രചന : പ്രകാശ് പോളശ്ശേരി ✍
മലരിനു തേനും മണവുമെന്നപോൽ
മനസ്സിനു വേണം വിശ്വാസ ശാസ്ത്രവും
അരുവിയിൽവരും ചെറുമത്സ്യങ്ങൾക്ക്
അരുണിമപകരാൻ സൂര്യാംശവും
കലകളായിരം കരളിലുണ്ടെങ്കിലും
കരവിരുതുകാട്ടാൻ വിരലുകളില്ലെങ്കിൽ
കരഞ്ഞിരിക്കാം വിധിയെന്നു ചൊല്ലി
കരുണ ചോദിച്ചു നടക്കുമോന്നറിയില്ല
പരിമളമേറെയുണ്ടെങ്കിലുമൊരുവേള
ഘ്രാണേന്ദ്രിയമങ്ങു പണിമുടക്കിയാലോ
പരിഹാരമേറെയില്ല ഇന്ദ്രിയങ്ങൾക്ക്
പരിതപിച്ചിരിക്കാമെന്നു മാത്രവും
ജ്വലിക്കുംകിനാവുകളേറെയുണ്ടെന്നാകിലും,
പങ്കുവയ്ക്കാനിടമില്ലെന്നിരിക്കെ
പാഴായിപ്പോകുന്ന മഴവില്ലു പോൽ
ക്ഷണമായിതീരുക കഷ്ട്ടമല്ലാതെന്ത്
വിശ്വാസമാണേറെ കാര്യവും
ഏണകം തൻതോഴിക്കു കൺകോണിൽ
കൊമ്പിനാൽ നൽകുന്ന കരുതൽ പോലെയും
കൃത്രിമ കാന്തി വരുത്തി മേനിയിൽ ദർപ്പണ സുഖം വരുത്തിയാലും
ഒട്ടൊരു കുളിക്കു പോയിടുമതെല്ലാം
ഉത്തരംപറയാതെ നിൽക്കണംമേനിയും
ഇന്നെന്റെ ഭണ്ഡാരം കാലിയാണൊരു
ചില്ലറപോലുമില്ല സ്നേഹമായിട്ട്
ചോദിച്ചൊരു ദേവനുo കാഴ്ചനേടാറില്ല
ഉള്ളവിശ്വാസത്തിൽസമർപ്പണം ചെയ്യണം