രചന : ജോളി ഷാജി. ✍

സ്ത്രീത്വം അതവളുടെ
അവകാശമാണ്…
അതിനുവേണ്ടി അവൾ
പൊരുതേണ്ടതുണ്ടോ…
ആവശ്യമില്ല…!
കാലം അവളിൽ
ചാർത്തിയ മുദ്രയാണ്
അവളുടെ മാറിടങ്ങൾ…
അത് ഭദ്രമായി
കൊണ്ടുനടക്കേണ്ടത്
അവളുടെ ആവശ്യമാണ്..
അവളുടെ നഗ്നതയെ
കഴുകൻ കണ്ണുകൾകൊണ്ട്
കൊത്തിപ്പറിക്കാൻ
ആർക്കും അവകാശമില്ല..
അവളുടെ കണ്ണുകളിൽ വശീകരണ ശക്തി നിങ്ങൾ തിരിച്ചറിഞ്ഞോ.. എങ്കിൽ അതവളുടെ തെറ്റല്ല നിങ്ങളുടെ ചിന്തകളുടെ കുഴപ്പമാണ്..
വെറും സൗഹൃദം മാത്രമായിരുന്നു അവളിൽ പ്രണയമെന്ന വിത്ത് പാകി മുളപ്പിച്ചതിൽ അവൾ മാത്രമാണോ തെറ്റുകാരി…
പെണ്ണല്ലേ ശ്രദ്ദിക്കേണ്ടത് എന്നതിൽ എന്തിരിക്കുന്നു ശ്രദ്ധ രണ്ടാളിലും തുല്യമാവേണ്ടേ…
ആധുനിക കാലം മുതൽ സ്ത്രീയെ ചവിട്ടിയരച്ചു ഒരു നികൃഷ്ട ജീവിയായി മാറ്റിനിർത്തുന്നവർ ഓർക്കാതെ പോകുന്ന ചിലതൊക്കെയുണ്ട്…
നീ വന്നവഴി…
ഉദരത്തിൽ കുരുത്ത ജീവനെ കാത്തു പരിപാലിച്ചു കൊണ്ടുനടന്നു വേദന ഏറെ സഹിച്ചു ചോരവാർന്നു പ്രസവിച്ചത് ഒരു സ്ത്രീയാണ്…
നിന്നെ പ്രസവിച്ചപ്പോൾ അവൾക്ക് കിട്ടിയ വയറിലെയും തുടയിലെയും വടുക്കളെ മായ്ക്കാൻ അവൾ എത്ര പാടു പെടുന്നുണ്ടെന്നോ..
കാമക്കണ്ണുകൾക്കൊണ്ട് നീ അളന്നെടുത്ത അവളുടെ മുലകൾ ആണ് ആദ്യമായി നിനക്ക് ഉണർവ്വ് പകർന്ന ജീവാമൃതം ചൊരിഞ്ഞത്..
നീ കടിച്ചു കീറാൻ വെമ്പുന്ന ചുണ്ടുകളാണ് നിന്റെ കൊച്ച് വാശികളെ പോലും ചുംബനം കൊണ്ട് മായ്ച്ചു കളഞ്ഞത്…
ഒരിക്കൽ എങ്കിലും നീ അവളുടെ തലോടൽ കൊതിച്ചിട്ടുണ്ടാവില്ലേ…
ചുട്ടുപൊള്ളുന്ന പനിചൂടിൽ നീ പുളഞ്ഞപ്പോൾ അവളുടെ സ്നേഹത്തോടുള്ള ചുംബനത്തിൽ നിന്നിലെ ചൂട് ശമിച്ചിട്ടില്ലേ…
എപ്പോളെങ്കിലും ഒറ്റപ്പെടൽ നിന്നെ വേദനിപ്പിച്ചപ്പോൾ അവൾ നിനക്ക് കൂട്ടായി വന്നിട്ടില്ലേ…
തളർന്നുവീണേക്കാം എന്ന ഏതെങ്കിലും അവസരത്തിൽ അവൾ നിന്നെ താങ്ങി നിർത്തിയിട്ടുണ്ടാവില്ലേ..
എന്നിട്ടും നീ അവൾക്ക് നീ കല്പിച്ചു നൽകിയ നാമം സ്ത്രീ എന്നും വെറും സ്ത്രീ തന്നെയാണ് എന്ന്..
വീർത്ത വയറും ചുമന്ന് നടക്കുന്ന പേറ്റ് യന്ത്രം മാത്രമാണ് സ്ത്രീയെന്ന ചിന്ത നിന്നെ പിടിമുറുക്കുന്നു എങ്കിൽ ഓർത്തുകൊൾക നിനക്ക് കിട്ടാതെ പോയ ഏറ്റവും വലിയ അനുഗ്രഹമാണ് അവളുടെ സ്ത്രീത്വം….!!

By ivayana