രചന : ജെയിൻ ജെയിംസ് ✍

കൊഴിഞ്ഞു വീഴും മുൻപ് എഴുതിത്തീർത്ത പ്രിയ സൗഹ്യദത്തിന്റെ കവിത ഇവിടെ അപ്ഡേറ്റ് ചെയ്യട്ടെ അകലെ ആകാശനീലിമയിൽ നക്ഷത്രങ്ങളുടെ കൂടെ ഇരുന്ന് ഇത് കാണുന്നുണ്ടാകുമെന്നു കരുതട്ടെ .. പ്രിയ ജെയിൻ ജെയിംസ് (എമിൽ ) കണ്ണുനീർ പ്രണാമം 🙏



ബന്ധങ്ങളിലെ
ഊഷ്മളതയുടെ അടയാളമാണ്.
പ്രണയനേരത്ത് നൊടി നിമിഷത്തിൽ വെപ്രാളത്തോടെ അവൻ
അവളുടെ കവിളിൽ നൽകിയ ചുംബനം
അവിസ്മരണീയമായിരുന്നു….
എപ്പോഴോ
ഒരു ഹൃസ്വകാലം വേർപിരിയലിന്റെ
കുത്തൊഴുക്കിൽപ്പെട്ടപ്പോൾ
അന്യോന്യം അവർ നെറ്റിയിൽ അർപ്പിച്ച ചുംബനങ്ങൾ വിരഹാർദ്രമായിരുന്നു.
ആദ്യരാത്രിയിൽ അവൻ
അവളുടെ അളകങ്ങൾ ഒതുക്കി
കാതിൽ കഴുത്തിൽ പിന്നെ കണങ്കാലുകളിൽ തീർത്ത
ചുംബനങ്ങളുടെ അലങ്കാരം കോരിത്തരിപ്പിന്റെ ആദ്യാനുഭവമായിരുന്നു.
താൻ നൽകിയ ജീവൻ വളരുന്ന
അവളുടെ നിറവയറിലേക്കുള്ള
അവന്റെ ചുംബനം
ഗർഭപാത്രം വരെ ചെന്നെത്തുന്ന കരുതലിന്റേതായിരുന്നു.
ഒപ്പം വിഹല്വതയുടെയും…
കുഞ്ഞുമക്കളുടെ നെറുകയിൽ
അവൾ നൽകിയ ചുംബനങ്ങൾ
വാത്സല്യക്കടലിലെ തിരതള്ളലുകളായിരുന്നു.
കൊഞ്ചുന്ന കുഞ്ഞിന്റെ
ഇളം ചുണ്ടിൻ ചുംബനം പോലെ
വിശുദ്ധമായ ചുംബനം മറ്റേതുണ്ട്..
പിതാവിന്റെ ഓരോ നോട്ടങ്ങൾ പോലും ആയിരമായിരം കരങ്ങളാൽ
കുടുംബത്തിന് ചുറ്റും
സംരക്ഷണ അതിരുകൾ തീർക്കുന്ന
ചുംബനക്കാടുകളായിരുന്നു.
സാഹോദര്യം പോലെ
നല്ല സൗഹൃദങ്ങളും
വ്യാജ വാചാലതയിൽ അഭിരമിക്കാതെ ചേർത്തുപിടിക്കലിന്റെ അടയാളമെന്നപോൽ
മനസുകൾ കൊണ്ട് പരസ്പരം
ആത്മാവിൽ ചുംബിക്കാറുണ്ട്.
അകലങ്ങളിലിരുന്ന്..
ഉമ്മകൾക്കൊണ്ട് പുതക്കുന്ന മനുഷ്യർ
ഉണക്കി കളയുന്ന എത്രയെത്ര മുറിവുകൾ
ചേർത്തുപിടിക്കാൻ ഞാനുണ്ടെന്ന് പറയാൻ
ചുംബനം പോലെ മറ്റൊരു മരുന്നുമില്ല..
ചലനമറ്റ് തണുത്തുറഞ്ഞ് നാം
അന്ത്യയാത്രക്കായി കിടക്കുമ്പോഴും
ഉറ്റവരിൽ നിന്നും
നമ്മിലേക്ക്‌ പെയ്തിറങ്ങുന്നതും
ചുംബനമേഘങ്ങൾ തന്നെ.
ഇന്ന് ലോക ചുംബനദിനം
ഏവർക്കും ആശംസകൾ 🌹

By ivayana