രചന : ശ്രീകുമാർ എം പി✍

അഞ്ജനക്കണ്ണനെ
കണ്ടു വണങ്ങുവാൻ
അമ്പലത്തിലേയ്ക്കു
പോയ നേരം
അന്നന്തി നേരത്തു
അദ്ധ്യാത്മപ്രഭയിൽ
അമ്പലമാകെ
കുളിച്ചു നിന്നു
ക്ഷേത്രാങ്കണത്തിലെ
കൽവിളക്കിൻ ചുറ്റും
പൊൻമണിദീപങ്ങൾ
നൃത്തമാടി
പീലിക്കാർവർണ്ണന്റെ
പൊൻവേണുഗീതമാ
യന്തരീക്ഷത്തി –
ലലയടിച്ചു
ആൽമരച്ചില്ലകൾ
ആനന്ദം കൊണ്ടിട്ടു
തളിരിലക്കൈയ്യാൽ
താളമിട്ടു
ആരതിദീപം തൊ-
ഴുതു വരുന്നേര-
മാരോമലാളവൾ
കാത്തുനിന്നു
അമ്പിളി വാനിൽ തെ-
ളിഞ്ഞു നിന്നു താഴെ
യമ്പിളി പോലെ
യവളു നിന്നു !

By ivayana