും കേരളത്തെ ഒരു നോളഡ്ജ് ഹബ്ബ് ആക്കി മാറ്റുവാൻ പ്രവാസികൾ ആലോചിക്കണമെന്നും കേരളാ കോൺഗ്രസ്സ് (മാണി) ചെയർമാനും രാജ്യ സഭാംഗവുമായ ജോസ് കെ. മാണി ന്യൂയോർക്കിൽ പ്രസ്താവിച്ചു. ഒർലാണ്ടോയിലെ ഫൊക്കാനാ കൺവെൻഷന് ശേഷം ന്യൂയോർക്കിൽ സന്ദർശനത്തിനെത്തിയ ജോസ് കെ. മാണിക്ക് പ്രവാസി കേരളാ കോൺഗ്രസ്സ് (മാണി) ന്യൂയോർക്ക് ചാപ്റ്റർ നൽകിയ സ്വീകരണത്തിലാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ക്വീൻസിലുള്ള സന്തൂർ റെസ്റ്റോറന്റിലാണ് നൂറിലധികം മലയാളികൾ സംബന്ധിച്ച സ്വീകരണ യോഗം സംഘടിപ്പിച്ചത്.

പതിറ്റാണ്ടുകളായി നമ്മുടെ മലയാളികൾ അമേരിക്കലേക്കും മറ്റും കുടിയേറി പാർത്തുവരികയാണ്. ആദ്യകാലങ്ങളിൽ വന്നവരുടെ രണ്ടാം തലമുറയും മൂന്നാംതലമുറയും ഈ ദേശങ്ങളിൽ ധാരാളമായുണ്ട്. ഇന്ത്യൻ സമൂഹം പ്രത്യേകിച്ചു മലയാളികൾ ലോകത്തിലേയും അമേരിക്കയിലെയും ഉന്നത ശ്രേണിയിൽ നിൽക്കുന്ന പല കമ്പനികളുടെയും സി.ഇ.ഓ. സ്ഥാനങ്ങളിലും മറ്റു ഉന്നത മേഖലയിലും എത്തിച്ചേർന്നിട്ടുള്ളത് നമുക്ക് അഭിമാനിക്കാവുന്നതാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് നമ്മുടെ നാട്ടിൽ നിന്നുള്ളവർ ഗ്രാഡുവേഷനും പോസ്റ്റ് ഗ്രാഡുവേഷനും കഴിഞ്ഞു ജോലി സംബന്ധമായും മറ്റുമാണ് അമേരിക്കയിലേക്ക് കുടിയേറി വന്നിരുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ പന്ത്രണ്ടാം ക്‌ളാസ്സ് കഴിയുന്നവർ അമേരിക്കയിലേക്കും, ക്യാനഡയിലേക്കും, യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും ഉക്രൈൻ, റഷ്യ, ചൈനാ തുടങ്ങിയ രാജ്യങ്ങളിലേക്കും ഉന്നത വിദ്യാഭ്യാസത്തിനായി നാട് വിടുന്ന പ്രവണതയാണ് കാണുന്നത്. ഇവരിൽ പലരും പഠന ശേഷം അതാത് രാജ്യങ്ങളിൽ ജോലി സമ്പാദിച്ചു അവിടെത്തന്നെ കുടിയേറുന്നു. അങ്ങനെ നമുക്ക് നമ്മുടെ യുവജനങ്ങളെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിനാൽ ഇപ്പോൾ നമ്മൾ മാറി ചിന്തിക്കേണ്ടതുണ്ട് എന്ന് ജോസ് കെ. മാണി ഉദ്‌ബോധിപ്പിച്ചു.

ലോകത്തെ വമ്പൻ ശക്തികളായി അമേരിക്കയും, ഫ്രാൻസും, ചൈനയും മറ്റും ഉണ്ടെങ്കിലും, ഇപ്പോൾ ലോകത്തെ നയിക്കുവാൻ കഴിവുള്ളവരാണ് നമ്മൾ ഇൻഡ്യാക്കാർ. ഗൂഗിൾ, ഗൂഗിൾ ക്‌ളൗഡ്‌, മൈക്രോസോഫ്ട്, ഐ.ബി.എം., ഇൻഫോസിസ്, വിപ്രോ, സാൻഡിസ്‌ക്, ഫർമസ്യൂട്ടിക്കൽ കമ്പനി നൊവാർട്ടീസ് തുടങ്ങി ലോകത്തിലെ മിക്കവാറും വൻകിട കമ്പനികളുടെയെല്ലാം അമരത്തു സി.ഇ.ഓ.മാരായി ഇന്ത്യക്കാരാണ്. അപ്പോൾ ഈ കമ്പനികളെയെല്ലാം നയിക്കുന്നത് മലയാളികൾ ഉൾപ്പെടയുള്ള ഇന്ത്യക്കാരാണ്. ലോകം എമ്പാടുമുള്ള ബി.എം.ഡബ്ലിയു. കാറുകൾക്കുള്ളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ സിസ്റ്റം ടെക്നോ പാർക്കിലുള്ള നൂറു പേര് മാത്രം ജോലി ചെയ്യുന്ന അക്കേഷ്യ ടെക്നോളജി എന്ന കമ്പനിയാണ് നൽകുന്നത്. കേരളത്തിന് വെളിയിലേക്കുള്ള യുവജനങ്ങളുടെ ഒഴുക്ക് നാട്ടിൽ ഒരു സാമൂഹിക അസന്തുലിതാവസ്ഥ (social imbalance) സൃഷ്ടിക്കുവാൻ സാധ്യതയുള്ളതായി നാം മനസ്സിലാക്കേണ്ടതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ യുവാക്കളുടെയും, നമ്മുടെ അറിവിന്റെയും സമ്പത്തായ ഹ്യൂമൻ റിസോഴ്സസ് നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണമെങ്കിൽ കേരളത്തെ ഒരു നോളഡ്ജ് ഹബ് ആക്കി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്.

ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ ഒരു സയൻസ് സിറ്റി കുറവിലങ്ങാട്ട് മുപ്പതു ഏക്കർ സ്ഥലത്തു നൂറു കോടി രൂപാ മുടക്കി സ്‌ഥാപിച്ചു വരികയാണ്. ഏകദേശം എഴുപത്തഞ്ചു ശതമാനം പണി പൂർത്തിയാക്കി കഴിഞ്ഞു. പ്രത്യേക രീതിയിലുള്ള ഡിസൈനിൽ രൂപീകരിക്കുന്ന ഈ സയൻസ് സിറ്റി ഒരു വർഷത്തിനകം പണി പൂർത്തീകരിച്ചു പ്രവർത്തനം ആരംഭിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. കോട്ടയത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി എന്നൊരു സ്ഥാപനം ഇരുനൂറു കോടിയിലധികം രൂപാ മുടക്കി സ്ഥാപിക്കുന്നു.

അമേരിക്കയിലെ പല യൂണിവേഴ്സിറ്റികളുമായും ബന്ധപ്പെട്ടു ഉന്നത വിദ്യാഭ്യാസത്തിനും റിസേർച്ചു നടത്തുന്നതിനും സഹായകരമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നമുക്ക് കേരളത്തിൽ സ്ഥാപിക്കുവാനുള്ള അനന്ത സാധ്യതകളെപറ്റി പ്രവാസി മലയാളികളായ നാം പരിശോധിക്കേണ്ടതാണ്. അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ഉള്ള മലയാളികളുടെയും ഇന്ത്യക്കാരുടെയും മറ്റു രാജ്യക്കാരുടെയും കുട്ടികളെ കേരളത്തിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി അയക്കാനുള്ള സാധ്യതകൾ പ്രവാസികളായ നാം കണ്ടെത്തേണ്ടതാണെന്നും ജോസ് കെ.മാണി പറഞ്ഞു.

“പ്രവാസികളായവർ കേരളത്തിൽ വന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു പകരം സർക്കാർ മുൻ കൈ എടുത്ത് പ്രവാസികളുടെ സഹകരണത്തിലൂടെയും സ്വകാര്യ നിക്ഷേപത്തിലൂടെയും കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് (CIAL -സിയാൽ) മാതൃകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയാൽ അത് കൂടുതൽ വിജയപ്രദമായി നടത്തുവാൻ സാധിക്കുകയില്ലേ?” എന്ന് മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും ഇപ്പോൾ ന്യൂയോർക്കിലെ മാധ്യമ പ്രവർത്തകനുമായ മാത്യുക്കുട്ടി ഈശോ മറു ചോദ്യമായി ജോസ് കെ. മാണിയോട് ചോദിച്ചു. അത് നല്ലൊരു അഭിപ്രായമാണെന്നും സിയാൽ മാതൃകയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നും രാജ്യസഭാംഗം ജോസ് കെ. മാണി മറുപടി പറഞ്ഞു.

പ്രവാസി കേരളാ കോൺഗ്രസ്സ് (മാണി) ന്യൂയോർക്ക് ചാപ്റ്റർ സ്ഥാപക പ്രസിഡൻറ് സലീമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമൂഹത്തിലെ പ്രമുഖരായ പലരും ആശംസകൾ നേർന്നു. ഫോമാ പ്രസിഡൻറ് അനിയൻ ജോർജ്, ദീപിക മുൻ മാനേജിങ് ഡയറക്ടറും ബിസിനെസ്സ്കാരനുമായ സുനിൽ കുഴമ്പാല, ജോസ് കെ. മാണിയുടെ കുടുംബ സുഹൃത്തും ബിസിനെസ്സുകാരനുമായ വർക്കി എബ്രഹാം, ഫോമാ മുൻ പ്രസിഡന്റ് ബേബി ഊരാളിൽ, കേരള സെന്റർ സ്ഥാപകൻ ഇ. എം. സ്റ്റീഫൻ, കൈരളി ചാനൽ ഡയറക്ടർ ജോസ് കാടാപുറം, ടോമാർ കൺസ്റ്റ്‌ക്ഷൻ ഗ്രൂപ്പ് ചെയർമാൻ തോമസ് മൊട്ടക്കൽ, വേൾഡ് മലയാളി കൗൺസിൽ പ്രധിനിധി തങ്കം അരവിന്ദ്, സാമൂഹിക പ്രവർത്തകൻ കോശി ഉമ്മൻ തുടങ്ങി സമൂഹത്തിലെ വിവിധ നേതാക്കൾ ജോസ് കെ. മാണിക്കും സഹധർമ്മിണി നിഷാ ജോസിനും ആശംസകൾ അർപ്പിച്ചു. ന്യൂയോർക്ക് സിറ്റി കൗൺസിൽ അസംബ്ലി മെമ്പർ ഡേവിഡ് വിപ്രിൻ ന്യൂയോർക്ക് സിറ്റിയുടെ ആശംസകൾ അർപ്പിച്ചു ജോസ്. കെ മാണിക്ക് ആദരസൂചകമായി പൊന്നാട അണിയിച്ചു.

By ivayana