രചന : തോമസ് കാവാലം✍
ലൗകികമലൗകികമെന്നിങ്ങനെ നാം
കൃത്യം രണ്ടാക്കും
ചെയ്യുവതെല്ലാം നന്മയതെങ്കിൽ
കൃത്യം ആത്മീയം.
അപരനു നന്മകൾ ചെയ്യും കൃത്യം
ആത്മീയതയല്ലോ
അപരസുഖം നാം നോക്കി ചെയ്‌താൽ
നമുക്കു സുഖം കൃത്യം.
നന്മതൻ വിളനിലമായൊരു ചിത്തം
നാകം സൃഷ്ടിക്കും
ലക്ഷ്യം വയ്ക്കും തൃപ്തി മോദവു-
മവന്റെ സത്കൃത്യം.
പൂർണതകാക്കും കൃത്യമതെല്ലാം
പരാജിതമാകും
അപൂർണകൃത്യക്കുറവുകൾ മാറ്റും
ക്രിയാത്മക ചിന്ത.
പൂർണതയില്ലാതെല്ലാം ധരണിയിൽ
പൂർണത തേടീടും
എല്ലാ,മൂതിക്കാച്ചിമിനുക്കി നാം
കാര്യക്ഷമമാക്കും.
തെറ്റുകളില്ലാതാടിയയാട്ടം
ഉണ്ടാവില്ലിവിടെ
താളം തെറ്റാതാരുണ്ടിവിടെ
പാട്ടുകൾ പാടുന്നു?
എന്തുണ്ടെന്തുണ്ടെന്നൊരു ചോദ്യം
ആസ്തിയളക്കുന്നു
എങ്ങനെ നാമതുപയോഗിച്ചെന്നത്
അളക്കും മികവുകളും.