മരം മരിച്ചതിന്റെ പ്രതീകമായ
നീരുവറ്റിയൊരു പലക..
കടൽ നഷ്ടമായ,
കണ്ണീർപുളിപ്പ് മാറാത്ത,
ചോരവറ്റിയ കുറേ
കവടിയുടെ ജഡങ്ങൾ..
അതിര് കൽപ്പിച്ചുശീലിച്ചവന്റെ
ആസൂത്രണക്കരുത്തിൽ
നീക്കിവക്കലുകൾക്കായി
തുല്യതയില്ലാത്ത കുറേ കളങ്ങൾ…
അകമുലയുന്നവരുടെ
അടിവേരിലേക്ക്
ചുടുനീരൊഴുക്കുന്ന വാക്കുകൾ…
ദൈവകോപം,
നാഗദോഷം,
പ്രേതശല്യം,
കൂടോത്രം………
ചങ്ക് പിടയുന്നവന്റെ കലത്തിലെ
അവസാനത്തെ വറ്റിലേക്ക് കണ്ണുനട്ട്
പ്രതിവിധിക്കുള്ള മാർഗങ്ങൾ.
മന്ത്രം,
ഏലസ്സ്,
പൂജ,
വഴിപാട്,……
അന്നം മുട്ടാതിരിക്കാനുള്ള
കുറുക്കന്റെ കൗശലങ്ങൾക്ക്
പേര് ജോതിഷം.
കരൾ വെന്തവരുടെ ചുളിഞ്ഞ കീശക്ക്
ഉറപ്പില്ലാത്തിടത്തോളം
ഭൂതവും ഭാവിയും
കവടികറക്കി പറയുന്നവരുടെമാത്രം
‘വർത്തമാനം’
എന്നും സുന്ദരമാണ്.
(മണികണ്ഠൻ)