രചന : എം ബി ശ്രീകുമാർ ✍
നല്ലൊരു സ്വപ്നം കാണാനാണ്
ദൈവം പറഞ്ഞത്
എന്തിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളാണ്
നല്ലത് എന്നായിരുന്നു……..
ദൈവത്തെക്കുറിച്ചു-
തന്നെയായാലോ
രാജ്യത്തെക്കുറിച്ചായാലോ
കുടുംബത്തെക്കുറിച്ചായാലോ
എന്നെക്കുറിച്ചു മാത്രമായാലോ
അവനെക്കുറിച്ചായാലോ
അവന്റെ സ്നേഹത്തെക്കുറിച്ചായാലോ.
കോലങ്ങൾ വരക്കുന്നതിനിടയ്ക്കു
അവളോട്
കണ്ടല്ലൂരിലെ മാതുമുത്തശ്ശി പറഞ്ഞു.
സ്നേഹം കാണിക്കാനുള്ള ഒരു മാർഗം
ത്യാഗം തന്നെയാണ്.
അപ്പോൾ ത്യാഗത്തെ ക്കുറിച്ച്…..
സത്യത്തിൽ
ജനനത്തേക്കുറിച്ചും
മരണത്തെക്കുറിച്ചുമാണ്
നല്ലത് ചിന്തിക്കേണ്ടത്…
ശാന്തതയോടെ…..
അവർ ആരോടോ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു…..
ജനനത്തോടെ
ഭൂമിയെ അറിയുന്നു, സ്നേഹിക്കാൻ പഠിക്കുന്നു.
ശേഷം,
ജീവിതത്തിൽ
ശാന്തമായ മരണത്തെക്കുറിച്ചാണ്
നീ അറിയേണ്ടത്.
ത്യാഗത്തോടെ ….
അവർ ആരോടോ പറഞ്ഞുകൊണ്ടേയിരുന്നു…..
അവൾ ബ്യുട്ടീപാർലറിൽ പോകാൻ ഒരുങ്ങി.
മുഖം മിനുക്കണം
സിന്ദൂരം അണിയണം..
മുടി ഡ്രസ്സ് ചെയ്യണം
മുടിയിഴകളിൽ സ്വർണ നിറം ചാലിക്കണം.
മൂക്കുത്തി അണിയണം.
ഒരു കാലിൽ മാത്രം സ്വർണകൊലുസ്സണിയണം
പുതിയ കുപ്പായങ്ങൾ പുതക്കണം.
സ്വർണനിറമാർന്നങ്ങനെ
ആട്ടുകട്ടിലിൽ
കിടന്നങ്ങനെ,ശാന്തമായി
സ്വപ്‌നങ്ങൾ കാണണം.