രചന : അബ്ദുൾ മേലേതിൽ ✍

‘നിനക്ക് ഇഷ്ടപ്പെട്ട നിറമേതാണ് ? ഇടക്കെപ്പോഴോ സംസാരത്തിനിടയിൽ അവളെന്റെ മുഖത്തേക്ക് മുഖം ചേർത്ത് ചോദിച്ചു അവളുടെ ചിന്തകൾ അങ്ങനെയാണ് അതങ്ങനെ പിറവിയെടുക്കും
അവളുടെ ചുണ്ടുകൾ മാത്രം നോക്കി ഞാൻ പറഞ്ഞു ‘ചുകപ്പ്..


‘എന്താണ് അത് ഇഷ്ടപ്പെടാൻ കാരണം
ഇഷ്ടപ്പെട്ട നിറം പറഞ്ഞാൽ മാത്രം പോര അവളോട് കാരണവും പറയണം ഇടക്ക് ഓരോ യാത്രകൾ എവിടേക്കെന്നില്ലാതെ..
പകലുകളെ പണയം വെച്ചു പുതുമകൾ വിലക്കെടുക്കുന്ന ഓരോ യാത്രകൾ
യാത്രകൾ ഇടക്കെല്ലാം പിറവിയെടുക്കുന്നു ചോദ്യങ്ങളും..
അനാഥ കുഞ്ഞുങ്ങളെ പോലെ ചിലതെല്ലാം വെറും ചോദ്യ ചിഹ്നങ്ങൾ മാത്രമാകുന്നു
‘ചുകപ്പ് വിപ്ലവമാണ് രതിയാണ്..


അവസാന വാക്കുകൾ പറയുമ്പോൾ അവളുടെ മുക്കുത്തി അണിഞ്ഞ തുമ്പത്ത് പൊടിഞ്ഞു നിൽക്കുന്ന വിയർപ്പ് തുള്ളികൾ സൂര്യ വെളിച്ചത്താൽ തിളങ്ങി നിന്നു..
ഒരു നദിയായി ഒരിടത്തേക്ക് ഒഴുകുമ്പോൾ നമ്മൾ ഒന്നാകുന്നു നമ്മുടെ സ്വപ്നങ്ങളും..
ഇടവഴിയിൽ വെച്ചു പിരിയുമ്പോൾ ഓർമ്മകൾ മാത്രം ബാക്കിയാകുന്നു ചെറു നൊമ്പരങ്ങളോടെ
‘ഞാൻ ഓർക്കാറുണ്ട് നിന്റെ കാലുകൾ ചെരിച്ചുള്ള നടത്തം ചിരിക്കുമ്പോൾ എല്ലാ പല്ലുകളും ഭംഗിയിൽ നിരയാർന്ന് നിൽക്കുന്നത്


ട്രെയിനിൽ അന്ന് യാത്ര ചെയ്യുമ്പോൾ മുടിയിഴകൾ പാറി കളിക്കുന്നത് മുടിയിഴകൾ പാറുന്നത് ഉന്മാദമാണ് സ്വതന്ത്രമായി അവ നൃത്തം ചെയ്യുന്നു പറക്കാൻ ശ്രമിക്കുന്നു
അകലേക്ക് മറയുന്ന തെങ്ങുകളെയും പ്രകൃതി ഭംഗിയെ കുറിച്ചും നീ വാചാലയാകുമ്പോൾ അടുത്തിരുന്ന ഓരോ യാത്രക്കാരും ഓരോയിടത്തേക്ക് മറയുകയായിരുന്നു..
‘മുടിയിഴകൾ പാറി കളിക്കുമ്പോൾ പതിയെ ഞാൻ ചുണ്ടുകൾ ചേർത്തത് നിന്റെ പിൻ കഴുത്തിലായിരുന്നു ചെറിയൊരു ചൂടുള്ള നിശ്വാസം എന്റെ ചെവിയിലും ഞാനറിഞ്ഞപ്പോൾ ട്രെയിൻ ഒന്ന് ശക്തമായി ഇളകി പിന്നെയും കുതിച്ചു കൊണ്ടിരുന്നു ലക്ഷ്യത്തിലേക്ക്


‘ചുകപ്പ് രതിയുടേതായിരുന്നു എന്നെ ഭ്രമിപ്പിച്ച നിന്റെ മൂക്കുത്തിയെ എനിക്ക് ചുണ്ടുകൾ കൊണ്ട് തൊടണം എന്നുള്ള എന്റെ ആഗ്രഹത്തിന്റെ..
‘എവിടെയായിരുന്നു ചുകപ്പ് കണ്ടത്..
നയിക്കപ്പെടുകയായിരുന്നു രണ്ട് പേരെയും ഒരിടത്തേക്ക് അന്നെടുത്ത ലോഡ്ജ് മുറിയിൽ നീ നഖം കൊണ്ടേന്തൊക്കെയോ എഴുതി ചേർത്തിരുന്നു ഒഴുകാനും പരക്കാനും കയറാനും ഇറങ്ങാനും ആരുമില്ലാത്ത ഒരു ട്രെയിൻ യാത്രയായിരുന്നു ലോഡ്ജ് മുറിക്കുള്ളിൽ..


‘താടിയേയും നെഞ്ചിലെ രോമങ്ങളെയും തൊട്ട് തലോടി കൊണ്ട് നീയെന്റെ നെഞ്ചിൽ ചാഞ്ഞിരിക്കുമ്പോൾ എനിക്ക് പ്രകൃതിയെ ആസ്വദിക്കാമായിരുന്നു സമാധാനത്തോടെ സന്തോഷത്തോടെ
നീയിടുന്ന ഒപ്പുകളെ പോലും ഞാൻ പ്രണയിച്ചിരുന്നു ഞാനത് പോലെ ഇടാൻ ശ്രമിച്ചിരുന്നു രണ്ട് പേരും ഒരു പോലെ ശ്രമിച്ചപ്പോൾ വിജയിച്ചത് നീയായിരുന്നു വായിലാകെ ചുകപ്പണിഞ്ഞു ചിരിച്ചു കൊണ്ടെണീറ്റപ്പോൾ നിന്റെ വായിലും കണ്ടു ചുകപ്പിനോടുള്ള പ്രണയം..


എനിക്ക് നഖമുണ്ടായിരുന്നില്ല എന്റെ പുറത്ത് നീയെന്തൊക്കെയായിരുന്നു വരച്ചു തീർത്തത്?
‘പതിയെ തീരം തേടി പോകുന്ന തിരകളെ നോക്കി ഇരിക്കുന്ന ഇടക്കെപ്പോഴോ ഓർമ്മകളെയും സ്വപ്നങ്ങളെയും കൊണ്ട് പോകുന്ന കടൽ കാറ്റിൽ പരസ്പരം മുഖത്തോട് മുഖം നോക്കിയിരിക്കുമ്പോൾ മിഴികൾ നിറഞ്ഞത്..
‘ഇന്നതെല്ലാം ഞാൻ ഓർത്തിരുന്നു എവിടെ വെച്ചാണ് നാം പിരിഞ്ഞത് എപ്പോഴും വിടപറയൽ ആയിരുന്നല്ലോ അതിലേതെന്തെങ്കിലും ഒന്ന് നിന്നെ നോക്കി ഞാൻ ചിരിച്ചു നീ അറിഞ്ഞില്ല ഞാൻ അങ്ങനെ തന്നെ കുറെ നേരം പിടിച്ചിരുന്നു ചിരി മാഞ്ഞപ്പോൾ കവിളുകൾ വേദനിക്കുന്നുണ്ടായിരുന്നു നീയപ്പോഴും അങ്ങനെ തന്നെ മറ്റെങ്ങോ ശ്രദ്ധ പതിച്ചു കൊണ്ട് നിനക്കെന്നെ ഓർമ്മ ഇല്ലാഞ്ഞിട്ട് തന്നെയാണ് അപ്പോഴാണ് ഞാൻ ഒപ്പുകളെ കുറിച്ചാലോചിച്ചത് ഒപ്പുകൾക്ക് മാറ്റമുണ്ടോ..


‘സിസ്റ്റർ വായിലെന്തോ വെച്ചിരുന്നു അതെടുത്ത് മുകളിലേക്ക് നോക്കി പിന്നെയും പഞ്ഞിയും ഐസും നെറ്റിയിലും ഞരമ്പുകളിലേക്ക് സൂചിയും..
പനിച്ചു വിറക്കുമ്പോൾ രോഗികൾ പലതും പറയുമെത്രെ എന്നാൽ ഞാൻ പറഞ്ഞത് കേൾക്കാൻ രസമുണ്ടായിരുന്നു എന്ന് സിസ്റ്റർ പറഞ്ഞപ്പോൾ മുഖം ചുവന്നു തുടുത്തു..
ചുകപ്പ് എന്താണ് എന്നാണ് പറഞ്ഞത് സാർ..
‘സൂചി വെച്ചിടത്തു പഞ്ഞി അമർത്തി പിടിച്ചു ചിരിയോടെ സിസ്റ്റർ ചോദിച്ചു..
ചുകപ്പ് ഞങ്ങൾ കണ്ടിരുന്നു ചക്രവാളത്തിന്റെ ചുകപ്പ് പിന്നീട് ഞങ്ങൾ രണ്ടു വഴിയിൽ പിരിഞ്ഞു വാക്കുകളൊന്നും കൈ മാറിയിരുന്നില്ല ഞങ്ങൾ നിറങ്ങളെ പ്രണയിച്ചിരുന്നു എന്നിട്ടും കണ്ടപ്പോൾ അറിഞ്ഞിരുന്നില്ല ചുകപ്പ് ത്യാഗം കൂടിയാണെന്ന് അവളെന്നോട് പറഞ്ഞിരുന്നില്ലല്ലോ…!

By ivayana