രചന : ജയശങ്കരൻ.ഒ.ടി.✍

സ്വസ്ഥമാവട്ടെ ദിനം ,
സ്വച്ഛന്ദമുറങ്ങട്ടെ
രാവുകൾ , നിലക്കാതെ
കാറ്റു സഞ്ചരിക്കട്ടെ

സ്വച്ഛമാവട്ടേ ഋതു
സംക്രമം, പൂക്കൾ ചിരി
ച്ചുല്ലസിക്കട്ടെ മലർ
വാടികൾ നിറയട്ടെ.

മാരിപെയ്യുമ്പോൾ ജീവ.
രാശികൾ പ്രകൃതി തൻ
മാതൃഭാവത്തിൽ മധു
രാമൃതം നുകരട്ടെ

രാപ്പകൽ പ്രയത്നത്തിൽ
ഗാഥകൾ നിറയട്ടെ
യൗവനം സമൃദ്ധമായ്
ജീവിതം തുടുക്കട്ടെ.

സൗഖ്യമായ് ശതം ജീവ
ശരദം വർദ്ധിക്കട്ടെ
സൽപ്രവൃത്തികൾ നിത്യം
പുണ്യമായ് നിറയട്ടെ

രാക്കുയിൽ ഗാനങ്ങളാൽ
പ്രണയം ചൊരിയട്ടെ
നർത്തനങ്ങളാൽ മയിൽ
പ്പീലികളുലയട്ടെ.

വാക്കുകൾ വിളയട്ടേ
ചാരിതാർത്ഥ്യമായ് വന്നു
വാർത്തെടുക്കട്ടേ നവ്യ
ലോകവും സന്തോഷവും

ഭദ്രമായുറങ്ങട്ടേ
പിഞ്ചുകുഞ്ഞുങ്ങൾ, പൂർവ
പുണ്യമായ് വയോധികർ
തൃപ്തരായിരിക്കട്ടെ

നാടിനു നിരന്തരം
ശ്രീ പുലരട്ടേ നാടിൻ
സേവകർ സത്യത്തിന്റെ
പാതയിൽ ചരിക്കട്ടെ.

വിസ്മയങ്ങളായ് പൂത്തു
നിൽക്കട്ടേ പ്രകൃതിയും
പ്രാണനും ജീവൻ നൽകു
മമ്മയും പിതാവുമായ്

രാജ്യഭാരങ്ങൾ പേറും
കൈകളിൽ കറവിഴും
പാപകർമ്മങ്ങൾ വരാ
തേവരും ചരിക്കട്ടേ.

ഈ പ്രപഞ്ചമെന്നെന്നും
ശാന്തിയാൽ അഹിംസയാൽ
പാരതന്ത്ര്യത്തിൻ ശാപ .
ഭീതിയെ ജയിക്കട്ടെ.

By ivayana