രചന : ഉണ്ണി അഷ്ടമിച്ചിറ ✍
അമ്മാമ്മ മറിയാമ്മ ആയതു കൊണ്ടാണ് കൊച്ചുമോൾ കൊച്ചുമറിയയായത്. അമ്മാമ്മ പോയി വർഷങ്ങൾ കഴിഞ്ഞിട്ടും മറിയ കൊച്ചുമറിയ തന്നെ. കൊച്ചുമറിയ പണ്ടേ നല്ല സ്റ്റൈലാ. പൗലോചേട്ടൻ കെട്ടിക്കോണ്ട് വരുമ്പോൾ മറിയയ്ക്ക് പ്രായം പതിനാറ്. പൗലോക്ക് ഇരുപത്തിയെട്ടെന്നാണ് അന്ന് പറഞ്ഞിരുന്നെ. എന്തായാലും മുപ്പതിന് മേലെയുണ്ടെന്ന് കാഴ്ച്ചയിൽ ബോധ്യമാകും. കരിവീട്ടിയുടെ നിറവും കാരിരുമ്പിൻ്റെ കരുത്തുമായിരുന്നു പൗലോസിന്. കറുത്തുരുണ്ട മസിലുകളിൽ നല്ലെണ്ണയിട്ട് തേച്ചുമിനുക്കി ഒരു കുട്ടിത്തോർത്തുമുടുത്ത് തൊടിയിൽ നിന്ന് കസർത്തുകൾ കാട്ടുമ്പോൾ വേലിക്കപ്പുറത്തെ പെണ്ണുങ്ങൾ കണ്ണെറിയുന്നത് കണ്ടിട്ടുണ്ട്.
പക്ഷേ ഇതൊന്നും കൊച്ചുമറിയ പ്രശ്നമാക്കിയിരുന്നില്ല. റേഷൻ കടക്കാരൻ ദാമോദരൻ്റെ ഭാര്യ വനജ ദിവസേന ചിട്ടീടെ പിരിവ് വാങ്ങാനെന്ന വ്യാജേന പൗലോയെ ചുറ്റിപ്പറ്റി നടക്കുന്നത് മറിയക്ക് അറിയാം. വാല്യക്കാരി കനകാംബരത്തിൻ്റെ മകൾ പൂന്തളിരിനെയും കൂട്ടി എസ്റ്റേറ്റിലെ ഗോഡൗൺ ക്ലീൻ ചെയ്യാൻ പോകുന്നതിൻ്റെ ഉദ്ദേശം മറ്റൊന്നല്ലെന്നും അറിയാം. അവൾക്ക് കൂട്ടു പോയിരുന്നത് തന്തതമിഴനായിരുന്നു എന്നതാണ് മറിയക്ക് ദഹിക്കാതിരുന്നത്. ആദ്യമൊക്കെ അൽപ്പം വെറുപ്പും അതിലേറെ സങ്കടോം തോന്നിയിരുന്നു. പിന്നീടാണ് ഒരു സത്യം മനസിലായത്, പൗലോ ഇങ്ങിനൊക്കെ കറങ്ങിത്തിരിഞ്ഞ് വരുന്ന ദിവസങ്ങളിലാണ് തനിക്ക് സ്വസ്ഥമായി കിടന്നുറങ്ങാൻ പറ്റുന്നത്. കരിവീട്ടിക്കുള്ളിലെ കാടൻ വികാരത്തിനോട് അറപ്പായിരുന്നവൾക്ക്. പൗലോയുടെ കൈയ്യിലെ കാശു മാത്രം കൊതിച്ചിരുന്ന ജാരിണികൾ അയാളുടെ കൊതി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കല്യാണം കഴിഞ്ഞ് മൂന്ന് പെരുന്നാൾ കഴിഞ്ഞിട്ടും കൊച്ചുമറിയ ഗർഭിണിയായില്ല.
അയാളുടെ അമ്മ പൊന്നുതമ്പുരാനെ വിളിച്ചപേക്ഷിച്ചു. ഭരണങ്ങാനത്തേക്കും വേളാങ്കണ്ണി മാതാവിനുമെല്ലാം നേർച്ച പണം പതിവായി ഉഴിഞ്ഞുവച്ച് ആ മാതാവ് മറിയയുടെ വയറ് വലുതാകുന്നതും നോക്കിയിരുന്നു. അത്താഴപ്രാർത്ഥനയിൽ, മെഴുകുതിരി വെളിച്ചത്തിൽ ആ അമ്മച്ചി മുട്ടിന്മേൽ നിന്നു വിതുമ്പി.”എൻ്റെ കർത്താവേ ഒരു അവകാശിയെ തന്നില്ലേൽ പൗലോയും അപ്പനും കഷ്ടപ്പെട്ട് ഒണ്ടാക്കിയതൊക്കെ അന്യാധീനപ്പെട്ടു പോവില്ലേ?”. കാര്യങ്ങൾ ബോധ്യമായ കർത്താവ് മനസ്സിനേറ്റ മുറിവ് മറച്ചു പിടിച്ച് മൃദുമന്ദഹാസം പൊഴിച്ചു നിന്നു. ആണിത്തുളയിലൂടെ രക്തം പൊടിയുന്ന കരമുയർത്തി മറിയയെ അനുഗ്രഹിച്ചു. കച്ചവടക്കണ്ണുള്ള പൗലോ നാട്ടിൽ മാത്രം ഒതുങ്ങി നിൽക്കാറില്ല. ഇടയ്ക്കൊക്കെ ഏജൻ്റിൻ്റെ വേഷത്തിൽ കോയമ്പത്തൂർക്കും ആന്ധ്രായ്ക്കുമൊക്കെ പോകാറുണ്ട്.
നല്ല കമ്മിഷൻ കിട്ടാൻ സാധ്യതയുള്ള ഇടപാടുകളൊന്നും അയാൾ കൈവിട്ടുകളയില്ല. മറിയയെ സംബന്ധിച്ച് വലിയ പ്രശ്നങ്ങളൊന്നുമില്ലാത്തതായിരുന്നു അവിടത്തെ ജീവിതം. സഹനത്തിലൂടെ പ്രശ്നങ്ങളെ അതിജീവിച്ചവൾ എന്ന് പറയുന്നതാവും കൂടുതൽ ശരി. പലപ്പോഴും തലവേദന സൃഷ്ടിച്ചിരുന്നത് വീട്ടിലേക്ക് വെള്ളമെത്തിച്ചിരുന്ന പമ്പാണ്. കുന്നിൻപുറത്തെ വീട്ടിൽ വെള്ളം കിട്ടാനായി പൗലോ കുഴിപ്പിച്ച രണ്ടു മൂന്ന് കിണറുകൾ വീടിനു ചുറ്റും വരണ്ടതൊണ്ടയുമായി ആകാശം നോക്കി വായും തുറന്നു കിടന്നു. എസ്റ്റേറ്റിൻ്റെ രണ്ടാമത്തെ തട്ടിൽ കുറച്ച് പരന്ന ഭൂമിയുണ്ട്. അവിടെ പണ്ടു പണ്ടേയുള്ള ഒരു കുളമുണ്ട്. അതിൻ്റെ സമീപത്തെ കിണറ്റിൽ നിന്നും 5HP യുടെ പമ്പ് വച്ച് അടിച്ചുകേറ്റുന്ന വെള്ളമാണ് വീട്ടാവശ്യങ്ങൾക്ക് എടുക്കുക. അത് പണിമുടക്കിയാൽ വീട്ടുകാര്യങ്ങൾ ആകെ അവതാളത്തിലാകും.
രാരിച്ചൻ മാപ്പിളയാണ് സ്ഥിരമായി പമ്പ് റിപ്പയർ ചെയ്തിരുന്നത്. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും അയാൾക്ക് ഈ ആവശ്യത്തിനായി അവിടെ വരണമായിരുന്നു. രണ്ടാഴ്ചയിലൊരിക്കലെങ്കിലും മറിയക്ക് താഴേത്തട്ടിൽ നിന്നും വെളളം ചുമക്കേണ്ടിയും വന്നിരുന്നു. മാപ്പിള ചത്തശേഷം വാസവനാണ് റിപ്പയറിങ്ങിന് വന്നത്. അയാൾക്ക് കവലയിൽ ബോർഡ് വച്ച ഒരു റിപ്പയറിങ്ങ് ഷോപ്പ് ഉണ്ട്, ഒരു ശിങ്കിടിയും. അറിയിച്ചാൽ അധികം താമസിയാതെ ശിങ്കിടിയെത്തും. സൈക്കിളിൽ ഒരു സ്പെയർ പമ്പുമായിട്ടാവും വരിക. എത്ര വേഗത്തിലാണവൻ കാര്യങ്ങൾ ചെയ്യുന്നത്. ഇത്തിരി പോന്നൊരു ചെക്കൻ, വെളുത്ത നിറം നീണ്ടു മെലിഞ്ഞ ശരീരം, മീശ തെളിഞ്ഞു തുടങ്ങീട്ടേയുള്ളൂ, എന്നാലും അറ്റം പിരിച്ചു വയ്ക്കാൻ ശ്രമിച്ചിരിക്കുന്നതു കാണാം.
കരുത്തുള്ള ചുരുണ്ട തലമുടി ഏതാണ്ടൊരു കൂട കമഴ്ത്തിയതുപോലെയുണ്ട്. ആകെക്കൂടി അവനെ കണ്ടാൽ ഒരു ഈർക്കിലിൻ്ററ്റത്ത് മച്ചിങ്ങ കുത്തിയതുപോലെ തോന്നും. പണി ചെയ്യുന്നിതിനിടക്കും അവൻ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. സംസാരത്തിലുള്ള പ്രത്യേകത കാരണം മറിയ ഒരിക്കൽ അവൻ്റെ ഐഡൻ്റിറ്റിയെ ചോദ്യം ചെയ്തു.
“രാമനാഥൻ…… ഞാൻ തിരോന്തോരം പാറശ്ശാലക്കാരൻ നാടാരാണ് അക്കാ. നാടാന്മാരില് ഹിന്ദുവും ക്രിത്യാനീമുണ്ട്. ഞങ്ങള് ഹിന്ദുക്കളാണക്കാ….. “. അവന് നിർത്താൻ ഉദ്ദേശമില്ല. തനി തെക്കൻഭാഷ ആസ്വദിച്ച് മറിയ അടുത്തു തന്നെ നിന്നു. അവൻ്റെ ചിറ്റപ്പൻ ഗൾഫിലാണത്രേ. വാസവൻ്റെ അടുത്തു നിന്നും പണി പഠിച്ചിട്ട് ഗൾഫിൽ പോകാൻ വേണ്ടീട്ടാണ് അവനിവിടെ കൂടിയിരിക്കുന്നത്. പണി കഴിഞ്ഞാൽ ഫുട്ട് വാൽവിൽ വെള്ളമൊഴിച്ച് നിറക്കണം. കുളത്തിൽ നിന്നും വെള്ളം മുക്കി കൊണ്ടുവരാൻ മറിയയും കൂടെ കൂടും. ഒരിക്കൽ കുളത്തിൽ നിന്നും കുടത്തിലും ഇരുമ്പ് തൊട്ടിയിലും വെള്ളം നിറച്ചു പൊങ്ങവേ കയ്യിൽ നിന്നും കുടം വഴുതിപ്പോയി. മാത്രമല്ല അത് എത്തിപ്പിടിക്കാൻ ശ്രമിച്ച കൊച്ചുമറിയ കുളത്തിൽ വീഴുകയും ചെയ്തു. വെപ്രാളപ്പെട്ട് കരയ്ക്കു കയറിയെങ്കിലും ഒരടിപോലും നടക്കാനാകാതെ മറിയ കുളപ്പടവിലിരുന്നു.
“എടാ….. രാമാ…. നീ തറവാട്ടിൽ പോയി പൗലോച്ചായനെ വിളിച്ചിട്ട് വന്നേ. എനിക്ക് നടക്കാൻ പറ്റണില്ല”. രാമനാഥൻ മറിയയുടെ നനഞ്ഞ ശരീരത്തിൽ കണ്ണുറപ്പിച്ച് ചെറുചിരിയോടെ സമീപിക്കുന്നതു കണ്ടപ്പോൾ മറിയക്കെന്തോ പന്തികേട് തോന്നി.
” ഇത് പ്രശ്നമില്ല അക്കാ…. പാദം മടങ്ങിയതിൻ്റെയാ….. ഞരമ്പ് തെറ്റിക്കാണും. നീര് വരും മുമ്പ് പിടിച്ചിട്ടാൽ ഓക്കെയാവും” .
” അതിന് ആശൂത്രീല് പോണ്ടായോ. നീ പോയി അച്ചായനെ വിളിച്ചിട്ട് വായോ. എനിക്ക് നടക്കാൻ മേലാന്നേ”.
” അക്കൻ പേടിക്കണ്ട….. ഇത് ഇപ്പം ഞാൻ ശരിയാക്കിത്തരാം. ഞങ്ങൾ പാരമ്പര്യമായിട്ട് മർമ്മാണികളാണ്. എൻ്റെ അപ്പൻ്റെ അപ്പൂപ്പൻ തിരുവിതാംകൂർ മഹാരാജാവിൻ്റെ വൈദ്യനായിരുന്നു”.അവൻ്റെ വാക്കുകളിൽ മറിയക്ക് പ്രതീക്ഷ തോന്നി.
” അക്കന് സമ്മതമാണെങ്കി പറ. ഞാൻ ചെയ്യാം”. വേദനയുടെ നീരാളിപ്പിടുത്തത്തിൽ മറിയ അവനോട് കയർത്തു.
“നീ എന്തേലും ചെയ്തേ… എനിക്ക് സഹിക്കാൻ വയ്യായേ”. രാമനാഥൻ മറിയയ്ക്ക് അഭിമുഖമായി പടവിലിരുന്നു. ഇടതു കൈയിലെ വിരലുകൾ അവളുടെ വലതുകാലിലെ വിരലുകൾക്കിടിയിൽ കോർത്തു പിടിച്ചു. വെളുത്തു തുടുത്ത പാദത്തിൽ നീലനിറത്തിൽ ഞരമ്പ് തടിച്ചിട്ടുണ്ട്. അതിൽ അവൻ തളളവിരൽ അമർത്തി. നനഞ്ഞ വസ്ത്രം മുട്ടുവരെ ഉയർത്തിയപ്പോൾ മറിയ തടഞ്ഞു. വേദന കൊണ്ടാകാം അവൾ കണ്ണടച്ചിരുന്നു. മുട്ടിൽ നിന്നും നീലരേഖയിലൂടെ രാമൻ്റെ പെരുവിരൽ പല പ്രാവശ്യം കീഴ്പ്പോട്ട് തെന്നിയിറങ്ങി. ഒടുവിൽ ഇടതു കൈയുടെ പിടുത്തം ബലപ്പിച്ച് പാദത്തെ തിരിക്കുകയോ മറിക്കുകയോ ചെയ്തു. മറിയ ഒന്ന് പുളഞ്ഞു. ഒടുവിൽ മോട്ടോർ ഷെഡിലെ പണിയെല്ലാം അവസാനിപ്പിച്ച് തറവാട്ടിലേക്ക് നടക്കുമ്പോൾ മറിയ കാലിൻ്റെ വേദന മറന്നിരുന്നു. അവളുടെ മനസ്സിലേക്ക് രാമനാഥൻ നടന്നു കയറുകയായിരുന്നു. കരിവീട്ടിയേക്കാൾ കാറ്റാടിക്കൊമ്പുകളാണ് നല്ലതെന്ന് അവൾക്ക് തോന്നിയ ദിവസങ്ങളായിരുന്നു പിന്നീടുള്ളവ. കാറ്റാടിക്കൊമ്പിലെ ഞാലികൾ സ്നേഹക്കാറ്റിൽ അവളെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു.
കക്ഷത്തിലൊരു ബാഗും തിരുകി പൗലോ കവലയിൽ എത്തുന്ന ദിവസം റിപ്പയറിങ് ഷോപ്പിലിരുന്ന് രാമനാഥൻ സന്തോഷിക്കും. പൗലോച്ചായൻ കോയമ്പത്തൂർക്കോ വിശാഖപട്ടണത്തേക്കോ ഉള്ള പുറപ്പാടാണ്. അതിൻ്റെ അടയാളമാണ് കക്ഷത്തിലിരിക്കുന്ന കുഞ്ഞു ബാഗ്. അന്ന് രാത്രി വാസവൻ കട പൂട്ടി വീട്ടിൽ പോയി കഴിഞ്ഞാൽ കടയ്ക്കു പുറകിലെ ഒറ്റമുറിയിൽ രാമനാഥൻ കുറച്ചു നേരം വെറുതേയിരിക്കും. കവലയിലെ തിരക്കൊഴിഞ്ഞാൽ, അനാഥമായ വീഥിയിൽ അങ്ങിങ്ങ് മുനിഞ്ഞു കത്തുന്ന വഴിവിളക്കുകളെ വകവയ്ക്കാതെ ഇരുട്ട് ഇറങ്ങി നടക്കും. അപ്പോൾ ഒരു പഴയ ഹെർക്കുലീസ് സൈക്കിൾ ഇരുട്ടിനെ കൂട്ടുപിടിച്ച് പൗലോയുടെ വീടിനെ ലക്ഷ്യമാക്കി പായും. അതിൻ്റെ ചെയിൻ കവറിൽ നിന്നും വരുന്ന ശബ്ദം അരോചകമാണെന്ന് രാക്കിളികൾ പലവുരു പറഞ്ഞിട്ടുള്ളതാണ്.
ഒരിക്കൽ പമ്പ് നന്നാക്കാൻ വന്ന വാസവൻ പറഞ്ഞു.
” ആ ചെക്കൻ പോയീന്നേ. അവനെ ചിറ്റപ്പൻ ഗൾഫിൽ കൊണ്ടുപോയി. ഇനി ഏതെങ്കിലും നല്ല പിള്ളാരെ കിട്ടുന്നതു വരെ എൻ്റെ കാര്യം കഷ്ടാ…..” . മറിയയ്ക്ക് ദേഷ്യം തോന്നിയില്ല. രാമൻ നല്ലവനാണ്. സ്വർഗ്ഗസ്ഥനായ പിതാവേ അവന് നല്ലതുമാത്രം വരുത്തണേയെന്ന് നിശബ്ദം പ്രാർത്ഥിച്ചു കൊണ്ട് ആകാശത്തു നോക്കി കൈകൂപ്പി. ശേഷം ആ കൈകൾ ചട്ടയ്ക്കു മുകളിലൂടെ അടിവയറുവരെ തഴുകിയിറങ്ങിയത് മറിയപോലും അറിഞ്ഞില്ല. അമ്മച്ചി പള്ളികളിലെല്ലാം നേർച്ച ദ്രവ്യവും പണവുമായി കയറി ഇറങ്ങി. പൗലോയ്ക്ക് പ്രത്യേകിച്ച് സ്വഭാവമാറ്റങ്ങളൊന്നും ദൃശ്യമായിരുന്നില്ല. പക്ഷേ രാത്രികളിൽ അയാൾക്ക് നല്ല കുട്ടിയാകാൻ കഴിഞ്ഞു. അമ്മച്ചി വേളാങ്കണ്ണിയിൽ പോയി നേർച്ചയിട്ടു വന്ന ദിവസമാണ് പൗലോ തൻ്റെ ബാഗും കക്ഷത്തു വച്ച് ദൂരയാത്രയ്ക്കിറങ്ങിയത്. യാത്ര എങ്ങോട്ടേയ്ക്കാന്ന് ചോദിക്കുന്നത് അയാൾക്കിഷ്ടമല്ല. എന്നാൽ എങ്ങോട്ടാണെന്ന് അയാളൊട്ട് പറയുകയുമില്ല.
” വയറു നെറഞ്ഞൊരു പെണ്ണ് ഇവിടെ നിൽപ്പുണ്ട്. എങ്ങോട്ടാണേലും വേഗം തിരിച്ചെത്തിക്കോളൂ ട്ടാ”. അമ്മച്ചി ഇതു പറഞ്ഞെങ്കിലും പൗലോ കേട്ട മട്ടില്ലാതെ ഇറങ്ങിപ്പോയി. റോഡിലെത്തുന്നതിനു മുമ്പ് അയാളൊന്ന് തിരിഞ്ഞു നോക്കി. തന്നെ നോക്കി നിൽക്കുന്ന മറിയയെ നോക്കി ചിരിച്ചു. അവൾ അന്നാദ്യമായിട്ടാണ് ആ മുഖത്തെ ചിരി കാണുന്നത്. രണ്ടാഴ്ചയായിട്ടും പൗലോ തിരിച്ചെത്തിയില്ല. എവിടെ പോയി അന്വേഷിക്കണമെന്നറിയാതെ അമ്മച്ചിയും ഇടവകക്കാരും കുഴങ്ങി. ഒടുവിൽ പോലീസ് ആ വിവരവുമായെത്തി.ഏതാനും ദിവസം മുമ്പ് ബോർഡറിലെ ചെക്പോസ്റ്റ് കഴിഞ്ഞ് അഞ്ചാം വളവിൽ മറിഞ്ഞ തമിഴൻ ലോറിയിലെ യാത്രക്കാരനായിരുന്നു പൗലോ. അന്ന് മറിയ ഏഴു മാസം ഗർഭിണിയായിരുന്നു. സ്വന്തം മകൻ പോയെങ്കിലും കുടുബത്തിനൊരു അനന്തരാവകാശിയെ തന്നല്ലോ എന്നതായിരുന്നു അമ്മച്ചിയുടെ ആശ്വാസം. വെളുത്ത നിറവും ചുരുണ്ട മുടിയും മെല്ലിച്ച ശരീരവുമുള്ള വിൻസെൻ്റിനെ അമ്മച്ചീടെ സംശയദൃഷ്ടി പിൻതുടർന്നു കൊണ്ടിരുന്നു.
” എൻ്റെ പൗലോയുടെ ഒന്നുമില്ലല്ലോടീ ഈ കൊച്ചന്” അമ്മച്ചി പറഞ്ഞു തീരും മുമ്പ് മറിയയുടെ മറുപടിയെത്തും
” പതിനാലാം വയസ്സിൽ സന്നി വന്ന് വെള്ളത്തിൽ വീണ് മരിച്ച എൻ്റെ ഇളയ ആങ്ങള ജോസഫിനെ പോലെയാണിവൻ”. എന്നാലും അമ്മച്ചി സംശയനിവാരണത്തിനെന്ന പോലെ ഈ ചോദ്യം ഇടയ്ക്കൊക്കെ ആവർത്തിച്ചുകൊണ്ടിരിക്കും. മറിയ ഒരിക്കലും മറുപടി തെറ്റിച്ചു പറഞ്ഞിട്ടുമില്ല. അമ്മച്ചി മരിച്ചശേഷം മറിയയ്ക്ക് അവിടെ തുടരാൻ താൽപര്യമില്ലായിരുന്നു. പേടി തന്നെയായിരുന്നു പ്രധാന വികാരം. എസ്റ്റേറ്റും ബംഗ്ലാവും വിറ്റുകിട്ടിയ പണം ബാങ്കിൽ സ്ഥിര നിക്ഷേപമാക്കി, നഗരത്തിലൊരു 2BHK ഫ്ലാറ്റ് വാങ്ങി, മകനെ പഠിപ്പിച്ച് എൻജിനീർ ആക്കി. നഗരത്തിലെത്തിയ ശേഷമാണ് മറിയ മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയത്.
ആ അവസരത്തിൽ പലരും അവരെ പുനർവിവാഹത്തിന് പ്രേരിപ്പിച്ചിരുന്നു. എൻജിനീർ ആയ വിൻസൻറിന് ബാങ്കിലാണ് ജോലി കിട്ടിയത്. ഏതാനും വർഷം ജോലി ചെയ്ത സമ്പാദ്യവും ചെറിയ ലോണുകളും സംഘടിപ്പിച്ച് അവൻ ഉപരിപഠനാർത്ഥം കാനഡക്ക് പോയി. അക്ഷരാർത്ഥത്തിൽ മറിയക്ക് അതൊരു ഒറ്റപ്പെടൽ തന്നെയായിരുന്നു. വിൻസൻ്റിനെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ പണ്ട് ഒരു വാക്കുപോലും പറയാതെ ഗൾഫിലേക്കു പോയ ചുരുണ്ട തലമുടിയുള്ളൊരു പൊടിമീശക്കാരൻ്റെ രൂപവും മനസ്സിൽ തെളിയാറുണ്ട്. വല്ലപ്പോഴും വിൻസൻ്റ് വീഡിയോകോളിൽ വരും. കുറച്ചു നേരം സംസാരിക്കും.
തൻ്റെ ഫ്ലാറ്റിൻ്റെ തുറന്നിട്ട ജാലകത്തിലൂടെ മറിയ നക്ഷത്രങ്ങളെ നോക്കി കിടക്കും. നക്ഷത്രങ്ങളാണിപ്പോൾ കൂട്ടുകാർ. മറിയ ജീവിത സത്യങ്ങൾ അവരോടു മാത്രമാണ് പങ്കുവച്ചിട്ടുള്ളത്. നക്ഷത്രങ്ങൾക്കും കഥകൾ പറയാനുണ്ടാകും. ആകാശഗംഗ ഒഴുകുന്ന വഴിയിലെ തിളങ്ങുന്ന താമരപ്പൂക്കൾ പറയുന്ന കഥ കേട്ടാണ് മറിയ ഉറങ്ങിയിരുന്നത്. ഒരു രാത്രിയിൽ ആകാശത്തു നിന്നും ഇറങ്ങി വന്ന ഒരു നക്ഷത്രസുന്ദരി സ്വയം പരിചയപ്പെടുത്തി.
” ഞാൻ രേവതി. മീനം രാശിയിൽ നിന്നാണ്…” രേവതിയാണ് ജീവിതത്തെ ആഘോഷമാക്കാൻ അവളെ നിർബന്ധിച്ചത്. അങ്ങിനെ ഫ്ലാറ്റിനു പുറത്തെ സാധാരണ ജീവിതങ്ങളിലേക്ക് മറിയ ഇറങ്ങി ചെല്ലുകയായിരുന്നു. പാർക്കിലെ കുട്ടികൾക്കും തെരുവിലെ യാചകർക്കും ജീൻസിട്ട മറിയ ആൻറി പ്രിയങ്കരിയായി മാറി. ഒരു ഉഡുസുന്ദരി ഉള്ളിലുള്ളതു കാരണം അമ്പത്താറുകാരിയിൽ മുപ്പത്തഞ്ചിൻ്റെ തേജസ്സും ഓജസ്സും നിറഞ്ഞു നിന്നു. ഓരോ ദിവസത്തേയും പ്രോഗ്രാം നിശ്ചയിച്ചിരുന്നത് ആ സുന്ദരിയാണ്.
ചില ദിവസങ്ങളിൽ ആതുര സേവനം, ചില ദിനങ്ങൾ വനവൽക്കണത്തിന്, നഗരശുചീകരണത്തിനും ഒറ്റയാൾ പട്ടാളമായി മറിയ ഇറങ്ങാറുണ്ട്. രാത്രിയിൽ ജനാലയിലൂടെ ആകാശം നോക്കി കിടക്കുമ്പോൾ നക്ഷത്രക്കുഞ്ഞുങ്ങളിറങ്ങി വരും. അവർക്ക് ഇളം മഞ്ഞിൻ്റെ തണുപ്പും ചെമ്പക പൂവിൻ്റെ മണവുമാണെന്ന് മറിയയ്ക്ക് തോന്നിയിട്ടുണ്ട്. അവർ അവളെ ഉമ്മവച്ചുറക്കും. ഇപ്പോൾ വിൻസൻ്റ് വിളിക്കാറില്ല. അതിൽ മറിയയ്ക്ക് പരിഭവവുമില്ല. ചുറ്റിലുമുള്ളവർ പ്രിയപ്പെട്ടവരായി കഴിഞ്ഞപ്പോൾ വിൻസൻ്റ്അതിലൊരാൾ മാത്രമായി. ജീൻസിനുള്ളിൽ ഒതുങ്ങാൻ മടിക്കുന്ന തൻ്റെ തടിച്ചുരുണ്ട നിതംബത്തിലേക്ക് വൃത്തികെട്ട നോട്ടമെറിഞ്ഞിരുന്ന സെക്കൂരിട്ടി ഗോപാലകൃഷ്ണൻ പോലും ഇപ്പോൾ മാന്യനാണ്. അയാൾ ചിരിച്ചു കൊണ്ട് സലൂട്ട് ചെയ്യും. മിക്കവാറും പരസ്പരം സുഖാന്വേഷണം നടത്താറുമുണ്ട്.
നക്ഷത്ര സുന്ദരിയാണ് മറിയയ്ക്ക് കൃഷ്ണസ്വാമിയെ കാട്ടിക്കൊടുത്തത്. റിട്ടയേർഡ് ബാങ്ക് മനേജരാണ് സ്വാമി. പാർക്കിൽ കുട്ടികളുടെ കളിസ്ഥലത്ത് കാറ്റ് കൊണ്ടിട്ട കരിയിലകൾ പെറുക്കി വൃത്തിയാക്കുകയായിരുന്നു അപ്പോഴദ്ദേഹം. അടുത്തെത്തിയപ്പോൾ ചന്ദന ഗന്ധം അനുഭവപ്പെട്ടു. അത് നെറ്റിയിൽ കനത്തിൽ പൂശിയിരുന്ന ചന്ദനത്തിൻ്റേതോ അതോ പെർഫ്യൂമിൻ്റേതോ?. കൃഷ്ണസ്വാമിയെ കൂട്ടുകൂടാൻ ക്ഷണിച്ചത് മറിയയായിരുന്നു. സ്വാമിയുടെ ഫ്ലാറ്റിലെ ചുമരിൽ ഏതാനും മനുഷ്യരുടെ ഫോട്ടോ തൂക്കിയിരുന്നു. ബന്ധുക്കളാണവർ. പരിചയപ്പെടുത്തിയപ്പോൾ മറിയ എല്ലാവരേയും വണങ്ങി. ഫോട്ടോയിലെ മനുഷ്യർക്ക് അതിനാകാത്തതിനാലാകാം അവർ പുഞ്ചിരി പൊഴിച്ചു നിന്നു.
രേവതി നക്ഷത്രം തന്നോടൊപ്പമുള്ള അവസാന രാത്രിയാണിതെന്നത് മറിയയെ വിഷമിപ്പിച്ചു. സൂര്യൻ മീനരാശിയിലേക്ക് കടക്കുമ്പോൾ രേവതി അവിടെ ഉണ്ടാകണം. അത് സൗരയൂഥത്തിലെ നിയമമാണത്രേ. നക്ഷത്രക്കുഞ്ഞുങ്ങൾ ഉമ്മ വച്ചപ്പോൾ മറിയയുടെ കണ്ണ് നിറഞ്ഞൊഴുകി. പാതിര കഴിയുവോളം അവരെ കെട്ടിപ്പിടിച്ച് കണ്ണു മിഴിച്ച് കിടന്നു.
രേവതിയും കുഞ്ഞുങ്ങളും തന്നെ ഉണർത്താതെ വിടചൊല്ലിയിരിക്കുന്നു. ഈ മുറിയിലിനി ചെമ്പകപ്പൂ വിരിയില്ല. വീണ്ടും അനാഥത്വത്തിലേക്ക് വലിച്ചെറിഞ്ഞതു പോലെ. സൂര്യൻ ഓട്ടുകമ്പനിയുടെ കൂറ്റൻ ചിമ്മിനിയുടെ മറവിലെത്തിയിട്ടേയുളളൂ. ജനാലയിലൂടെ കടന്നു വന്ന കാറ്റിന് പരിചിതമായ ഏതോ ഗന്ധമുണ്ടെന്ന് അവൾ സംശയിച്ചു. താഴെ സെക്കൂരിട്ടി ഗേറ്റ് തുറന്ന് ആരേയോ അകത്തേക്ക് കടത്തിവിട്ട ലക്ഷണമുണ്ട്. തൻ്റെ ഡോർ ബെല്ലിൻ്റെ സ്വിച്ചിൽ ഒരു ചന്ദനഗന്ധം വിരലമർത്തുന്നതും പ്രതീക്ഷിച്ച് മറിയ ബാൽക്കണിയിൽ നിന്നു.