രചന : ജയരാജ് പുതുമഠം ✍
എം. ടി. നവതിയിലേക്ക്. പിറന്നാൾപ്പൂക്കളുടെ അഭിഷേകം.
എം. ടി. വാസുദേവൻ നായർ എന്നത് ചെറുപ്പം മുതലുള്ള ഒരു വിസ്മയ ലോകമാണ് എനിക്ക്. വായനയുടെ സൂക്കേട് പിടികൂടിയ കാലങ്ങളിൽ വല്ലച്ചിറ മാധവനും, മുട്ടത്തുവർക്കിയും,കോട്ടയം പുഷ്പ്പനാഥും, കാനവും, വേളൂർ കൃഷ്ണൻകുട്ടിയുമൊക്കെ ആർത്തിയോടെ രുചിച്ച് അകത്താക്കിയിട്ടുണ്ടെങ്കിലും എം. ടി. യുടെ ഉയരങ്ങളിലേക്ക് കാലൂന്നിയത് പ്രീഡിഗ്രി കാലത്താണ്.
അന്ന് ഞങ്ങൾക്ക് “അപ്പുണ്ണി”പാഠ്യവിഷയമായിരുന്നു.
എല്ലാ കുരുത്തക്കേടുകൾക്കിടയിലും ബാലരമ അമ്പിളിയമ്മാവൻ പൂമ്പാറ്റ ചിത്രരമ നാന സിനിമാ മാസിക തുടങ്ങി.. ഞങ്ങളുടെ ‘സന്മാർഗ്ഗദീപം വായനശാല’യിലെ ഒട്ടുമിക്ക പുസ്തകങ്ങളിലൂടെയും ഞാൻ ഇഴഞ്ഞിട്ടുണ്ട്. ഈ ഇഴച്ചിലുകളിലൂടെ മനസ്സിൽ ഒട്ടിച്ചേർന്ന ചില മുത്തുക്കെട്ടുകളായിരുന്നു എം ടി കൃതികൾ. കഥാപാത്രങ്ങളുടെ വിങ്ങുന്ന ഹൃദയാഴങ്ങളിൽ ചെന്നുപെട്ട് വ്യഥകളുടെ ചുമടുംതാങ്ങി ഞാനും കുറേ വേദനിച്ചിട്ടുണ്ട്.
എംടീയെൻ സിനിമകൾ എല്ലാംതന്നെ എണ്ണിയാലൊതുങ്ങാത്തത്രയും എന്റെ മിഴികളിലൂടെ പാഞ്ഞുപോയിട്ടുമുണ്ട്. പണ്ട് video സിനിമാക്കച്ചവടം ഉണ്ടായിരുന്നതുകൊണ്ട് അതും എന്റെ ജീവിതത്തിന്റെ വേർപ്പെടുത്താനാവാത്ത ഭാഗം തന്നെയായിരുന്നു.
തൃശ്ശൂരിലെ സാഹിത്യ സദസ്സുകളിൽ മിക്കവാറും കസേര പങ്കിടാറുള്ള എനിക്ക് എം ടി യുടെ സാന്നിധ്യങ്ങൾ സുലഭമായിട്ടുണ്ടെങ്കിലും അദ്ദേഹവുമായി രണ്ടുദിവസം ഒന്നിച് ഇടപഴകാനായത് എം. എ. റഹ്‌മാന്റെ “കുമരനെല്ലൂരിലെ കുളങ്ങൾ “എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണവേളയിലാണ്.
ഭാഷാപോഷിണിയിൽ അക്കാലത്തു് പ്രസിദ്ധീകരിച്ച ‘കുമരനെല്ലൂരിലെ കുളങ്ങൾ’ എന്ന വിജ്ഞാനദായകമായ ലേഖനത്തിൽനിന്ന് പ്രചോദിതനായി റഹ്‌മാൻ ഒരു ഡോക്യൂമെന്ററിക്ക് സ്വപ്നംകാണുകയായിരുന്നു.
കോഴിക്കോട് കൊട്ടാരം വഴിയിലെ ‘സിത്താര’ ഗൃഹത്തിലേക്ക് റഹ്‌മാനും ‘ഉപ്പ്’വക്കീലും ഞാനും മുസ്തഫ ദേശമംഗലവും കൂടിയാണ് മലയാളത്തിന്റെ കഥാകാരനുമായി വിഷയം ചർച്ചചെയ്യാൻ പോയിരുന്നത്.
കഥാകാരൻ പഠനകാലത്ത് നീന്തിക്കുളിച്ചിരുന്ന കുമരനെല്ലൂർ പ്രദേശത്തെ ഇന്നും ജീവനോടെ ഓളങ്ങൾ തീർത്തുകൊണ്ടിരിക്കുന്ന നിറവുള്ള കുളങ്ങളുടെ പാരിസ്ഥിതിക പ്രസക്തിയെക്കുറിച്, പരിസ്ഥിതി പ്രവർത്തകനും അധ്യാപകനും കവിയും ചിത്രകാരനും ഹ്രസ്വചിത്ര സംവിധായകനും കൂടിയായ പ്രൊഫ. എം. എ. റഹ്‌മാൻ ആഴത്തിൽ ഊളയിട്ടു.
ഷൂട്ടിങ് ദിനം നിശ്ചയിച് പ്രവീണനായ ക്യാമറാമാൻ കെ. ജി. ജയനെയും വിവരങ്ങൾ ധരിപ്പിച്ചു.
നിശ്ചയപ്രകാരം പട്ടാമ്പി പാലത്തിനുസമീപം നിളയോരത്ത് switch on. ഏഷ്യാനെറ്റിലെ രാജു റാഫേൽ അത് വാർത്തയാക്കി.
എം ടി യോടൊപ്പം പരിചരണത്തിനുള്ള ഭാഗ്യമുണ്ടായത് എനിക്കായിരുന്നു. നഗരത്തിൽ തന്നെയുള്ള അദ്ദേഹത്തിന്റെ പതിവ് വാസസങ്കേതത്തിൽ ആ വൻ സർഗ്ഗവൃക്ഷത്തോടൊപ്പം ഇടപഴകുവാനും കുറേനേരം മൗനം പാലിക്കാനും എനിക്കായി. പിന്നീട് ഷൂട്ടിങ് സംഘവുമായി ‘അശ്വതി’യിൽ.. അദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ..മണൽമാഫിയ കളുടെ ലോറികൾ അപഹരണവുമായി പോകുന്ന മരിച്ച ജലശയ്യക്കരികിൽ.. വരണ്ടുണങ്ങിയ നിളയുടെ മാറിടങ്ങളിൽ..
ചെറുപ്പത്തിൽ വാസു കൂട്ടുകാരോടൊപ്പം ശീട്ട്കളിച്ചിരുന്ന ഒളിയിടങ്ങളിൽ. കുമരനെല്ലൂരിലെ ക്‌ളാസ്സ്‌മുറിയിൽ SSLC പരീക്ഷകഴിഞ്ഞു സ്കൂളിനോട് വിടപറഞ്ഞപ്പോൾ സ്കൂൾ വരാന്തയിലെ ഉച്ചിയിൽ തന്റെ പരീക്ഷാ നമ്പറായ ‘51931’ഒരു കുസൃതിസ്മരണയായി കുറിച്ചിട്ട ഒളികേന്ദ്രത്തിൽ..അക്കിത്തത്തിന്റെ വീട്ടിൽ.. വീടിനുപുറത്തെ ചെങ്കൽ ആവരണമുള്ള വിശാലമായ കുളകടവിൽ.. വീടെത്തും മുമ്പുള്ള അമ്പലകുളക്കടവിൽ..വാസുവിന്റെ കൗമാരം പിന്നിട്ട ഗ്രാമവഴികളിലൂടെ. അങ്ങനെയങ്ങനെ…രണ്ടുനാളുകൾ.
ഈ സമയങ്ങളിലൊക്ക അദ്ദേഹത്തിന് കുടിക്കാനുള്ള വെള്ളത്തിന്റെ കുപ്പി എന്റെ കൈവശമായിരുന്നു സൂക്ഷിച്ചിരുന്നത്. അതുകൊണ്ട് ഇടയ്ക്കിടെ ഞാനുമായി ഒരു നിശ്ശബ്ദ വിനിമയമുണ്ടായിരുന്നു. മാത്രവുമല്ല ചെരിപ്പ് ഊരി നഗ്നപാദനായി നടക്കേണ്ടിയിരുന്ന ചില രംഗങ്ങളും ഉണ്ടായിരുന്നതുകൊണ്ട് ചെരിപ്പ് കയ്യിലെടുക്കുവാനുള്ള സൗഭാഗ്യവും എനിക്കുതന്നെ കൈവന്നു.
സർഗ്ഗാത്മകതയുടെ നിലവിളക്കായ് മലയാളം ഉള്ളിടത്തോളം പ്രകാശംചൊരിയുവാൻ പിറന്ന ഈ മഹാമേരുവിന്റെ ജന്മദിനത്തിൽ ആ പാദുകങ്ങളെ ശിരസ്സിലേക്ക് ഏറ്റിവെച്ചുകൊണ്ട് വിനയപൂർവ്വം,
എന്റെ ആശംസകൾ.