രചന : സുമോദ് എസ് ✍
ഇന്നലെ പാണ്ടിക്കാട് സ്കൂളിലും കനത്ത മഴയായിരുന്നു.
രാവിലെ തുടങ്ങിയ തിരിമുറിയാത്ത മഴ..
അതിനിടയില്‍ ശ്രീ അതുല്‍ നറുകര പാട്ടിന്റെ മേഘവിസ്ഫോടനങ്ങളുമായി വന്ന് ക്ളബ്ബുകളുടെ സംയുക്ത ഉദ്ഘാടനത്തില്‍ മുഖൃ അതിഥിയായി..
കുട്ടികളൊക്കെ അതുലിന്റെ കടുവയിലെ പാട്ടിന്റെ(പാലാപ്പള്ളി ) ഫാനാണല്ലോ..
മഴ കൂടി വന്നു..
രാവിലെ മുതല്‍ ക്ഷീണമുണ്ട്.
ഓടി നടന്നും മഴ നനഞ്ഞും ഉച്ചകഴിഞ്ഞപ്പോഴേയ്ക്കും ഞാന്‍
അവശനായി… മഴകൂടി വന്നപ്പോള്‍ HM പ്രിയപ്പെട്ട ഹരിമാഷ് സ്കൂളല്‍പ്പം നേരത്തെ വിടാനുള്ള തീരുമാനമെടുത്തു..
കനത്ത മഴയാണ് .കുട്ടികള്‍ സുരക്ഷിതമായി വീട്ടിലെത്തണം.രക്ഷിതാക്കള്‍ക്ക് അറിയിപ്പു പോണം..സ്കൂള്‍ ബസ്സ്,മറ്റ് ടാക്സികള്‍ എല്ലാത്തിന്റേയും സമയക്രമം മാറ്റി കുഞ്ഞുങ്ങളെ അറിയിക്കണം..
സ്കൂള്‍ നേരത്തെ വിടുന്നു എന്നറിയുമ്പോഴുള്ള സ്വാതന്ത്രൃ പ്രഖൃാപനത്തിന്റെ ആഹ്ളാദാരവങ്ങളെ ഉള്ളില്‍ ചിരിച്ചു കൊണ്ട് നിയന്ത്രിക്കണം..
ബെല്ലടിച്ചപ്പോള്‍ ഒരുമഴയേയും വകവെക്കാത്ത ഒരു മഹാജാഥ പുറപ്പെട്ടു.അതിന്റെ ഓരം ചേര്‍ന്നു നിന്നു..
ക്ഷീണം കൂടി വരുന്നു..പനിവരാനാകും.വീട്ടിലെത്തി കിടക്കണം..
അപ്പോഴാണ് തണുത്ത് വിറങ്ങലിച്ച്, ഒരു ബഷീര്‍ കഥാപാത്രം പോലെ അയാള്‍ വന്നത്..കുടഞ്ഞു കളയാത്ത മഴപോലെ പ്രായവും ക്ഷീണവും ശരീരത്തില്‍ പറ്റി നിന്ന ഒരാള്‍..
‘മാഷേ..ഇന്റെ കുട്ടീനെ കാണാനില്ല..’
‘ശരിയ്ക്ക് നോക്കൃോ..ആ ഗ്രൗണ്ടില് ചെളിതെറിപ്പിച്ച് കളിയ്ക്കണ വികൃതികളുടെ എടേലുണ്ടാവുംന്ന്..’
‘ഇല്ല ..ഞാന്‍ ഗെയ്റ്റിങ്ങല് നിക്കാര്‍ന്നു..ഇത്രനേരം..ഇന്റെ മോള്‍ടെകുട്ടൃാണ്ന്ന്..ഞാനല്ലേ ഓനെ കൊണ്ടാക്കണതും തിരിച്ച് കൊണ്ടോണതും..’
‘അതിന് നിങ്ങള് പരിഭ്രമിയ്ക്കല്ലിം ..സ്കൂളിപ്പോ വിട്ടിട്ടല്ലേ ഉള്ളൂ..’
‘ഇന്നാലും ഇന്റെ കുട്ടി..’
‘ഏതാ ക്ളാസ്സ്..’
‘അഞ്ച് ഡി..ചെറിയ കുഞ്ഞാ മാസ്റ്റേ..വീട്ടിലിയ്ക്ക് അധികം ദൂരല്ല.പക്ഷേ പോണവഴി കൊളം നെറഞ്ഞ് കെടക്കാണ്..പാടത്ത് വെള്ളക്കെട്ടുംണ്ട് .. ഇന്റെ കെെ പിടിച്ചില്ലെങ്കില്‍ ശരിയാവില്ല..’
ശ്വാസമെടുക്കാന്‍ അയാള്‍ ബദ്ധപ്പെടുന്നുണ്ട്..
കാരൃം ഗൗരവമുള്ളതാണ്..കാരണവരെകൂട്ടി അഞ്ച് ഡിയിലെ ക്ളാസ്സ് ടീച്ചറുടെ അടുത്തെത്തി..
അവന്‍ കൂട്ടുകാരന്റെയൊപ്പമാണ് പോയത്.ടീച്ചര്‍ കണ്ടിട്ടുണ്ട്..
നിങ്ങള് സമാധാനായി പോയ്ക്കോളൂ..നിങ്ങളെ കാണാതെ അവന്‍ കൂട്ടുകാരുടെ ഒപ്പം പോയിട്ടുണ്ടാവുംന്ന്..
‘എന്നാല് ഇങ്ങളും കൂടി വീട്ടിലിയ്ക്ക് വരി..എന്നിട്ട് കുടീലുള്ളോലെ പറഞ്ഞ് മനസ്സിലാക്കീന്ന്..ഞാന്‍ ഓനെ കാത്ത് ആ മഴയത്ത് എത്രനേരാ നിന്നതെന്നറിയോ..’
ശരിയാണ്…കുഞ്ഞുമഴത്തുള്ളികള്‍ പാറിവന്ന് കെട്ടിപ്പിടിച്ച് ഉമ്മവെച്ചതിന്റെ പാടുകളാണ് മുഖം നിറയെ..’
ചിരി വരുന്നുണ്ട്.കരച്ചിലും.ടീച്ചര്‍ അവന്റെ അമ്മയെ വിളിച്ചു.അവര്‍ ജോലിസ്ഥലത്താണ്.കാരൃങ്ങള്‍ ധരിപ്പിച്ചു.ഫോണ്‍ ലൗഡ്
സ്പീക്കറിലിട്ടു.
‘അച്ഛാ.’ മകള്‍ വിളിച്ചു.’അച്ഛാ ..പരിഭ്രമിയ്ക്കണ്ട..
മുത്തച്ഛനെ കണ്ടില്ലെങ്കില്‍ തൊണക്കാരന്റെയൊപ്പം പൊയ്ക്കോളാന്‍ ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്.ഓനിപ്പോ വീട്ടിലെത്തീട്ടിണ്ടാവും.അച്ഛന്‍ വീട്ടിലിയ്ക്ക് പൊയ്ക്കോളൂ..’
എന്നിട്ടും അല്പനേരം അയാളവിടെ നിന്നു.പോക്കറ്റില്‍ ആകെയുള്ള ഒരു നാണയം എടുത്തു.
ഒരുറുപ്പിക നാണയം..ആകെ അതേയുള്ളൂ..
‘ഓന് മിട്ടായി വാങ്ങിക്കൊടുക്കാന്‍ കുടിക്കാരി തന്നതാണ്..’
ആ മിഠായിയുടെ സ്വാദിലേയ്ക്ക് മഴ നൊട്ടി നുണഞ്ഞ് വന്നു..
പിന്നാലെ ഒളിച്ച് കളിച്ച് വെയില്‍..
ആകാശക്കുത്തുകള്‍ കൊണ്ട് അലങ്കരിച്ച കുടനിവര്‍ത്തി,കയ്യില്‍ ഒരു രൂപ വട്ടത്തിലേയ്ക്ക് ഭൂമിയേയും ചുരുട്ടി അയാള്‍…